വനിത പ്രീമിയർ ലീഗ്: ഡൽഹിക്ക് ജയം
Wednesday, February 26, 2025 12:33 AM IST
ബംഗളൂരു: വനിത പ്രീമിയർ ലീഗ് ക്രിക്കറ്റ് പത്താം മത്സരത്തിൽ ഡൽഹിക്ക് ജയം. ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഗുജറാത്ത് ജയന്റ്സിനെ 29 പന്തുകൾ ശേഷിക്കേ ആറ് വിക്കറ്റിനാണ് ഡൽഹി പരാജയപ്പെടുത്തിയത്.
ടോസ് നേടിയ ഡൽഹി ക്യാപിറ്റൽസ് ക്യാപ്റ്റൻ മെഗ് ലാന്നിംഗ് ഫീൽഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റു ചെയ്ത ഗുജറാത്ത് 20 ഓവറിൽ ഒന്‍പത് വിക്കറ്റ് നഷ്ടത്തിൽ 127 റണ്‍സ് നേടി. മറുപടി ബാറ്റിംഗിൽ ഡൽഹി 15.1 ഓവറിൽ ലക്ഷ്യം കണ്ടു.
സ്കോർ: ഗുജറാത്ത് ജയന്റ്സ്: 20 ഓവറിൽ 127/9. 15.1 ഓവറിൽ 131/4.ഭാരതി ഫുൾമാലി (29 പന്തിൽ 40 റണ്‍സ്), ഡീൻഡ്ര ഡോട്ടിൻ (26), തനുജ കൻവാർ (16) എന്നിവരാണ് ഗുജറാത്തിനായി ഭേദപ്പെട്ട പ്രകടനം നടത്തിയത്. മറുപടി ബാറ്റിംഗ് ആരംഭിച്ച ഡൽഹി ഓപ്പണർ ഷഫാലി വർമയുടെ വെടിക്കെട്ടോടെ തുടങ്ങി.
27 പന്തിൽ താരം 44 റണ്‍സ് നേടി. ജെസ് ജോനാസന്റെ (32 പന്തിൽ 61 റണ്‍സ്) അർധസെഞ്ചുറിയും ചേർന്നപ്പോൾ ഡൽഹി അനായാസ ജയം സ്വന്തമാക്കി. ജയത്തോടെ അഞ്ച് മത്സരങ്ങളിൽനിന്ന് ആറ് പോയിന്റുമായി ഡൽഹി ഒന്നാം സ്ഥാനത്തും നാല് മത്സരങ്ങളിൽനിന്ന് രണ്ട് പോയിന്റുമായി ഗുജറാത്ത് അഞ്ചാം സ്ഥാനത്തുമാണ്.