മസൂദിനുണ്ട് പൊന്നിലും വിലയുള്ള സ്നേഹം
Sunday, December 29, 2024 12:04 AM IST
കോഴിക്കോട്: “ഇവരാണ് ഞങ്ങളുടെ ജീവിതം, ഓരോ പ്രതിസന്ധിയിൽനിന്നും കരകയറാനുള്ള ശക്തി തരുന്നത് ഇവരുടെ സന്തോഷമാണ്.” ബിഷിത ടീച്ചറുടെ ചിരിക്ക് പൊന്നിനേക്കാൾ തിളക്കം. ടീച്ചറുടെ കുട്ടിയാണ് ഞാനെന്ന് മസൂദ് പറയുമ്പോൾ കേൾക്കുന്നവരുടെയും മനസു നിറയും.
കോഴിക്കോട്ടു നടക്കുന്ന സംസ്ഥാനതല സ്പെഷൽ ഒളിമ്പിക്സിൽ 16 - 21 വയസുകാർക്കുള്ള 50 മീറ്റർ നടത്തമത്സരത്തിൽ രണ്ടാം സ്ഥാനം നേടിയ മലപ്പുറം പാണ്ടിക്കാട് പ്രതീക്ഷ ബഡ്സ് സ്കൂളിലെ അബ്ദുള്ള മസൂദിന് സ്വന്തം അമ്മയെപ്പോലെയാണ് ബിഷിത ടീച്ചർ. ആദ്യമായി മത്സരത്തിന് എത്തുന്ന മസൂദിന് ഈ നേട്ടത്തിനു മധുരമേറെ.
മൂന്നു വർഷം മുമ്പ് മസൂദ് പ്രതീക്ഷ ബഡ്സ് സ്കൂളിൽ എത്തുമ്പോൾ മറ്റു കുട്ടികളെ ഉപദ്രവിക്കുകയൊക്കെ ചെയ്യുമായിരുന്നു. അമ്മയെ വിട്ടുനിൽക്കാൻ തയാറില്ലായിരുന്ന മസൂദ് പ്രിയപ്പെട്ട സ്വന്തം തലയിണയുമായി സ്കൂളിൽ വന്നതൊക്കെ ടീച്ചർക്ക് സ്നേഹം കലർന്ന ഓർമകൾ.