മൈ സ്കൂളിലൂടെ മലയാള സിനിമയിലേക്ക്
Saturday, November 25, 2017 8:05 PM IST
മലയാളസിനിമയിലേക്ക് സ്വപ്നതുല്യമായ തുടക്കം. മലയാളത്തിന്റെ അഭിനയപ്രതിഭ മധുവിനൊപ്പം മലയാളസിനിമയിൽ അരങ്ങേറ്റം കുറിക്കാനായതിന്റെ സന്തോഷത്തിലാണ് കാഞ്ഞിരപ്പള്ളിക്കാരൻ സുനിൽ. പപ്പൻ പയറ്റുവിള സംവിധാനം ചെയ്ത മൈ സ്കൂൾ എന്ന ചിത്രത്തിൽ മധുവിനൊപ്പം ഏറെ പ്രാധാന്യമുള്ള ഒരു കഥാപാത്രത്തെ അവതരിപ്പിക്കാൻ കഴിഞ്ഞതിന്റെ ആഹ്ലാദത്തിലാണ് സുനിൽ കാഞ്ഞിരപ്പള്ളി. കാലങ്ങൾക്കു ശേഷം നടി ദേവയാനി മലയാളത്തിലേക്കു തിരിച്ചെത്തുന്നു എന്ന പ്രത്യേകത കൂടിയുണ്ട് ഈ ചിത്രത്തിന്. ഇക്കഴിഞ്ഞ ദിവസം തിയറ്ററുകളിലെത്തിയ മൈ സ്കൂളിൽ ഒരു മാതൃകാ അധ്യാപകന്റെ വേഷം ചെയ്തുകൊണ്ടു മലയാളസിനിയിലെത്തിയ സുനിൽ കാഞ്ഞിരപ്പള്ളിയുടെ സിനിമാ-കുടുംബ വിശേഷങ്ങളിലേക്ക്...
അഭിനയ പാരന്പര്യം
പിതാവും അധ്യാപകനുമായ കെ.ജെ. മത്തായി സംവിധാനം ചെയ്ത മോഹങ്ങൾ നഷ്ടപ്പെട്ടവർ എന്ന നാടകത്തിൽ ബാലതാരമായി അഭിനയച്ചു കൊണ്ടാണ് ഈ രംഗത്ത് തുടക്കം കുറിച്ചത്. അന്ന് വെറും ഏഴു വയസു മാത്രമായിരുന്നു പ്രായം. പിന്നീട് ദുബായിയിൽ ആശുപത്രി റിസപ്ഷനിസ്റ്റായി ജോലി ചെയ്യുന്പോൾ അവിടത്തെ ചില മലയാളം ചാനലുകൾ സംപ്രേഷണം ചെയ്ത രണ്ടു സീരിയലുകളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. നാട്ടിൽ മടങ്ങിയെത്തിയ ശേഷം പ്രമുഖ ചാനൽ സംപ്രേക്ഷണം ചെയ്ത, നടി ഗീത മുഖ്യവേഷത്തിലെത്തിയ സ്ത്രീത്വം എന്ന മെഗാസീരിയലിൽ സർക്കിൾ ഇൻസ്പെക്ടറുടെ വേഷത്തിൽ എത്തിയതോടെയാണ് ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. ഒന്നര വർഷത്തോളം ഈ സീരിയലിലൂടെ സുനിൽ മലയാളി പ്രേക്ഷകരുടെ മുന്നിലെത്തി.
മൈ സ്കൂളിലേക്ക്
സ്ത്രീത്വത്തിലെ പോലീസ് വേഷമാണ് മൈ സ്കൂളിലെത്തിച്ചത്. സ്ത്രീത്വത്തിലെ അഭിനയം കണ്ടിട്ടാണ് മൈ സ്കൂളിന്റെ നിർമാതാവ് ജഗദീഷ് ഈ സിനിമയിലേക്കു വിളിച്ചത്. ഒരു സർക്കാർ സ്കൂളിലെ മാതൃകാ അധ്യാപകന്റെ വേഷം. സിനിമയിൽ ഏറെ പ്രാധാന്യമുള്ള കഥാപാത്രം.
മൈ സ്കൂൾ
അധ്യാപകരും കുട്ടികളും രക്ഷിതാക്കളും ഒരു കുടുംബത്തിലെ അംഗങ്ങളെപ്പോലെ കഴിയുന്ന ഒരു സ്കൂൾ. അടച്ചുപൂട്ടൽ ഭീഷണി കൂടി നേരിടേണ്ടി വരുന്ന ഒരു സാധാരണ സർക്കാർ സ്കൂളിന്റെ കഥ കൂടിയാണ് മൈസ്കൂൾ. ഒപ്പം നമ്മുടെ നാട് കുറച്ചു കാലമായി നേരിടുന്ന തെരുവുനായ പ്രശ്നവും സിനിമ ഗൗരവമായി ചർച്ച ചെയ്യുന്നു.
മധു എന്ന മഹാനടൻ
ഒരു പ്രഗത്ഭനായ ഡോക്ടറുടെ വേഷത്തിലാണ് മധു മൈ സ്കൂളിലെത്തുന്നത്. സ്കൂൾ കുട്ടിയെ ബാധിച്ചിരിക്കുന്നതു പേവിഷമാണെന്നു കണ്ടെത്തുന്ന ഡോക്ടർ. കഥയിൽ വഴിത്തിരിവുണ്ടാക്കുന്ന കഥാപാത്രമാണിത്.
ദേവയാനിക്കൊപ്പം
കുഞ്ഞുപ്രായത്തിൽ സ്വന്തം മകനെ നഷ്ടപ്പെട്ട ഒരമ്മയാണ് ദേവയാനി അവതരിപ്പിക്കുന്ന അധ്യാപികയുടെ കഥാപാത്രം. അവർ കുട്ടികൾക്ക് അധ്യാപിക മാത്രമായിരുന്നില്ല, പല സന്ദർഭത്തിലും അവരുടെ അമ്മയുമാണ്. അതിൽ ദേവയാനിയുടെ കഥാപാത്രം ഏറെ സ്നേഹിച്ച വിദ്യാർഥിയാണ് പേവിഷബാധയേറ്റ് മരണത്തിനു കീഴ്പെടുന്നത്. ടീച്ചറുടെ ജീവിതത്തിലെ രണ്ടാമത്തെ ദുരന്തമായി അതു മാറുന്നു. അതിഗംഭീരമായാണ് ദേവയാനി ഈ വേഷം ചെയ്തിരിക്കുന്നത്.
സഹതാരങ്ങൾ
മധു, ദേവയാനി എന്നിവർക്കു പുറമെ തമിഴ് നടൻ രഞ്ജിത്ത് (പ്രിയാ രാമന്റെ ഭർത്താവ്), രമേഷ് പേരടി, ഷാനവാസ് നസീർ തുടങ്ങിയവരും അഭിനയിക്കുന്നു. ചിത്രീകരണം നടന്ന തിരുവനന്തപുരം കോവളം എന്നിവിടങ്ങളിൽ നിന്നുള്ള കുട്ടികളാണ് വിദ്യാർഥികളായി വേഷമിട്ടിരിക്കുന്നത്.
കുടുംബം
ചിറക്കടവ് കുന്നപ്പള്ളിൽ പരേതരായ കെ.ജെ. മത്തായിയുടെയും ത്രേസ്യാമ്മയുടെയും അഞ്ചു മക്കളിൽ ഇളയ ആൾ. ഭാര്യ: മിനി. മക്കൾ: ശ്രേയസ് (ബി.കോം വിദ്യാർഥി), തേജസ് (പ്ലസ് വണ് വിദ്യാർഥിനി). പാലാ പൈകയിൽ ശ്രേയസ് ഇൻഡസ്ട്രീസ്, കുന്നപ്പള്ളിൽ ചൂരൽ ഫർണിച്ചർ എന്നീ സ്ഥാപനങ്ങൾ നടത്തിവരികയാണ്.
പ്രദീപ് ഗോപി