ഉറപ്പാണ് കേരള ക്രിക്കറ്റ് ലീഗ് സീസണ് രണ്ട്
Sunday, December 29, 2024 12:04 AM IST
തിരുവനന്തപുരം: ക്രിക്കറ്റ് താരങ്ങൾ ഉൾപ്പെടെ 17,000 പേരെ ഇൻഷ്വറൻസ് പരിധിയിൽ കൊണ്ടുവരുമെന്ന പ്രഖ്യാപനവുമായി കെസിഎ ജനറൽ ബോഡി.
ഇൻഷ്വൻസ് പരിരക്ഷയുടെ നേട്ടം ജില്ല-സംസ്ഥാന പാനൽ അന്പയർമാർ, സ്കോറർമാർ, ജീവനക്കാർ, ജില്ലാ ഭാരവാഹികൾ, കെസിഎ ഭാരവാഹികൾ, കെസിഎ അംഗങ്ങൾ എന്നിവർക്കു ലഭിക്കും. ആദ്യഘട്ടത്തിൽ ഓണ്ഫീൽഡ് പരിക്കുകൾക്കുള്ള ചികിത്സയും ആശുപത്രിവാസവുമാണ് ഇൻഷ്വറൻസ് പരിധിയിൽ ഉൾപ്പെടുത്തുക. പിന്നീട് ഇത് മെഡിക്ലെയിമും ലൈഫ് ഇൻഷ്വറൻസും ഉൾക്കൊള്ളുന്ന തരത്തിൽ വികസിപ്പിക്കും.
കേരള ക്രിക്കറ്റ് ലീഗ് സീസണ് രണ്ട് സംഘടിപ്പിക്കാനും തീരുമാനിച്ചു. പുതുതലമുറയിലെ ക്രിക്കറ്റ് താരങ്ങളെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ രണ്ട് അത്യാധുനീക ക്രിക്കറ്റ് അക്കാദമി സ്ഥാപിക്കും.
തൊടുപുഴ തേക്കുംഭാഗം, തിരുവനന്തപുരം മംഗലപുരം എന്നിവടങ്ങളിലാണ് അക്കാദമി സ്ഥാപിക്കുന്നത്. കൂടാതെ, കൃഷ്ണഗിരിയിലെ വനിതാ അക്കാദമിക്കായി മികച്ച സൗകര്യങ്ങളുള്ള കെട്ടിടസമുച്ചയം നിർമിക്കും. കൊല്ലം എഴുകോണിലെ കെസിഎ ക്രിക്കറ്റ് ഗ്രൗണ്ട് നിർമാണ ടെൻഡർ നടപടികൾ ആരംഭിക്കുവാനും തീരുമാനമായി.
മംഗലപുരം, ആലപ്പുഴ, വയനാട് എന്നിവിടങ്ങളിലെ പ്രധാന കെസിഎ ഗ്രൗണ്ടുകളിൽ ഫ്ലഡ് ലൈറ്റുകൾ സ്ഥാപിക്കും. പുതിയ പദ്ധതികളിലൂടെ സംസ്ഥാനത്തെ ക്രിക്കറ്റ് മേഖലയിലെ അടിസ്ഥാന സൗകര്യങ്ങളും അവസരങ്ങളും മെച്ചപ്പെടുത്തുകയാണ് കേരള ക്രിക്കറ്റ് അസോസിയേഷന്റെ ലക്ഷ്യമെന്ന് കെസിഎ സെക്രട്ടറി വിനോദ് എസ്. കുമാറും പ്രസിഡന്റ് ജയേഷ് ജോർജും പറഞ്ഞു.