അതിരപ്പിള്ളി: കാലാവസ്ഥ പ്രതിസന്ധിയുടെ അതിരൂക്ഷമായ പ്രശ്നങ്ങളുയർത്തി വാഴച്ചാലിൽ നിന്നും അതിരപ്പിള്ളിയിലേക്ക് ക്ലൈമറ്റ് മാർച്ച് നടത്തി. പീപ്പിൾസ് ക്ലൈമറ്റ് ആക്ഷൻ കേരളം, ചാലക്കുടി റിവർ പ്രൊട്ടക്ഷൻ ഫോറം എന്നീ കൂട്ടായ്മകളുടെ നേതൃത്വത്തിലാണ് ക്ലൈമറ്റ് മാർച്ച് സംഘടിപ്പിച്ചത്.
പുഴകൾക്കുവേണ്ടിയും പരിസ്ഥിതിക്കുവേണ്ടിയും പ്രവർത്തിച്ച് അകാലത്തിൽ അന്തരിച്ച ഡോ. ലതയുടെ ഓർമകൾക്ക് മുന്നിൽ പ്രണാമമർപ്പിച്ചുകൊണ്ടാണ് ഡോ. ലതയുടെ ഏഴാം ചരമവാർഷിക ദിനത്തിൽ ക്ലൈമറ്റ് മാർച്ച് സംഘടിപ്പിച്ചത്.
സനീഷ്കുമാർ ജോസഫ് എംഎൽഎ ഡോ. ലത അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി പ്രവർത്തകൻ സി.ആർ. നീലകണ് ഠൻ അധ്യക്ഷത വഹിച്ചു. സം വിധായകൻ പ്രിയനന്ദനൻ, കാലാവസ്ഥ ശാസ്ത്രജ്ഞൻ ഡോ. എസ്. അഭിലാഷ്, വാഴച്ചാൽ ഊര് മൂപ്പത്തി ഗീത വാഴച്ചാൽ, എസ്പി രവി, ആന്റോ ഏലിയാസ്, പ്രഫ. കുസുമം ജോസഫ്, വി.വി. രാജശ്രീ എന്നിവർ പ്രസംഗിച്ചു.
തുടർന്ന് വാഴച്ചാലിൽ നിന്ന് അതിരപ്പിള്ളിയിലേക്ക് ക്ലൈമറ്റ് മാർച്ച് നടത്തി. സനീഷ്കുമാർ ജോസഫ് എംഎൽഎ, ഊരു മൂപ്പത്തി ഗീത വാഴച്ചാൽ എന്നിവർ ചേർന്ന് ഫ്ലാഗ് ഓഫ് ചെയ്തു. തൃശൂർ ഫൈൻ ആർട്സ് കോളജ് വിദ്യാർഥികൾ തയാറാക്കിയ വേഴാമ്പലും കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട പോസ്റ്ററുകളും ക്ലൈമറ്റ് മാർച്ചിന് മാറ്റുകൂട്ടി. പരിസ്ഥിതി ഗാനങ്ങളും മുദ്രാവാക്യങ്ങളുമായി സ്കൂൾ, കോളജ് വിദ്യാർഥികളും പരിസ്ഥിതി പ്രവർത്തകരും മാർച്ചിൽ അണിനിരന്നു.
ശരത് ചേലൂർ, വിനിത ചോലയാർ, റൂബിൻ ലാൽ, പ്രശാന്ത് അതിരപ്പിള്ളി, എം. മോഹൻദാസ്, അഡ്വ. ജെന്നിഫർ, അഡ്വ. ബിജു എസ്. ചിറയത്ത്, യു.എസ്. അജയകുമാർ, രവി വർമ, എൽസി അന്നനാട്, സുരേഷ് മുട്ടത്തി, എസ്.എം. വിജയകുമാർ എന്നിവർ നേതൃത്വം നൽകി.