പന്ത് നയിക്കും
Wednesday, October 22, 2025 2:14 AM IST
ബംഗളൂരു: ദക്ഷിണാഫ്രിക്ക എയ്ക്കെതിരായ ചതുർദിന ടെസ്റ്റ് ക്രിക്കറ്റിൽ വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്ത് ഇന്ത്യ എ ടീമിനെ നയിക്കും. ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ കാൽപാദത്തിനു പരിക്കേറ്റ് വിശ്രമത്തിലായിരുന്ന താരത്തിന്റെ തിരിച്ചുവരവുകൂടിയാണ് രണ്ട് മത്സരങ്ങളടങ്ങിയ പരന്പര.
അതേസമയം, ദേശീയ ടീമിലെ താരങ്ങളായ കെ.എൽ. രാഹുൽ, ധ്രുവ് ജുറൽ, മുഹമ്മദ് സിറാജ്, ആകാശ് ദീപ്, പ്രസിദ്ധ് കൃഷ്ണ എന്നിവർ രണ്ടാം മത്സരത്തിലേ കളിക്കൂ. സായ് സുദർശനാണ് വൈസ് ക്യാപ്റ്റൻ.
ആദ്യ മത്സരം 30നും രണ്ടാം മത്സരം നവംബർ ആറിനുമാണ് നടക്കുക. ബംഗളൂരുവിലെ ബിസിസിഐ സെന്റർ ഓഫ് എക്സലൻസിലാണ് മത്സരങ്ങൾ നടക്കുന്നത്.
പരിക്കിനെ തുടർന്ന് വിശ്രമത്തിലായിരുന്ന പ്രോട്ടീസിന് ക്യാപ്റ്റൻ തെംബ ബാവുമ രണ്ടാം മത്സരത്തിൽ ടീമിനൊപ്പം ചേരും.