ഗോൾഡൻ ഗോകുലം
Wednesday, February 26, 2025 12:33 AM IST
ബംഗളൂരു: ഇന്ത്യൻ ഐ ലീഗ് ഫുട്ബോളിൽ ഗോകുലം കേരളയ്ക്ക് തകർപ്പൻ ജയം. ഐസ്വാളിന്റെ തട്ടകത്തിൽ പിന്നിൽനിന്നും തിരിച്ചടിച്ചാണ് ഗോകുലം ജയം നേടിയത്.
ഐസ്വാൾ രാജീവ് ഗാന്ധി സ്റ്റേഡിയത്തിൽ നടന്ന സമനിലയിൽ പിരിയുമെന്ന് ഉറപ്പിച്ച മത്സരത്തിൽ അവസാന ഇഞ്ചുറി ടൈമിൽ (90+5) മിനിറ്റിലാണ് ഗോകുലത്തിന്റെ വിജയ ഗോൾ പിറന്നത്.
17ാം മിനിറ്റിൽ സാമുവൽ ലാൽമുൻപൂയിയയാണ് ഗോകുലത്തിന്റെ വലകുലുക്കി ഐസ്വാളിനെ മുന്നിലെത്തിച്ചത്. ആദ്യ പകുതിയിലെ മുൻതൂക്കം ഐസ്വാളിന് രണ്ടാം പകുതിയിൽ നിലനിർത്താൻ സാധിച്ചില്ല. രണ്ടാം പകുതിയുടെ ആദ്യം തന്നെ 49ാം മിനിറ്റിൽ ഗോകുലത്തിന്റെ സിനിസ സ്റ്റാനിസ്വിക് സമനില ഗോൾ നേടി.
മത്സരം അവസാനിക്കാൻ സെക്കന്‍ഡുകൾ ബാക്കിയുള്ളപ്പോഴും 1-1 സമനിലയിലായിരുന്നു. എന്നാൽ അവസാന നിമിഷം തബിസോ ബ്രൗണ്‍ ഗോകുലത്തിനായി വിജയ ഗോൾ നേടി. 16 മത്സരങ്ങളിൽനിന്ന് 25 പോയിന്റുമായി പട്ടികയിൽ നാലാം സ്ഥാനത്താണ് ഗോകുലം കേരള. 16 മത്സരങ്ങളിൽനിന്ന് 11 പോയിന്റ് മാത്രമുള്ള ഐസ്വാൾ 11ാം സ്ഥാനത്താണ്.
ഗോവയിലെ പണ്ഡിറ്റ് ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന മറ്റൊരു മത്സരത്തിൽ ഡെംപോ സ്പോർട്സ് ക്ലബ്ബിനെ രണ്ടിനെതിരേ മൂന്ന് ഗോളുകൾക്ക് ശ്രീനിധി ഡെക്കാണ് പരാജയപ്പെടുത്തി. മത്സരത്തിന്റെ ആദ്യ പാദത്തിൽ രണ്ട് ഗോളുകൾക്ക് പിന്നിൽനിന്ന ശ്രീനിധി ഡെക്കാണ് ജുവാൻ കാസ്റ്റനെഡയുടെ ഇരട്ട ഗോളിലാണ് ജയം നേടിയത്. എട്ടാം മിനിറ്റിൽ മാർകസ് ജോസഫും ആദ്യ പകുതിയുടെ അധികസമയത്ത് ജുവാൻ മേരയും ഡെംപോസ്പോർട്സിനായി സ്കോർ ചെയ്തു.
രണ്ടാം പകുതിയുടെ തുടക്കത്തിൽതന്നെ ശ്രീനിധി തിരിച്ചടിക്ക് തുടക്കം കുറിച്ചു. 53, 59 മിനിറ്റുകളിൽ ജുവാൻ കാസ്റ്റനെഡ ഇരട്ട ഗോൾ നേടി മത്സരം സമനിലയിലാക്കി. 69ാം മിനിറ്റിൽ ബ്രാൻണ്ടൻ വാൻലറെംഡിക വിജയ ഗോളും നേടി. ശ്രീനിധി എട്ടാം സ്ഥാനതും ഡെംപോ സ്പോർട്സ് ക്ലബ് ഒന്‍പതാം സ്ഥാനത്തുമാണ്.