മികവിന്‍റെ അഞ്ജലി ടച്ച്
"ഉത്തരവാദിത്വം അഭിനയിക്കുക എന്നതാണ്. അത് ഒരു സീനാണെങ്കിലും നൂറു സീനാണെങ്കിലും ചെയ്യണം. നമ്മളെ വിശ്വസിച്ച് ഒരു കഥാപാത്രം തരുന്പോൾ അതിനെ പൂർണ ഉത്തരവാദിത്വത്തോടെയാണ് ചെയ്യുകയാണ് വേണ്ടത്. തേടി വരുന്ന കഥാപാത്രങ്ങളെ എത്രത്തോളം മികച്ചതാക്കാം എന്നതാണ് ഞാൻ ശ്രദ്ധിക്കാറുള്ളത്.’ സിനിമയിൽ തന്‍റെ കഥാപാത്ര തെരഞ്ഞെടുപ്പിനെക്കുറിച്ച് അഞ്ജലി പറയുകയാണ്. സഹോദരിയായും മകളായും കൂട്ടുകാരിയായും അമ്മയായും പ്രായമേറിയ സ്ത്രീ കഥാപാത്രങ്ങളുമൊക്കെയായി ഇന്നു മലയാളത്തിൽ സ്വഭാവ നടിമാരുടെ പട്ടികയിൽ മുൻപന്തിയിലാണ് അഞ്ജലി. തന്‍റെ ഓരോ കഥാപാത്രങ്ങളിലും അഞ്ജലി ടച്ച് കൊണ്ടുവരാൻ ഈ കലാകാരിക്കു കഴിഞ്ഞിരിക്കുന്നു. കൂടാതെ ചെറിയ കാലയളവിൽ തന്നെ വൈവിധ്യമാർന്ന നിരവധി കഥാപാത്രങ്ങളിലൂടെ മലയാളികളുടെ ഇഷ്ടവും നേടിയിരിക്കുകയാണ് ഈ അഭിനേത്രി. അതിൽ ചെറുതും വലുതുമായ നിരവധി വേഷവിധാനങ്ങൾ. ഒപ്പം പുരസ്കാര നേട്ടങ്ങളും. തന്‍റെ സിനിമ യാത്രയെക്കുറിച്ച് അഞ്ജലി പറയുന്നു...

ആകസ്മിക തുടക്കം

എന്‍റെ ജീവിതത്തിലൊന്നും ഞാനിതുവരെ പ്ലാൻ ചെയ്തിട്ടില്ല. എന്‍റെ സുഹൃത്തുക്കൾ അന്പലപ്പറന്പിൽ വെച്ചു എന്നെ കാണാനിടയായതും അവരിലൂടെ ധർമ്മജൻ, രമേഷ് പിഷാരടി തുടങ്ങിയവരുടെ ഒന്നു രണ്ടു ടിവി പ്രോഗ്രാമിന്‍റെ ഭാഗമാവുകയുമായിരുന്നു. അവിടെവെച്ചാണ് ബേബി അനിഖയുടെ അച്ഛനുമായി പരിചയപ്പെടുന്നത്. അദ്ദേഹം മോഡൽ കോർഡിനേറ്ററായിരുന്നു. അതിലൂടെയാണ് പരസ്യ മേഖലയിലേക്കെത്തുന്നത്. അതു തമിഴ് സിനിമയിലേക്കു നായികയായി അവസരങ്ങൾ തുറന്നു തന്നു. തമിഴിൽ മൂന്നുനാലു സിനിമ ചെയ്തു നിർത്തി സെറ്റിലാകാനായിരുന്നു പ്ലാൻ. എന്‍റെ കല്യാണത്തിനു കുറച്ചു ദിവസം മുന്പാണ് പ്രൊഡക്ഷൻ കണ്‍ട്രോളർ ഡിക്സൻ പൊടുത്താസ് വിളിക്കുന്നത്. സീനിയേഴ്സിൽ ചാക്കോച്ചന്‍റെ സഹോദരിയുടെ വേഷത്തിലേക്കു വേണ്ടി. പിന്നീട് കല്യാണത്തിനു ശേഷം വെനീസിലെ വ്യാപാരിയിൽ കാവ്യയുടെ കൂട്ടുകാരിയുടെ വേഷം ചെയ്തു. അപ്പോഴേക്കും ഞാൻ പ്രെഗ്നന്‍റ് ആയി. പിന്നീട് സിനിമയെല്ലാം വിട്ടു.

മലയാളത്തിലേക്ക്

മോളായതിനു ശേഷം ഒരു പരസ്യം ചെയ്തിരുന്നു. അതിന്‍റെ കാമറമാനായിരുന്നു ആൽബി. എന്നെ കണ്ടിട്ട് ഉടൻ തന്നെ അഞ്ചു സുന്ദരികളിലെ സേതുലക്ഷ്മിയുടെ സംവിധായകൻ ഷൈജു ഖാലിദിനെ വിളിച്ചു. ആ സിനിമയിൽ അമ്മയും കുഞ്ഞും വേണം. മോൾക്ക് അന്ന് എട്ടുമാസമാണ് പ്രായം. മോൾക്കൊരു എൻട്രിയാകുമല്ലോ എന്നോ ർത്തിട്ടാണ് അതിൽ അഭിനയിക്കുന്നത്. പിന്നീടിങ്ങോട്ട് 64 ചിത്രങ്ങൾ ചെയ്തു. ഇതൊക്കെ എങ്ങനെസംഭവിച്ചു എന്നറിയില്ല. ഒരു ഒഴുക്കിൽ ഇങ്ങുവരെയെത്തി. നായികയായും പ്രായമുള്ള വേഷമായും തുടങ്ങി വൈവിധ്യമാർന്ന നിരവധി കഥാപാത്രങ്ങളുടെ ഭാഗമാകാൻ സാധിച്ചു. ഇനി വരാൻ പോകുന്ന ന്ധകളം’ എന്ന ചിത്രത്തിൽ പത്തൊൻപതു വയസുള്ള പട്ടുപാവാടയിടുന്ന പെണ്‍ കുട്ടിയുടെ വേഷത്തിലാണ് എത്തുന്നത്. ടൈപ്കാസ്റ്റ് ചെയ്യാതെ ഇത്രയേറെ സിനിമകൾ ചെയ്യാൻ സാധിച്ചത് ഭാഗ്യമാണ്. ഇത്രയും സിനിമകൾ ചെയ്തിട്ടും പുലിമുരുകനിൽ ഒരു സീനിലെത്തുന്ന അമ്മ വേഷം നൽകിയ ഇംപാക്ട് വളരെ വലുതാണ്. അതുപോലെ ഒപ്പത്തിലെ ലാലേട്ടന്‍റെ സഹോദരിയുടെ വേഷം, ബെന്നിലെ ഗൗരവിന്‍റെ അമ്മ വേഷം തുടങ്ങിയവ പ്രേക്ഷകരിൽ നിന്നും നേരിട്ട് പ്രതികരണം കിട്ടിയവയാണ്. ഇത്തരം കഥാപാത്രങ്ങൾ ശ്രദ്ധിക്കപ്പെടുന്നു എന്നത് സന്തോഷമാണ്. അതുകൊണ്ടാണ് ഒരു സീനിലായാലും ഞാൻ അഭിനയിക്കുന്നത്.

തമിഴിലേക്കുള്ള തുടക്കം

പരസ്യങ്ങൾ ചെയ്യുന്ന സമയത്താണ് തമിഴിലേക്ക് അവസരങ്ങൾ കിട്ടുന്നത്. എനിക്കു തമിഴ് ഭാഷ ഒട്ടും പിടിയില്ല. പിന്നെ മൂന്നുമാസത്തോളം അതിനു വേണ്ടി തയ്യാറെടുത്തിരുന്നു. ആദ്യ സിനിമ ചെയ്ത ഉടൻ തന്നെ മറ്റവസരങ്ങളും തുറന്നു കിട്ടി. ആ വർഷം മൂന്നു തമിഴ് ചിത്രങ്ങൾ ഞാൻ ചെയ്തിരുന്നു. തൊട്ടടുത്ത വർഷം ഒരു ചിത്രം കൂടി ചെയ്തുകഴിഞ്ഞ് കല്യാണത്തിനായി തിരിച്ചിങ്ങു പോന്നു. അതു പിന്നീട് മലയാളത്തിലേക്കൊരു തുടക്കമായി മാറി.

അമ്മ വേഷത്തിൽ

കമ്മട്ടിപ്പാടത്തിൽ എന്നെ ദുൽഖറിന്‍റെ അമ്മ വേഷത്തിലേക്കു വിളിക്കുന്പോൾ ഞാൻ ചിന്തിക്കുന്നത് അതു രാജീവ് രവി സാറിന്‍റെ സിനിമയാണെന്നത് മാത്രമാണ്. എന്‍റെ മനസിൽ ലജന്‍റ് എന്നു കരുതുന്ന ഒരു സംവിധായകൻ എനിക്കു മൂന്നു കാലഘട്ടത്തിലെ ഒരു കഥാപാത്രത്തെ തരുന്പോൾ അതിനെ മികച്ചതാക്കാനാണ് ഞാൻ ശ്രമിക്കുന്നത്. അമ്മയായി എനിക്കും മകനായി ദുൽഖറിനും അതു കണ്‍വിൻസിംഗായിരുന്നു. ചിത്രം തിയറ്ററിലെതതിയപ്പോൾ തൊണ്ണൂറു ശതമാനം പ്രേക്ഷകരും അതു സ്വീകരിച്ചു എന്നതാണ് സത്യം. ആ സിനിമ കണ്ടിട്ടാണ് വി.എം. വിനു സാറിന്‍റെ മറുപടിയിൽ 60 വയസുള്ള ഒരു മദർ സുപ്പീരിയറായി അഭിനയിക്കാൻ വിളിക്കുന്നത്. അതിലും മൂന്നു കാലഘട്ടത്തിലൂടെയുള്ളൊരു കഥാപാത്രമായിരുന്നു. സിനിമയിൽ ഇത്ര അനുഭവമുള്ള സംവിധായകർ നമുക്കായി വേഷം തരുന്പോൾ അതിനെ ഒരു റിസ്ക് എന്നതിനുമപ്പുറത്ത് ഉത്തരവാദിത്വമായും അംഗീകാരമായുമാണ് ഞാൻ കാണുന്നത്. എന്നാൽ ഇതിനിടയിലും പ്രായം കുറഞ്ഞ കഥാപാത്രങ്ങളും ഏറെ ചെയ്യാൻ സാധിക്കുന്നുണ്ട്.


സംസ്ഥാന പുരസ്കാരം

ഒരിക്കലും അത്തരമൊരു നേട്ടം പ്രതീക്ഷച്ചിട്ടില്ല. അങ്ങനൊരു സ്റ്റേജിൽ ചെല്ലാൻ സാധിക്കുമെന്നും കരുതിയിട്ടില്ല. ബെൻ ചെയ്യുന്ന സമയത്തും പലരും പറയുമായിരുന്നു അഞ്ജലിക്കും ഗൗരവിനും പുരസ്കാരങ്ങൾ കിട്ടുമെന്ന്. അപ്പോഴും ഞാൻ പറഞ്ഞത് ഗൗരവിനു കിട്ടും, എന്നെ അങ്ങു വിട്ടേക്കെന്നാണ്. കാരണം ഞാനൊരു തുടക്കക്കാരിയാണ്. ഡാൻസ് പഠിച്ചതിന്‍റെ പശ്ചാത്തലത്തിൽ അഭിനയിക്കുന്നതാണ്. എന്‍റെ സുഹൃത്തുക്കളുടെ നിർബന്ധ പ്രകാരം ഈ മേഖലയിലെത്തിയ ആളാണ് ഞാൻ. പിന്നെ ഇതൊക്കെ സംഭവിക്കുന്നതാണ്.

ന്യുജൻ തരംതിരിവ്

എനിക്ക് അത്തരമൊരു തരംതിരവ് നേരിടേണ്ടി വന്നിട്ടില്ല എന്നതാണ് വാസ്തവം. ഒരേ സമയം ഓഫ് ബീറ്റ് സിനിമകളുടെ ഭാഗമാകുന്പോഴും കൊമേഴ്സ്യൽ സിനിമകളിലും അഭിനയിക്കാൻ അവസരങ്ങൾ കിട്ടുന്നു. എല്ലാത്തരം സിനിമയിലേക്കും വിളിക്കുന്നുണ്ട്. പിന്നെയും ഡേറ്റിന്‍റെ പ്രശ്നം കൊണ്ടു മാത്രമാണ് ചില സിനിമയിൽ നിന്നും മാറിനിൽക്കേണ്ടി വരുന്നത്.

സിനിമയും കുടുംബവും

അമ്മയും എന്‍റെ മോളും എപ്പോഴും കൂടെയുണ്ട്. അതുകൊണ്ട് ഷൂട്ടിംഗിനു പോകുന്പോൾ വലിയ പ്രശ്നമില്ല. മോൾക്കു നാലര വയസായി. ആവണി എന്നാണ് പേര്. ഹദിയ എന്ന ചിത്രത്തിൽ ഹദിയ എന്ന ടൈറ്റിൽ കഥാപാത്രമായി അവളാണ് അഭിനയിച്ചത്.

എനിക്കൊരു സഹോദരനുണ്ട്. ഞങ്ങൾ ഇരട്ടക്കുട്ടികളാണ്. അജയ് എന്നാണ് പേര്. ആട് ഒരു ഭീകര ജീവി എന്ന ചിത്രത്തിലഭിനയിച്ചിരുന്നു. ഇപ്പോൾ ഞാൻ പോലീസ് വേഷത്തിലെത്തുന്ന പ്രേതമുണ്ട് സൂക്ഷിക്കുക എന്ന ചിത്രത്തിലും അവൻ ഒരു വേഷം ചെയ്യുന്നുണ്ട്. അച്ഛൻ നേരത്തെ ബിസിനസ് ചെയ്തിരുന്നു. ഇപ്പോൾ വീട്ടിലാണ്. പേര് ഗിരിധർ. അമ്മ ഉഷ.

അന്യഭാഷകളിൽ നിന്നും

തെലുങ്കിൽ നിന്നും തമിഴിൽ നിന്നും നിരവധി ചിത്രങ്ങളിലേക്കു വിളിക്കുന്നുണ്ട്. തമിഴിൽ രണ്ടു മാസം മുന്പാണ് ഞാൻ നായികയായി അഭിനയിച്ച ആശ്ചര്യക്കുറി എന്ന ചിത്രം പൂർത്തിയാക്കിയത്. ഏപ്രിൽ- മേയ് മാസം ആ ചിത്രം റിലീസ് ചെയ്യും. ബെൻ പോലെ നല്ലൊരു കഥാപാത്രമാണത്. ഒരു ഫീമെയിൽ ഓറിയന്‍റഡ് ചിത്രം. തമിഴിൽ ഞാൻ അഞ്ചു സിനിമകളാണ് ചെയ്തിട്ടുള്ളത്. അതിന്‍റെ ഒരു ബേസ് കിടക്കുന്നതുകൊണ്ടു തന്നെയാണ് നിരവധി ഓഫർ ഇപ്പോഴും വരുന്നത്.

ചക്കരമാവിൻ കൊന്പത്ത്

ഈ ചിത്രത്തിൽ എന്‍റെ കഥാപാത്രത്തിന്‍റെ പേര് ജയശ്രീ എന്നാണ്. ഗൗരവിന്‍റെ അമ്മ വേഷത്തിലെത്തുന്ന മൂന്നാമത്തെ ചിത്രമാണിത്. ഹരിശ്രീ അശോകൻ ചേട്ടന്‍റെ ഭാര്യയായിട്ടാണ് അഭിനയിക്കുന്നത്. മകനെ ഏറെ സ്നേഹിക്കുന്ന ഒരു അമ്മ വേഷമാണ് ചിത്രത്തിലുള്ളത്. ഈ ചിത്രത്തിന്‍റെ കഥാപാത്രത്തിനേക്കാൽ അതു പറഞ്ഞു പോകുന്ന വിഷയമാണ് പ്രാധാന്യം. കുട്ടികളിലൂടെ വലിയൊരു ചിന്തയാണ് ചിത്രം നൽകുന്നത്.

പുതിയ ചിത്രങ്ങൾ

ഭാവന നായികയാകുന്ന വിളക്കുമരം ഉടൻ തിയറ്ററിലെത്തും. അതിൽ ഒരു മുഴുനീള വക്കീൽ വേഷമാണ് ചെയ്തിരിക്കുന്നത്. ടേക്ക് ഓഫിൽ ചാക്കോച്ചന്‍റെ സഹോദരിയായി വീണ്ടുമെത്തുന്നു. നിവിൻ പോളിയുടെ സഖാവ്, കളം ഇവയൊക്കെ റിലീസിംഗിനു തയ്യാറാകുന്ന ചിത്രങ്ങളാണ്. അന്ധയായ കുട്ടിയുടെ അമ്മ വേഷം ചെയ്യുന്ന ഉൾക്കാഴ്ച, ചക്കര മാവിൻ കൊന്പത്ത്, പിന്നെ ഒമറിന്‍റെ ചങ്ക്സ്, ഷൈൻ ടോമിന്‍റെ സഹോദരൻ നായകനാകുന്ന ചിത്രം, ഷേഡ്സ് ഓഫ് നൈറ്റ്സ് തുടങ്ങിയവയാണ് പുതിയ ചിത്രങ്ങൾ.

സൂപ്പർ താര ചിത്രങ്ങളിലും

മമ്മൂക്ക, ലാലേട്ടൻ, ദിലീപേട്ടൻ തുടങ്ങിയ എല്ലവർക്കുമൊപ്പം വർക്കു ചെയ്തിട്ടുണ്ട്. ജയറാമേട്ടൻ, സുരേഷേട്ടൻ എന്നിവർക്കൊപ്പം വർക്കു ചെയ്തിട്ടില്ല.

ലിജിൻ കെ. ഈപ്പൻ