വനിത ഏകദിന ക്രിക്കറ്റ് ലോകകപ്പ് 2025; ക്വാളിഫയർ പോരാട്ടം ഏപ്രില്‍ 9ന്
Saturday, March 29, 2025 12:35 AM IST
ന്യൂഡൽഹി: ഐസിസി വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പ് പതിമൂന്നാം പതിപ്പിന് സെപ്റ്റംബറിൽ ഇന്ത്യയിൽ തുടക്കമാകും. എട്ട് ടീമുകളുടെ ടൂർണമെന്റിൽ ഇന്ത്യയടക്കം ആറ് ടീമുകൾ ഇതിനകം യോഗ്യത നേടിക്കഴിഞ്ഞു. യോഗ്യതാമത്സരങ്ങളിലൂടെ രണ്ട് സ്ഥാനങ്ങൾ സ്ഥിരീകരിക്കും.
രണ്ടു സ്ഥാനത്തിനായി ആറ് ടീമുകളുടെ ക്വാളിഫയർ പോരാട്ടം ഏപ്രിൽ ഒന്‍പതിന് പാക്കിസ്ഥാനിൽ ആരംഭിക്കും. പാക്കിസ്ഥാൻ, വെസ്റ്റിൻഡീസ്, ബംഗ്ലാദേശ്, അയർലൻഡ്, സ്കോട്ലന്ഡ്, തായ്ലൻഡ് ടീമുകളാണ് യോഗ്യതാമത്സരത്തിൽ പോരാടുന്നത്.
ഓസ്ട്രേലിയ, ഇംഗ്ലണ്ട്, ന്യൂസിലൻഡ്, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, ഇന്ത്യ എന്നീ ടീമുകളാണ് യോഗ്യത നേടിയത്. ഇന്ത്യയിൽ നടക്കുന്ന വനിതാ ഏകദിന ലോകകപ്പ് മൽസരങ്ങൾക്കു തിരുവനന്തപുരവും വേദിയാകും.
ബിസിസിഐ അപെക്സ് കൗണ്‍സിൽ യോഗത്തിലാണ് തിരുവനന്തപുരം കാര്യവട്ടം സ്പോർട്സ് ഹബ് സ്റ്റേഡിയവും വേദിയായി തീരുമാനിച്ചത്. ഏതൊക്കെ മത്സരങ്ങളാണ് ഇവിടെ നടക്കുന്നതെന്ന് വൈകാതെ തീരുമാനമാകും.