ഇന്ത്യ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 164 റണ്‍സ് എന്ന നിലയിൽ
Saturday, December 28, 2024 1:29 AM IST
മെൽബണ്‍: ബോർഡർ-ഗാവസ്കർ ബോക്സിംഗ് ഡേ ടെസ്റ്റ് ക്രിക്കറ്റിൽ പിടിമുറുക്കി ഓസ്ട്രേലിയ. രണ്ടാം ദിവസത്തെ കളി അവസാനിക്കുന്പോൾ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 164 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ.
ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറിനൊപ്പമെത്താൻ ഇന്ത്യക്ക് 310 റണ്‍സ് കൂടി വേണം. ഋഷഭ് പന്തും (ആറ്), രവീന്ദ്ര ജഡേജ (നാലു)യുമാണു ക്രീസിൽ.
സ്റ്റീവൻ സ്മിത്തിന്റെ 34-ാം ടെസ്റ്റ് സെഞ്ചുറികരുത്തിൽ ഓസ്ട്രേലിയ ഒന്നാം ഇന്നിംഗ്സിൽ 474 റണ്‍സ് നേടി.
ഒന്നാം ഇന്നിംഗ്സ് ആരംഭിച്ച ഇന്ത്യക്ക് തുടക്കത്തിലേ വിക്കറ്റ് നഷ്ടമായി. യശസ്വി ജയ്സ്വാളിനൊപ്പം ക്യാപ്റ്റൻ രോഹിത് ശർമയാണ് ഓപ്പണിംഗിനെത്തിയത്. സ്കോർബോർഡിൽ എട്ടു റണ്‍സുള്ളപ്പോൾ രോഹിത്തിന്റെ (മൂന്ന്) വിക്കറ്റ് വീണു.
ജയ്സ്വാളിനൊപ്പം 43 റണ്‍സിന്റെ കൂട്ടുകെട്ടിനുശേഷം കെ.എൽ. രാഹുലും (24) പുറത്തായി. ഇതോടെ രണ്ടു വിക്കറ്റിന് 51 റണ്‍സ് എന്ന നിലയിലായി ഇന്ത്യ. യശസ്വി ജയ്സ്വാളിനൊപ്പം വിരാട് കോഹ്ലി സഖ്യം റണ്‍സ് കണ്ടെത്തി നിലയുറപ്പിച്ചതോടെ ഓസീസിനു തലവേദനയായി. ജയ്സ്വാൾ അർധ സെഞ്ചുറി കടക്കുകയും ചെയ്തു. ഇരുവരും മൂന്നാം വിക്കറ്റിൽ 102 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി.
കളി തിരിച്ചുവിട്ട റണ്ണൗട്ട്
നന്നായി ബാറ്റ് ചെയ്ത ജയ്സ്വാളിന്റെ റണ്ണൗട്ടാണു കളിയിൽ ഓസ്ട്രേലിയയെ തിരിച്ചെത്തിച്ചത്. കോഹ്ലിയുമായുണ്ടായ ആശയക്കുഴപ്പത്തിനൊടുവിലാണു പുറത്താകൽ. 82 റണ്‍സെടുത്തു മികച്ച ഫോമിലുണ്ടായിരുന്ന ജയ്സ്വാൾ 41ാം ഓവറിലെ അവസാന പന്തിലാണു പുറത്തായത്. സ്കോട് ബോളണ്ടിന്റെ പന്ത് മിഡ് ഓണിലേക്കു തട്ടിയിട്ട ജയ്സ്വാൾ റണ്ണിനായി മുന്നോട്ടു കുതിക്കുകയായിരുന്നു.
എന്നാൽ, ജയ്സ്വാളിന്റെ നീക്കം പ്രതീക്ഷിക്കാതിരുന്ന കോഹ്ലി, നോണ്‍ സ്ട്രൈക്കറായി ക്രീസിൽത്തന്നെ തുടരുകയായിരുന്നു. കോഹ്ലി ആദ്യം മുന്നോട്ടിറങ്ങിയിരുന്നു. എന്നാൽ അപകടസാധ്യതയുള്ളതിനാൽ പിൻവാങ്ങി. ജയ്സ്വാൾ ഓടുന്നതും കോഹ്ലി കണ്ടില്ല. അപ്പോഴേക്കും ജയ്സ്വാൾ നോണ്‍ സ്ട്രൈക്കേഴ്സ് എൻഡിലെത്തിയിരുന്നു. മിഡ് ഓണിൽ നിൽക്കുകയായിരുന്ന ഓസീസ് ക്യാപ്റ്റൻ പാറ്റ് കമ്മിൻസിന്റെ നേരിട്ടുള്ള ത്രോ വിക്കറ്റിൽ കൊണ്ടിരുന്നില്ല. പിന്നീട് വിക്കറ്റ് കീപ്പർ അലക്സ് കാരി പന്തെടുത്ത് ജയ്സ്വാളിനെ പുറത്താക്കി. 118 പന്തിൽ നാലു ഫോറും ഒരു സിക്സും സഹിതം 82 റണ്‍സാണ് ഇന്ത്യൻ യുവ ഓപ്പണർ നേടിയത്.
പിന്നാലെ ഒരോവറിനുശേഷം 36 റണ്‍സെടുത്ത് കോഹ്ലിയെ ബോളണ്ട് വിക്കറ്റ്കീപ്പർ അലക്സ് കാരിയുടെ കൈകളിലെത്തിച്ചു. നൈറ്റ് വാച്ച്മാനായെത്തിയ ആകാശ് ദീപിനും അധികം ആയുസുണ്ടായിരുന്നില്ല. 13 പന്ത് നേരിട്ട ആകാശ് ദീപിന് അക്കൗണ്ട് തുറക്കാനായില്ല. ഓസ്ട്രേലിയയ്ക്കായി പാറ്റ് കമ്മിൻസും സ്കോട്ട് ബോളണ്ടും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.
34-ാം സെഞ്ചുറിയിൽ സ്മിത്
രണ്ടാം ദിനം 311-6 എന്ന നിലയിൽ ബാറ്റിംഗ് ആരംഭിച്ച ഓസീസിനായി സ്റ്റീവൻ സ്മിത്തും പാറ്റ് കമ്മിൻസും വേഗം സ്കോറുയർത്തി. സ്മിത് സെഞ്ചുറി നേടി. മെൽബണിലെ അഞ്ചാം സെഞ്ചുറിയുമാണിത്. ബോർഡർ-ഗാവസ്കർ ട്രോഫിയിൽ സ്മിത്തിന്റെ 10-ാം സെഞ്ചുറിയുമാണിത്. ഒന്‍പത് സെഞ്ചുറികളുള്ള സച്ചിൻ തെണ്ടുൽക്കറെയും വിരാട് കോഹ്ലിയെയുമാണ് മറികടന്നത്.
അർധസെഞ്ചുറിക്ക് ഒരു റണ്‍സ് അകലെയാണു കമ്മിൻസിനെ ജഡേജ പുറത്താക്കിയത്. അപ്പോഴേക്കും ഓസീസ് സ്കോർ 400 കടന്നിരുന്നു. സ്റ്റാർക്കിനൊപ്പം ചേർന്ന് സ്മിത് ഓസീസ് സ്കോർ 450 കടത്തി.
സ്റ്റാർക്ക് (15) പുറത്തായതിനു പിന്നാലെ ഒന്‍പതാമനായാണ് സ്മിത് പുറത്താകുന്നത്. 197 പന്തിൽ നേരിട്ട 140 റണ്‍സ് നേടിയ ഓസീസ് മധ്യനിര ബാറ്റർ 13 ഫോറും മൂന്നു സിക്സുമാണു നേടിയത്. നഥാൻ ലിയോണ്‍ (13), ബോളണ്ട് (6*) എന്നിവർ ഓസീസിനെ 474 റണ്‍സിലെത്തിച്ചു.
ബുംറ നാലും ജഡേജ മൂന്നും ആകാശ് ദീപ് രണ്ടും വിക്കറ്റ് വീഴ്ത്തി. ഈ പരന്പരയിലെ നാലു ടെസ്റ്റിലും ഓസ്ട്രേലിയയുടെ ആദ്യ ഇന്നിംഗ്സിൽ ബുംറ നാലു തവണ നാലോ അതിലേറെയോ വിക്കറ്റുകൾ വീഴ്ത്തി. 2005ൽ ആഷസ് പരന്പരയിൽ ഷെയ്ൻ വോണിനുശേഷം ഒരു ബൗളർ ഈ നേട്ടം കൈവരിക്കുന്നത് ആദ്യമായാണ്.
സ്കോർ കാർഡ്
ഓസ്ട്രേലിയ ഒന്നാം ഇന്നിംഗ്സ്
കോണ്‍സ്റ്റാസ് എൽബിഡബ്ല്യു ബി ജഡേജ 60, ഖ്വാജ സി രാഹുൽ ബി ബുംറ 57, ലബുഷെയ്ൻ സി കോഹ് ലി ബി സുന്ദർ 72, സ്മിത് ബി ആകാശ് ദീപ് 140, ഹെഡ് ബി ബുംറ 0, മാർഷ് സി പന്ത് ബി ബുംറ 4, കാരി സി പന്ത് ബി ആകാശ് ദീപ് 31, കമ്മിൻസ് സി നിതീഷ് കുമാർ ബി ജഡേജ 49, സ്റ്റാർക് ബി ജഡേജ 15, ലിയോണ്‍ എൽബിഡബ്ല്യു ബി ബുംറ 13, ബോളണ്ട് നോട്ടൗട്ട് 6, എക്സ്ട്രാസ് 27, ആകെ 122.4 ഓവറിൽ 474.
ബൗളിംഗ്
ബുംറ 28.4-9-99-4, സിറാജ് 23-2-122-0, ആകാശ് ദീപ് 26-8-94-2, ജഡേജ 23-4-78-3, നിതീഷ് കുമാർ 7-0-21-0, വാഷിംഗ്ടണ്‍ സുന്ദർ 15-2-49-1.
ഇന്ത്യ ഒന്നാം ഇന്നിംഗ്സ്
ജയ്സ്വാൾ റണ്ണൗട്ട് 82, രോഹിത് സി ബോളണ്ട് ബി കമ്മിൻസ് 3, രാഹുൽ ബി കമ്മിൻസ് 24, കോഹ്ലി സി കാരി ബി ബോളണ്ട് 36, ആകാശ് ദീപ് സി ലിയോണ്‍ ബി ബോളണ്ട് 0, പന്ത് നോട്ടൗട്ട് 6, ജഡേജ നോട്ടൗട്ട് 4, എക്സ്ട്രാസ് 9, ആകെ 46 ഓവറിൽ 164/5.
ബൗളിംഗ്
സ്റ്റാർക് 13-0-48-0, കമ്മിൻസ് 13-2-57-2, ബോളണ്ട് 12-3-24-2, ലിയോണ്‍ 5-1-18-0, മാർഷ് 3-0-15-0.