ലോക റിക്കാര്‍ഡുകള്‍ സ്വന്തമാക്കി ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ലയണല്‍ മെസിയും
Thursday, October 16, 2025 12:16 AM IST
ക്ലാസിക്ക് മെസി
ഫോര്‍ട്ട് ലോഡര്‍ഡേല്‍ (ഫ്ളോറിഡ): അര്‍ജന്റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസി പുതിയൊരു റിക്കാര്‍ഡില്‍. രാജ്യാന്തര ഫുട്ബോളില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ അസിസ്റ്റ് എന്ന റിക്കാര്‍ഡ് 38കാരനായ ലയണല്‍ മെസി സ്വന്തമാക്കി.
രാജ്യാന്തര സൗഹൃദ ഫുട്ബോളില്‍ പ്യൂട്ടോ റിക്കയ്ക്ക് എതിരായ മത്സരത്തില്‍ രണ്ടു ഗോളിന് അസിസ്റ്റ് നടത്തിയാണ് മെസി റിക്കാര്‍ഡ് ബുക്കില്‍ പേരു ചേര്‍ത്തത്.
സൗഹൃദത്തില്‍ പ്യൂട്ടോ റിക്കയെ മറുപടിയില്ലാത്ത ആറു ഗോളുകള്‍ക്കാണ് അര്‍ജന്റൈന്‍ സംഘം തകര്‍ത്തത്. അലക്സിസ് മക് അല്ലിസ്റ്റര്‍ (14’, 36’), ലൗതാരൊ മാര്‍ട്ടിനെസ് (79’, 84’) എന്നിവര്‍ ഇരട്ടഗോള്‍ സ്വന്തമാക്കി. ഗോണ്‍സാലോ മോണ്ടിയലിന്റെ (23’’) വകയായിരുന്നു മറ്റൊരു ഗോള്‍. ഒരു ഗോള്‍ സെല്‍ഫിലൂടെ പ്യൂട്ടോ റിക്കയും സമ്മാനിച്ചു.
195 മത്സരം, 60 അസിസ്റ്റ്
രാജ്യാന്തര ഫുട്ബോളില്‍ ഏറ്റവും കൂടുതല്‍ അസിസ്റ്റില്‍ ബ്രസീല്‍ താരം നെയ്മറിനെയാണ് ലയണല്‍ മെസി മറികടന്നത്. 195-ാം മത്സരത്തിലാണ് മെസിയുടെ 60 അസിസ്റ്റ്. 128 മത്സരങ്ങളില്‍ 59 അസിസ്റ്റാണ് നെയ്മറിനുള്ളത്. മെസിക്ക് രാജ്യാന്തര ഫുട്ബോളില്‍ 114 ഗോളുണ്ട്. നെയ്മറിന് 79ഉം. അമേരിക്കന്‍ മുന്‍ താരം ലണ്ടന്‍ ഡൊണോവനാണ് ഗോള്‍ അസിസ്റ്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്ത്. 157 മത്സരങ്ങളില്‍ 58 അസിസ്റ്റ്.
കരിയര്‍ അസിസ്റ്റ്
താരം, അസിസ്റ്റ്
ഫ്രാങ്ക് പുഷ്കാസ് 404
ലയണല്‍ മെസി 398
പെലെ 369
ജോണ്‍ ക്രൈഫ് 358
ലൂയിസ് സുവാരസ് 319
രാജ്യാന്തര അസിസ്റ്റ്
താരം, മത്സരം, അസിസ്റ്റ്
ലയണല്‍ മെസി 195 60
നെയ്മര്‍ 128 59
ലണ്ടന്‍ ഡൊണോവന്‍ 157 58
ഫ്രാങ്ക് പുഷ്കാസ് 85 53
കെവിന് ഡി ബ്രൂയിന് 115 53
40; സിആര്‍7
ലിസ്ബണ്‍: പോര്‍ച്ചുഗീസ് സൂപ്പര്‍ സ്റ്റാര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പുതിയൊരു റിക്കാര്‍ഡില്‍. ഫിഫ ലോകകപ്പ് യോഗ്യതാ റൗണ്ട് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന കളിക്കാരന് എന്ന റിക്കാര്‍ഡ് 40കാരനായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സ്വന്തമാക്കി.
ഗ്വാട്ടിമാലയുടെ കാര്‍ലോസ് റൂയിസിനൊപ്പം 39 ഗോളുമായി റിക്കാര്‍ഡ് പങ്കിടുകയായിരുന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, യൂറോപ്യന്‍ യോഗ്യതാ റൗണ്ടില്‍ ഗ്രൂപ്പ് എഫില്‍ ഹംഗറിക്കെതിരേ ഇരട്ടഗോള്‍ നേടിയാണ് ചരിത്രം സൃഷ്ടിച്ചത്. 40ലും ഗോളടിയില്‍ തനിക്കു ചെറുപ്പമാണെന്ന് ലോകത്തിനു മുന്നില്‍ വീണ്ടും തെളിയിക്കുകയാണ് സിആര്‍7.
ഹംഗറിക്കെതിരേ സ്വന്തം കാണികള്‍ക്കു മുന്നില്‍ 8-ാം മിനിറ്റില്‍ പോര്‍ച്ചുഗല്‍ പിന്നിലായി. എന്നാല്‍, 22, 45+3 മിനിറ്റുകളില്‍ ഗോള്‍ നേടി റൊണാള്‍ഡോ പോര്‍ച്ചുഗലിനു ലീഡ് സമ്മാനിച്ചു.എന്നാല്‍, സ്റ്റോപ്പേജ് ടൈമില്‍ (90+1’’) ഡൊമിനിക് സോബോസ് ലായിയിലൂടെ ഹംഗറി 2-2 സമനില പിടിച്ചെടുത്തു. ഗ്രൂപ്പില്‍ നാലു മത്സരങ്ങളില്‍നിന്ന് 10 പോയിന്റുമായി പോര്‍ച്ചുഗല്‍ ഒന്നാം സ്ഥാനത്ത് തുടരുന്നു. അഞ്ച് പോയിന്റുള്ള ഹംഗറി രണ്ടാമതുണ്ട്.
51 മത്സരം, 41 ഗോള്‍
ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് 51 മത്സരങ്ങളില്‍നിന്ന് 41 ഗോളായി. 0.80 ആണ് ഗോള്‍ ശരാശരി. ഫിഫ 2026 ലോകകപ്പ് യോഗ്യതയില്‍ ഇതുവരെ നാലു മത്സരങ്ങളില്‍നിന്ന് അഞ്ച് ഗോള്‍ സിആര്‍7 സ്വന്തമാക്കിക്കഴിഞ്ഞു.
1000 ഗോള്‍
ഫുട്ബോള്‍ കരിയറില്‍ 1000 ഗോള്‍ എന്ന മാജിക് സംഖ്യയിലേക്കാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ലയണല്‍ മെസിയും കുതിക്കുന്നത്. ക്ലബ് തലത്തില്‍ 805ഉം രാജ്യാന്തരത തലത്തില്‍ 143ഉം ഉള്‍പ്പെടെ കരിയറില്‍ റൊണാള്‍ഡോയ്ക്ക് ഇതുവരെ 948 ഗോളായി. 1000 ഗോളിലേക്ക് റൊണാള്‍ഡോക്കു വേണ്ടത് 52.
ലയണല്‍ മെസിയാണ് കരിയര്‍ ഗോളില്‍ രണ്ടാം സ്ഥാനത്ത്. ക്ലബ് തലത്തില്‍ 772ഉം രാജ്യാന്തര തലത്തില്‍ 114ഉം ഉള്‍പ്പെടെ 886 ഗോളാണ് മെസിക്കുള്ളത്. 1000 ഗോളിലേക്ക് മെസിക്കുള്ള അകലം 114.
CR7 ലോകകപ്പ് യോഗ്യത
വർഷം, മത്സരം, ഗോള്‍
2006 12 07
2010 07 00
2014 10 08
2018 09 15
2022 09 06
2026 07 05
യോഗ്യത കൂടുതല്‍ ഗോള്‍
താരം, മത്സരം, ഗോള്‍
റൊണാള്‍ഡോ 51 41
കാര്‍ലോസ് റൂയിസ് 47 39
ലയണല്‍ മെസി 51 36
അലി ദേയി 51 35
ലെവന്‍ഡോവ്സ്കി 42 33