പുതിയ ആകാശം പുതിയ ഭൂമി...
Friday, March 28, 2025 3:16 AM IST
ബാറ്റർമാർ വെടിക്കെട്ട് പൂരം തീർത്ത ആദ്യ റൗണ്ടാണ് 2025 ഐപിഎൽ ട്വന്റി-20 ക്രിക്കറ്റ് ടൂർണമെന്റിൽ കണ്ടത്. ബൗളർമാരുടെ മികച്ച പന്തുകൾപോലും അതിർത്തി കടന്നു. പുതിയ ടീമിനൊപ്പം ചേർന്ന പല താരങ്ങളും അവിശ്വസനീയ പ്രകടനം കാഴ്ചവച്ചു.
മുംബൈ കൈവിട്ട ഇഷാൻ കിഷൻ, പഞ്ചാബ് നായകൻ ശ്രേയസ് അയ്യർ, ചെന്നൈ ഒപ്പം ചേർത്ത നൂർ അഹമ്മദ്, കൃണാൽ പാണ്ഡ്യ, ദീപക് ചാഹർ, അഷുതോഷ് ശർമ, ക്വിന്റൻ ഡികോക് എന്നിവർ മിന്നും പ്രകടനത്തിലൂടെ പഴയ ടീം മാനേജ്മെന്റിന് മറുപടി നൽകിയ താരങ്ങളാണ്. പുതിയ ജഴ്സിയിൽ ആദ്യ റൗണ്ടിൽ മിന്നും പ്രകടനം കാഴ്ചവച്ചവർ ഇവർ...
ഇഷാൻ കിഷൻ
2018 മുതൽ 2024 വരെ മുബൈ ഇന്ത്യൻസിനായി മികച്ച പ്രകടനം കാഴ്ചവച്ച ഇഷാൻ കിഷനെ 2025 സീസണിൽ ടീം മാനേജ്മെന്റ് കൈവിട്ടതോടെ സണ്‍റൈസേഴ്സ് ഹൈദരാബാദ് സ്വന്തമാക്കി. രാജസ്ഥാനെതിരായ തങ്ങളുടെ ആദ്യ മത്സരത്തിൽ തന്നെ ഐപിഎല്ലിൽ കന്നി സെഞ്ചുറി നേടി ഇഷാൻ കിഷൻ മത്സരത്തിന്റെ താരമായി മുംബൈക്ക് മറുപടി നൽകി. 47 പന്തിൽ 106 റണ്‍സാണ് താരം അടിച്ചെടുത്തത്.

ശ്രേയസ് അയ്യർ
പഞ്ചാബ് കിംഗ്സ് ഇലവൻ ക്യാപ്റ്റനായുള്ള തന്റെ വരവ് ശ്രേയസ് അയ്യർ അറിയിച്ചത് സെഞ്ചുറിയോളം പോന്ന അർധസെഞ്ചുറിയുമായാണ്. വെറും 42 പന്തിൽ 97 റണ്‍സുമായി പുറത്താകാതെ നിന്ന താരം ജയത്തോടെ സീസണിൽ ടീമിന് തുടക്കം നൽകി. കഴിഞ്ഞ സീസണിൽ കോൽക്കത്തയ്ക്ക് കപ്പ് നേടിക്കൊടുത്ത നായകനായിരുന്നു ശ്രേയസ്. ഇത്തവണ 26.75 കോടിക്കാണ് ശ്രേയസിനെ സണ്‍റൈസേഴ്സ് സ്വന്തമാക്കിയത്.
നൂർ അഹമ്മദ്
ബാറ്റർമാരുടെ പറുദീസയിൽ പന്തുകൊണ്ട് മികവ് പുലർത്തിയ താരമാണ് ചെന്നൈയുടെ നൂർ അഹമ്മദ്. മുംബൈക്കെതിരായ മത്സരത്തിൽ 18 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ താരത്തിന്റെ പ്രകടനം ചെന്നൈയുടെ ജയത്തിൽ നിർണായകമായി. 2022 മുതൽ 2024 വരെ ഗുജറാത്തിനായി കളിച്ച ഈ സ്പിന്നറെ 2025 സീസണിൽ 10 കോടിക്ക് ചെന്നൈ റാഞ്ചി.
ക്രുനാൽ പാണ്ഡ്യ
ഉദ്ഘാടന മത്സരത്തിൽ കോൽക്കത്തയ്ക്കെതിരേ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന്റെ താരമായത് ഓൾറൗണ്ടർ ക്രുനാൽ പാണ്ഡ്യ. കൂറ്റൻ സ്കോറിനായി പൊരുതിയ കോൽക്കത്തയുടെ മൂന്ന് ബാറ്റർമാരെ 29 റണ്‍സ് വഴങ്ങി ക്രുനാൽ പവലിയനിലെത്തിച്ചു. 2018 മുതൽ 2021 വരെ മുംബൈക്കായും 2022-24ൽ ലക്നോവിനായും കളിച്ച താരത്തെ 5.75 കോടിക്കാണ് ബംഗളൂരു സ്വന്തമാക്കിയത്.
ദീപക് ചാഹർ
പേസറും നിർണായക സമയത്ത് ബാറ്ററുമാകുന്ന ചാഹർ തന്റെ മുൻകാല ടീമായ ചെന്നൈക്കെതിരേ ബാറ്റുകൊണ്ടും പന്തുകൊണ്ടും ആഞ്ഞടിച്ചു. മത്സരത്തിൽ ആദ്യം ബാറ്റുചെയ്ത മുംബൈക്കായി 15 പന്തിൽ 28 റണ്‍സ് അടിച്ചെടുത്ത ചാഹർ, 18 റണ്‍സ് വഴങ്ങി ഒരു വിക്കറ്റും സ്വന്തമാക്കി. 2018 മുതൽ 2024 വരെ ചെന്നൈയുടെ അവിഭാജ്യ ഘടകമായിരുന്നു.
അഷുതോഷ് ശർമ
ലക്നോ സൂപ്പർ ജയ്ന്റ്സിനെതിരേ 209 റണ്‍സ് ചേസിംഗിൽ ഡൽഹിക്കായി ആഞ്ഞടിച്ചത് ഇരുപത്താറുകാരനായ അഷുതോഷ് ശർമയായിരുന്നു. 31 പന്തിൽ 66 റണ്‍സ് നേടി മത്സരത്തിലെ താരമായ അഷുതോഷ് കഴിഞ്ഞ സീസണിൽ പഞ്ചാബിന്റെ ജഴ്സിയിലായിരുന്നു കളിച്ചത്.
ശേഷം സ്ക്രീനിൽ
ഡൽഹിക്കെതിരേ ലക്നോവിനായി 36 പന്തിൽ 72 റണ്‍സ് നേടിയ മിച്ചൽ മാർഷ് കഴിഞ്ഞ സീസണിൽ ഡൽഹിയുടെ താരമായിരുന്നു. പഞ്ചാബിനെതിരേ 33 പന്തിൽ 54 റണ്‍സ് നേടി ഗുജറാത്തിനായി അർധസെഞ്ചുറി തികച്ച ജോസ് ബട്ലർ രാജസ്ഥാൻ റോയൽസ് ഈ സീസണിൽ ഒഴിവാക്കിയ താരമാണ്.
രണ്ടാം റൗണ്ടിലെ ആദ്യ മത്സരത്തിൽ രാജസ്ഥാനെതിരേ 61 പന്തിൽ 97 റണ്‍സ് നേടി പുറത്താകാതെ നിന്ന കോൽക്കത്തയുടെ ക്വിന്റൻ ഡികോക്, ലക്നോ ടീമിൽനിന്ന് ഒഴിവാക്കപ്പെട്ട താരമാണ്.
പന്തുകൊണ്ട് മികച്ച പ്രകടനം കാഴ്ചവച്ച തുഷാർ ദേശ്പാണ്ഡെ ഈ സീസണിൽ രാജസ്ഥാന്റെ ഭാഗമായ താരമാണ്. സണ്‍റൈസേഴ്സിനെതിരേ 44 റണ്‍സ് വഴങ്ങി ദേശാപണ്ഡെ മൂന്ന് വിക്കറ്റാണ് സ്വന്തമാക്കിയത്. ചെന്നൈ സൂപ്പർ കിംഗ്സിലായിരുന്നു കഴിഞ്ഞ സീസണിൽ കളിച്ചത്.