സിറ്റിയും പിഎസ്ജിയും കളത്തിൽ
Wednesday, September 18, 2024 1:32 AM IST
മാഞ്ചസ്റ്റർ: ഇംഗ്ലീഷ് പ്രീമിയസർ ലീഗിന്റെ 2024-25 സീസണിൽ വിജയക്കുതിപ്പ് തുടരുന്ന മാഞ്ചസ്റ്റർ സിറ്റി യുവേഫ ചാന്പ്യൻസ് ലീഗ് ആദ്യ റൗണ്ട് മത്സരത്തിൽ ഇറ്റാലിയൻ ചാന്പ്യന്മാരായ ഇന്റർമിലാനെ നേരിടും.
ആദ്യ മത്സരം സ്വന്തം കാണികളുടെ മുന്നിൽ കളിക്കുന്നു എന്ന ആനുകൂല്യം സിറ്റിക്കുണ്ട്. എർലിംഗ് ഹാലൻഡിന്റെ ഗോളടി മികവിലാണു സിറ്റി കുതിക്കുന്നത്.
ഇത്തവണ ലീഗിലെ പ്രാഥമിക മത്സരങ്ങൾക്കു പുതിയ ഫോർമാറ്റ് അവതരിപ്പിച്ചതുകൊണ്ട് എല്ലാ ടീമുകൾക്കും വലിയ പോരാട്ടം നടത്തേണ്ടിവരും. സിറ്റിക്ക് ഇനി നേരിടാ നുള്ളത് പിഎസ്ജി, യുവന്റസ് തുടങ്ങിയ വന്പന്മാരെയും സ്ലൊവാക്യൻ ടീം ബ്രാട്ടിസ്ലാവ്, സ്പാർട്ട പ്രാഗ്, സ്പോർടിംഗ്, ഫെയനൂർദ്, ക്ലബ് ബ്രൂഗ് ടീമുകളെയുമാണ്. ഇന്ററിന്റെ മുന്നിലുള്ളത് ഇനി ആഴ്സണൽ, ബെയർ ലെവർകൂസൻ കൂടാതെ സെർബിയൻ ക്ലബ് റെഡ് സ്റ്റാർ ബെൽഗ്രേഡ്, യംഗ് ബോയ്സ്, ലൈപ്സിഗ്, സ്പാർട്ട പ്രാഗ്, മോണക്കോ ടീമുകളാണ്.
ചരിത്രപോരാട്ടത്തിനു ജിറോണ
കഴിഞ്ഞ ലാ ലിഗ സീസണിൽ അദ്ഭുതപ്പെടുത്തിയ കുതിപ്പു നടത്തിയ ജിറോണ ചാന്പ്യൻസ് ലീഗ് ചരിത്രത്തിലെ ആദ്യ മത്സരത്തിനു പാരീസിൽ ഇറങ്ങും. ഫ്രഞ്ച് കരുത്തരായ പാരീസ് സെന്റ് ജെർമയിനാണ് അവരെ കാത്തിരിക്കുന്നത്.
ലൂയിസ് എൻറിക്കെയുടെ കീഴിൽ കളിക്കുന്ന പിഎസ്ജി ലീഗിൽ തുടർച്ചയായ നാലു കളിയും ജയിച്ച് ഒന്നാം സ്ഥാനത്താണ്. ഗോളടിച്ചും അടിപ്പിച്ചും കളിക്കുന്ന ഒസാമൻ ഡെംബെലെയുടെ മികവാണു പിഎസ്ജിയുടെ കരുത്ത്.
ലീഗ് കടുപ്പം
ഈ ചാന്പ്യൻസ് ലീഗ് സീസണ് മുതൽ പുതിയ ഫോർമാറ്റിലാണ് പ്രാഥമിക മത്സരങ്ങൾ നടക്കുന്നത്.
നാലു ടീമുകൾ വീതമുള്ള ഗ്രൂപ്പ് മത്സരങ്ങൾ ഇത്തവണയുണ്ടാവില്ല. പകരം എല്ലാ ടീമുകളും എട്ട് വ്യത്യസ്ത എതിരാളികളെ ആദ്യ ഘട്ടത്തിൽ നേരിടും.
ഓരോ ടീമിനും നാല് ഹോം, എവേ മത്സരങ്ങളാണുണ്ടാകുക. കൂടുതൽ പോയിന്റ് നേടുന്ന ആദ്യ എട്ട് ടീമുകൾ പ്രീക്വാർട്ടറിലേക്കു നേരിട്ട് യോഗ്യത നേടും. ഒൻപത് മുതൽ 24 വരെയുള്ള ക്ലബ്ബുകൾ പ്ലേ ഓഫ് കളിച്ച് നോക്കൗട്ടിലേക്കെത്തും.