ഇംഗ്ലണ്ട് ഫസ്റ്റ്
Thursday, October 16, 2025 12:16 AM IST
റിഗ (ലാത്വിയ): ഫിഫ 2026 ലോകകപ്പ് ഫുട്ബോളിനു യൂറോപ്പില്‍നിന്ന് യോഗ്യത സ്വന്തമാക്കുന്ന ആദ്യ ടീമായി ഇംഗ്ലണ്ട്.
ഗ്രൂപ്പ് കെയില്‍ നടന്ന എവേ പോരാട്ടത്തില്‍ 5-0നു ലാത്വിയയെ കീഴടക്കിയാണ് ഇംഗ്ലണ്ട് ലോകകപ്പ് യോഗ്യത സ്വന്തമാക്കിയത്. ഗ്രൂപ്പില്‍ രണ്ടു മത്സരംശേഷിക്കേ ഇംഗ്ലണ്ട് ലോകകപ്പ് ടിക്കറ്റ് ഉറപ്പിച്ചു. ഹാരി കെയ്ന്‍ ഇംഗ്ലണ്ടിനായി ഇരട്ടഗോള്‍ സ്വന്തമാക്കി.
ഗ്രൂപ്പ് ഐയില്‍ ഇറ്റലി 3-0ന് ഇസ്രയേലിനെ കീഴടക്കി. ഗ്രൂപ്പില്‍ നോര്‍വേയ്ക്കു (18) പിന്നില്‍ രണ്ടാം സ്ഥാനത്താണ് ഇറ്റലി (15). ഗ്രൂപ്പ് ചാമ്പ്യന്മാര്ക്കാണ് നേരിട്ട് യോഗ്യത ലഭിക്കുക. ഗ്രൂപ്പ് ഇയില്‍ സ്പെയിന് തുടര്‍ച്ചയായ നാലാം ജയം നേടി. ഹോം മത്സരത്തില്‍ സ്പെയിന് 4-0ന് ബള്‍ഗേറിയയെ തോല്‍പ്പിച്ചു.
28 ടീമുകള്‍
ആതിഥേയ രാജ്യങ്ങളായ അമേരിക്ക, കാനഡ, മെക്സിക്കോ എന്നിവയുള്‍പ്പെടെ ഇതുവരെ 28 ടീമുകളാണ് ലോകകപ്പ് യോഗ്യത സ്വന്തമാക്കിയത്. 2026 ലോകകപ്പില്‍ 48 ടീമുകളാണ് മത്സരിക്കുക. അതില്‍ യൂറോപ്പില്‍നിന്ന് 16 ടീമുകള്‍ക്കു യോഗ്യത ലഭിക്കും. ആഫ്രിക്കയില്‍നിന്ന് കേപ് വെര്‍ഡെ യോഗ്യത സ്വന്തമാക്കിയതാണ് ശ്രദ്ധേയം.
ചരിത്രത്തില്‍ ആദ്യമായാണ് കേപ് വെര്‍ഡെ ഫിഫ ലോകകപ്പ് യോഗ്യത നേടുന്നത്.