വിദര്‍ഭയ്ക്ക് മൂന്നാം രഞ്ജി
Monday, March 3, 2025 3:26 AM IST
നാഗ്പുർ: രഞ്ജി ട്രോഫിയില്‍ കന്നിക്കിരീടമെന്ന കേരളത്തിന്റെ ചിരകാല സ്വപ്നസാഫല്യത്തിനുള്ള കാത്തിരിപ്പ് തുടരും. നാഗ്പുരിലെ വിസിഎ സ്റ്റേഡിയത്തില്‍ നാലാംദിവസത്തിന്റെ ആദ്യസെഷന്വരെ ഇരുപക്ഷത്തേക്കും തിരിയുമായിരുന്ന രീതിയില്‍ മത്സരഗതി എത്തിച്ചശേഷമാണ് കന്നിഫൈനലില്‍ സച്ചിന് ബേബിയുടെ നേതൃത്വത്തിലുള്ള കേരളത്തിന്റെ വീരോചിത കീഴടങ്ങല്‍.
കളിയുടെ അഞ്ചാം ദിവസമായ ഇന്നലെ ലഞ്ചിനുശേഷവും രണ്ടാം ഇന്നിംഗ്സ് തുടര്‍ന്ന വിദര്‍ഭ ഒമ്പതിന് 375 റണ്‍സ് എന്ന നിലയിലെത്തിയപ്പോള്‍ സമനിലയ്ക്കു കേരളം വഴങ്ങുകയായിരുന്നു. ആദ്യ ഇന്നിംഗ്സിലെ 37 റണ്‍സിന്റെ ലീഡിന്റെ ബലത്തില്‍ മൂന്നാംതവണയും വിദര്‍ഭ രഞ്ജി കിരീടത്തില്‍ മുത്തമിട്ടു.
ആദ്യ ഇന്നിംഗ്സില്‍ 153ഉം രണ്ടാം ഇന്നിംഗ്സില്‍ 73 റണ്‍സും നേടി ടീമിനെ സുരക്ഷിത നിലയിലെത്തിച്ച വിദര്‍ഭയുടെ ഡാനിഷ് മലേവറാണ് മാന്‍ ഓഫ് ദ മാച്ച്. രഞ്ജി സീസണില്‍ 69 വിക്കറ്റുകളും 476 റണ്‍സും നേടിയ വിദര്‍ഭയുടെ ഇരുപത്തിരണ്ടുകാരന് ഓള്‍റൗണ്ടര്‍ ഹര്‍ഷ് ദുബെയാണ് പ്ലയര്‍ ഓഫ് ദ സീരിസ്. സ്കോർ: വിദർഭ 379, 375/9. കേരളം 342.
കഴിഞ്ഞവര്‍ഷം മുംബൈയോടു പരാജയപ്പെട്ടതോടെ മണ്സൂണില്ത്തന്നെ തുടങ്ങിയ കഠിനാധ്വാനമാണ് കിരീടനേട്ടത്തില്‍ എത്തിച്ചതെന്ന് വിദർഭ ക്യാപ്റ്റന്‍ അക്ഷയ് വഡ്കര്‍ പ്രതികരിച്ചു.
പ്രൗഢമായ ഫൈനല്‍ മത്സരത്തില്‍ കളിക്കാനായതില്‍ എനിക്കും ടീമിനും അഭിമാനമുണ്ട് എന്നായിരുന്നു കേരള ക്യാപ്റ്റന്‍ സച്ചിന് ബേബിയുടെ പ്രതികരണം. ഇത് ആദ്യത്തെ ഫൈനല്‍ മത്സരമായിരുന്നു. അടുത്ത തവണ വിദര്‍ഭയ്ക്കു കൂടുതല്‍ വെല്ലുവിളി നേരിടേണ്ടിവരുമെന്നും ആത്മവിശ്വാസത്തോടെ സച്ചിന് പറഞ്ഞു.
അയ്യായിരത്തോളം വരുന്ന കാണികളുടെ വിദര്‍ഭ, വിദര്‍ഭ ആര്‍പ്പുവിളികള്‍ക്കിടെ ബിസിസി പ്രസിഡന്റും മുന്‍ ഇന്ത്യന്‍ താരവുമായ റോജര്‍ ബിന്നിയില്‍ നിന്ന് വിദര്‍ഭ ക്യാപ്റ്റന്‍ അക്ഷയ് വഡ്കര്‍ രഞ്ജി ചാമ്പ്യന്മാര്ക്കുള്ള വെള്ളിക്കപ്പ് ഏറ്റുവാങ്ങി.