ചെന്നൈയിൽ ബംഗളൂരു: ധോണി Vs കോഹ്ലി
Friday, March 28, 2025 3:16 AM IST
ചെന്നൈ: ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിൽ ഇന്നു ഗ്ലാമർ പോരാട്ടം. അഞ്ചു തവണ ചാന്പ്യന്മാരായ ചെന്നൈ സൂപ്പർ കിംഗ്സ് സ്വന്തം തട്ടകമായ എം.എ. ചിദംബരം സ്റ്റേഡിയത്തിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെ നേരിടും.
സതേണ്‍ ഡെർബിയിൽ എം.എസ്. ധോണിയും വിരാട് കോഹ്ലിയും നേർക്കുനേർ ഇറങ്ങുന്നു എന്നതാണ് ഹൈലൈറ്റ്. രാത്രി 7.30നാണ് മത്സരം.
2024 സീസണിൽ ഇതേ മൈതാനത്തു നടന്ന മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്സ് ആറു വിക്കറ്റിനു ജയിച്ചിരുന്നു. 2025 സീസണിലെ ആദ്യ മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെ നാലു വിക്കറ്റിനു കീഴടക്കിയാണ് സിഎസ്കെ ഇന്നെത്തുന്നത്.
മറുവശത്ത്, സീസണ് ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാന്പ്യന്മാരായ കോൽക്കത്ത നൈറ്റ് റൈഡേഴ്സിനെ ഏഴു വിക്കറ്റിന് ആർസിബി തോൽപ്പിച്ചിരുന്നു. ഇന്നിറങ്ങുന്പോൾ രണ്ടാം ജയമാണ് ഇരു സംഘത്തിന്റെയും ലക്ഷ്യം.