കാലിക്കട്ട് x കൊല്ലം ഫൈനൽ
Wednesday, September 18, 2024 1:32 AM IST
തോമസ് വർഗീസ്
തിരുവനന്തപുരം: പ്രഥമ കേരളാ ക്രിക്കറ്റ് ലീഗ് ഫൈനലിൽ കൊല്ലം സെയ്ലേഴ്സ്- കാലിക്കട്ട്് ഗ്ലോബ്്സ്റ്റാർസ് പോരാട്ടം. ഇന്നലെ നടന്ന ആദ്യ സെമിയിൽ കാലിക്കട്ട് 18 റൺസിനു ട്രിവാൻഡ്രം റോയൽസിനെ യും രണ്ടാം സെമിയിൽ കൊല്ലം സെയിലേഴ്സ് 16 റണ്‍സിനു തൃശൂർ ടൈറ്റൻസിനെ പരാജയപ്പെടുത്തി. ഫൈനൽ ഇന്ന് വൈകുന്നേരം 6.45 ന് കാര്യവട്ടം അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ ഫൈനൽ നടക്കും.
അഖിൽ സ്കറിയ സ്റ്റാർ
അഖിൽ സ്കറിയയുടെ ഓൾറൗണ്ട് പ്രകടനത്തിന്റെ പിൻബലത്തിൽ കാലിക്കട്ട് ഗ്ലോബ്സ്റ്റാർസ് പ്രഥമ കേരളാ ക്രിക്കറ്റ് ലീഗ് ഫൈനലിൽ. ഇന്നലെ നടന്ന ആദ്യ സെമി ഫൈനലിൽ കാലിക്കട്ട് 18 റണ്‍സിനു ട്രിവാൻഡ്രം റോയൽസിനെ പരാജയപ്പെടുത്തി. സ്കോർ: കാലിക്കട്ട് ഗ്ലോബ്സ്റ്റാർസ് 20 ഓവറിൽ അഞ്ചിന് 172. ട്രിവാൻഡ്രം റോയൽസ് 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 155.
നാല് ഓവറിൽ 18 റണ്‍സ് മാത്രം വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തുകയും 43 പന്തിൽ നിന്നും 55 റണ്‍സ് നേടുകയും ചെയ്ത അഖിൽ സ്്കറിയയാണ് കാലിക്കട്ടിന്റെ വിജയശില്പിയും പ്ലയർ ഓഫ് ദ മാച്ചും. 16 ഓവർ പിന്നിട്ടപ്പോൾ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 139 റണ്‍സ് എന്ന ശക്തമായ നിലയിൽനിന്നാണു ട്രിവാൻഡ്രം തോൽവിയിലേക്കു വഴുതിപ്പോയത്. കാലിക്കട്ടിനുവേണ്ടു അഖിൽ സ്കറിയ(55) രോഹൻ കുന്നുമ്മൽ(64) എന്നിവർ അർധസെഞ്ചുറി നേടി.
ടോസ് നേടിയ ട്രിവാൻഡ്രം റോയൽസ് കാലിക്കട്ട് ഗ്ലോബ് സ്റ്റാർസിനെ ബാറ്റിംഗിനയച്ചു. ഒമർ അബൂബക്കർ -രോഹൻ കുന്നുമ്മൽ സഖ്യമാണ് ഓപ്പണിംഗിനിറങ്ങിയത്. ടീം സ്കോർ 25 -ൽ നിൽക്കേ ഒമറിന്റെ (14) വിക്കറ്റ് നഷ്ടമായി. തുടർന്നെത്തിയ അഖിൽ സ്കറിയ, രോഹനു ശക്തമായ പിന്തുണ നല്കി. ഇരുവരും ചേർന്നുള്ള കൂട്ടുകെട്ട് 88 റണ്‍സാണു നേടിയത്.
14-ാം ഓവറിലെ മൂന്നാം പന്തിൽ രോഹൻ ( 34 പന്തിൽ 64) പുറത്തായി. തുടർച്ചയായി വിക്കറ്റ് നഷ്ടമാകുന്പോഴും മറുവശത്ത് ശക്തമായ ബാറ്റിംഗ് കാഴ്ചവച്ച അഖിൽ സ്കറിയ 18-ാം ഓവറിൽ അർധ സെഞ്ചുറി സ്വന്തമാക്കി. 19-ാം ഓവറിലെ രണ്ടാം പന്തിൽ അഖിലിന്റെ (43 പന്തിൽ 55) വിക്കറ്റ് വീണു.
മറുപടി ബാറ്റിംഗിനിറങ്ങിയ ട്രിവാൻഡ്രത്തിന് ആദ്യ ഓവറിലെ നാലാം പന്തിൽ ആദ്യ വിക്കറ്റ് നഷ്ടമായി. തുടർന്ന് റിയാ ബഷീർ-ഗോവിന്ദ് പൈ കൂട്ടുകെട്ട് ടീം സ്കോർ ഉയർത്തി. 10 ഓവർ പൂർത്തിയായപ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 83 എന്ന നിലയിലായിരുന്നു ട്രിവാൻഡ്രം. 12-ാം ഓവറിൽ ഗോവിന്ദ് പൈ അർധ സെഞ്ചുറി പൂർത്തിയാക്കി.
ഗോവിന്ദ് പൈ-റിയാ ബഷീർ കൂട്ടുകെട്ട് ട്രിവാൻഡ്രത്തെ അനായാസ വിജയത്തിലേക്ക് എത്തിക്കുമെന്നു തോന്നിപ്പിച്ചു. 14-ാം ഓവറിൽ റിയാ ബഷീറും അർധ സെഞ്ചുറി സ്വന്തമാക്കി. 15 ഓവർ പൂർത്തിയായപ്പോൾ ട്രിവാൻഡ്രം റോയൽസ് ഒരു വിക്കറ്റ് നഷ്ടത്തിൽ 131 എന്ന നിലയിൽ. 15.4 -ാം ഓവറിൽ റിയാ ബഷീറിനെ (40 പന്തിൽ 69) അഖിൽ സ്കറിയ പുറത്താക്കി. സ്കോർ ബോർഡിൽ രണ്ടു റണ്‍സ്കൂടി കൂട്ടിച്ചേർത്തപ്പോൾ ഗോവിന്ദ് പൈയുടെ (54 പന്തിൽ 68) വിക്കറ്റ് കടപുഴകി. പിന്നീടെത്തിയവർക്കു പിടിച്ചുനില്‍ക്കാനായില്ല.
സെഞ്ചുറി മികവിൽ കൊല്ലം
രണ്ടാം സെമിയിൽ ആദ്യം ബാറ്റ് ചെയ്ത കൊല്ലം അഭിഷേക് നായരുടെ സെഞ്ചുറിയുടെ (103) മികവിൽ 20 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 210 റണ്‍സ് നേടി. ക്യാപ്റ്റൻ സച്ചിൻ ബേബി 83 റണ്‍സ് നേടി.
മറുപടി ബാറ്റിംഗ് ആരംഭിച്ച തൃശൂർ 20 ഓവറിൽ എട്ടു വിക്കറ്റിന് 194 റണ്‍സ് നേടാനേ സാധിച്ചുള്ളൂ. അക്ഷയ് മനോഹർ (48) ആണ് ടോപ് സ്കോറർ.