ടൂഹെൽ ഇംഗ്ലണ്ട് കോച്ച്
Wednesday, October 16, 2024 11:51 PM IST
ലണ്ടൻ: ഇംഗ്ലീഷ് പുരുഷ ഫുട്ബോൾ ടീമിന്റെ മുഖ്യപരിശീലകനായി ജർമൻകാരനായ തോമസ് ടൂഹെലിനെ ഫുട്ബോൾ അസോസിയേഷൻ (എഫ്എ) നിയമിച്ചു.
2024 യുവേഫ യൂറോ കപ്പ് ഫൈനലിൽ സ്പെയിനിനോടു പരാജയപ്പെട്ടതിനു പിന്നാലെ ഗാരെത് സൗത്ത്ഗേറ്റ് രാജിവച്ചതിനുശേഷം ഇംഗ്ലണ്ടിനു സ്ഥിരം പരിശീലകനില്ലായിരുന്നു.
ഇടക്കാല പരിശീലകനായ ലീ കാഴ്സ്ലിയുടെ ശിക്ഷണത്തിലാണ് ഇംഗ്ലണ്ട് ഇറങ്ങുന്നത്. നാലു മത്സരങ്ങൾ കാഴ്സ്ലിയുടെ ശിക്ഷണത്തിൽ ഇറങ്ങിയ ഇംഗ്ലണ്ട് മൂന്നെണ്ണത്തിൽ ജയിച്ചിരുന്നു.
ബൊറൂസിയ ഡോർട്ട്മുണ്ട്, പിഎസ്ജി, ചെൽസി, ബയേണ്‍ മ്യൂണിക് ടീമുകളുടെ മുഖ്യപരിശീലകനായിരുന്നു അന്പത്തൊന്നുകാരനായ തോമസ് ടൂഹെൽ. 2012ൽ ഫാബിയൊ കാപ്പെല്ലോ മുഖ്യപരിശീലകനായശേഷം ഇംഗ്ലണ്ടിനെ ആദ്യ വിദേശ മാനേജരാണ് ടൂഹെൽ.
ത്രീലയണ്‍സിന്റെ ഇംഗ്ലീഷുകാരനല്ലാത്ത മൂന്നാമത് മാനേജരുമാണ്. 2025 മുതലാണ് ടൂഹെൽ ഇംഗ്ലണ്ടിന്റെ മുഖ്യപരിശീലക സ്ഥാനം ഏറ്റെടുക്കുന്നത്.