ചാന്പ്യൻസ് ട്രോഫി: ഓസ്ട്രേലിയ- ദക്ഷിണാഫ്രിക്ക മത്സരം ഉപേക്ഷിച്ചു
Wednesday, February 26, 2025 12:33 AM IST
റാവൽപിണ്ടി: ചാന്പ്യൻസ് ട്രോഫി ഓസ്ട്രേലിയ- ദക്ഷിണാഫ്രിക്ക മത്സരം മഴമൂലം ഉപേക്ഷിച്ചു. ഒരു പന്തുപോലും എറിയാതെയാണ് ടൂർണമെന്റിലെ ഏഴാം മത്സരം ഉപേക്ഷിച്ചത്. ഇതോടെ ഇരുടീമുകൾക്കും ഓരോ പോയിന്റ് വീതം ലഭിച്ചു.
സെമിഫൈനൽ പ്രതീക്ഷകൾ ശക്തിപ്പെടുത്തുന്നതിന് ഇരുടീമുകൾക്കും ഇന്നലത്തെ മത്സരം നിർണായകമായിരുന്നു. മത്സരം നടക്കാതിരുന്നതിനാൽ ഗ്രൂപ്പിൽനിന്ന് ആര് സെമിയിൽ പ്രവേശിക്കുമെന്നറിയാൻ അവസാനമത്സരം വരെ കാത്തിരിക്കണം. നിലവിൽ ഗ്രൂപ്പ് ബിയിൽ ഓരോ മത്സരം വീതം ജയിച്ച ദക്ഷിണാഫ്രിക്കയും ഓസ്ട്രേലിയയും ഒന്നും രണ്ടും സ്ഥാനത്താണ്.
റാവൽപിണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തിൽ രണ്ടിന് ടോസ് നിശ്ചയിച്ചിരുന്നെങ്കിലും മഴ മൂലം വൈകി. ഉച്ചയ്ക്ക് 2.30നാണ് മത്സരം ആരംഭിക്കേണ്ടിയിരുന്നത്. 20 ഓവർ മത്സരംപോലും നടത്താനാവാത്ത സാഹചര്യത്തിൽ കളി ഉപേക്ഷിക്കാൻ തീരുമാനിക്കുകയായിരുന്നു.
ഗ്രൂപ്പിൽ മൂന്നും നാലും സ്ഥാനത്തുള്ള ഇംഗ്ലണ്ടും അഫ്ഗാനിസ്ഥാനും ഇന്ന് ഏറ്റുമുട്ടും. തോൽക്കുന്ന ടീം ടൂർണമെന്റിൽനിന്ന് പുറത്താകും. ഗ്രൂപ്പിലെ ആദ്യ രണ്ടു സ്ഥാനക്കാരാണ് സെമിയിലെത്തുക. അതുകൊണ്ടുതന്നെ നാലു ടീമുകൾക്കും ഇനിയുള്ള മത്സരങ്ങൾ നിർണായകമാണ്.
ദക്ഷിണാഫ്രിക്ക ആദ്യമത്സരത്തിൽ അഫ്ഗാനിസ്ഥാനെ 107 റണ്‍സിനു തകർത്തിരുന്നു.
ഓസ്ട്രേലിയയാകട്ടെ മുൻനിര പേസാക്രമണ താരങ്ങളുടെ അസാന്നിധ്യത്തിലും റിക്കാർഡ് ചേസിംഗിലൂടെ ഇംഗ്ലണ്ടിനെ തകർത്തു. 352 റണ്‍സ് വിജയലക്ഷ്യം കുറിച്ച ഇംഗ്ലണ്ടിന്റെ സ്കോർ 47.3 ഓവറിൽ ഓസീസ് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ മറികടന്നു.
വെള്ളിയാഴ്ച നടക്കുന്ന മത്സരത്തിൽ ഓസ്ട്രേലിയ അഫ്ഗാനിസ്ഥാനെ നേരിടും. ശനിയാഴ്ച ദക്ഷിണാഫ്രിക്ക ഇംഗ്ലണ്ടിനെയും നേരിടും. സെമിയോഗ്യതയ്ക്ക് ഈ മത്സരങ്ങൾ നിർണായകമാകും.