ബ്ലാസ്റ്റേഴ്സ് ഏറെ മാറേണ്ടതുണ്ട്
Tuesday, September 17, 2024 12:50 AM IST
വി.ആർ. ശ്രീജിത്ത്
കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) 11-ാം സീസണിൽ തോൽവിയോടെയാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി തുടങ്ങിയിരിക്കുന്നത്. തിരുവോണദിനത്തിൽ പഞ്ചാബ് എഫ്സിയോട് സ്വന്തം മൈതാനത്തുവച്ച് പരാജയപ്പെട്ടത് ടീമിലുള്ള പ്രതീക്ഷകൾ വീണ്ടും പിന്നിലേക്കടിച്ചെന്നുവേണം അനുമാനിക്കാൻ.
സീസൺ തുടങ്ങുന്നതിനു മുന്‍പുതന്നെ ബ്ലാസ്റ്റേഴ്സിനെതിരേ മഞ്ഞപ്പട ആരാധകർ പത്രക്കുറിപ്പ് ഇറക്കിയിരുന്നു. ക്ലബ് ചരിത്രത്തിൽ ആദ്യമായാണ് മഞ്ഞപ്പട ഇത്തരമൊരു പ്രകടനമായ എതിർപ്പ് രേഖപ്പെടുത്തിയതെന്നതും ശ്രദ്ധേയം.
സ്വീഡിഷ് മാനേജർ മിഖേൽ സ്റ്റാറെയുടെ ശിക്ഷണത്തിൽ ഐഎസ്എല്ലിൽ തോൽവിയോടെ തുടങ്ങേണ്ടിവന്നത് ടീമിന്റെ കെട്ടുറപ്പിനെ കുറിച്ചുള്ള ആശങ്കകൾക്കു കാരണമായി. പഞ്ചാബ് എഫ്സിക്കെതിരേ നടന്ന മത്സരത്തില്‍ ആദ്യപകുതിയില്‍ ലക്ഷ്യബോധമില്ലാതെ പായുന്ന കേരള ബ്ലാസ്റ്റേഴ്സിനെയാണ് കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ കാണാനായത്.
2-1നാണ് പഞ്ചാബ് എഫ്സി കേരള ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്തിയത്. കഴിഞ്ഞ സീസണില്‍ കാര്യമായ പ്രകടനം നടത്താനാവാതെ എട്ടാം സ്ഥാനത്തായിരുന്ന പഞ്ചാബ് എഫ്സിയെ കഴിഞ്ഞ സീസൺ ഹോം മത്സരത്തിലും കീഴടക്കാൻ കേരള ബ്ലാസ്റ്റേഴ്സിനു സാധിച്ചിരുന്നില്ല.
അതേസമയം, ഡ്യുറന്റ് കപ്പില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ വരെ എത്തി പഞ്ചാബ് എഫ്സി കരുത്ത് തെളിയിച്ചിരുന്നു. ക്വാര്‍ട്ടര്‍ഫൈനലില്‍ മോഹന്‍ ബഗാനുമായുള്ള മത്സരം സമനിലയിലാണ് അവസാനിച്ചത്. ഗ്രൂപ്പ് മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സുമായി സമനില പിടിക്കുകയും ചെയ്തു.
പകരക്കാരനായെത്തി ഒരു ഗോള്‍ അടിക്കുകയും മറ്റൊന്നിനു അവസരമൊരുക്കുകയും ചെയ്ത ലുക്കാ മാജ്സനാണ് പഞ്ചാബിനു ബ്ലാസ്റ്റേഴ്സിനെതിരെ ജയമൊരുക്കിയത്. വിജയ ഗോള്‍ ഇഞ്ചുറി ടൈമില്‍ ഫിലിപ് മിഴ്ലാക് നേടി. ബ്ലാസ്റ്റേഴ്സിനായി സ്പാനിഷുകാരന് ജെസ്യൂസ് ജിമെനെസാണ് ഒരെണ്ണം മടക്കിയത്.
ലൂണയുടെ അഭാവം
അഡ്രിയാൻ ലൂണയുടെ അഭാവം കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രകടനത്തിൽ പ്രകടമായി. ലൂണ ഇല്ലാത്ത ബ്ലാസ്റ്റേഴ്സിനു ജയിക്കാൻ അറിയാത്ത അവസ്ഥയാണ് 2023 ഡിസംബറിനു ശേഷം കണ്ടുവരുന്നത് എന്നതും ഇതിനോടു ചേർത്തു വായിക്കണം.
നിശ്ചിതസമയത്തിന്റെ അവസാന നാലു മിനിറ്റിലും അഞ്ചു മിനിറ്റ് ഇഞ്ചുറി ടൈമിലുമാണ് മത്സരത്തില്‍ ഗോള്‍ പിറന്നത്. ആദ്യം പഞ്ചാബ് എഫ്സിക്കായി ലുക്കാ മാജ്സന്‍ പെനാല്‍റ്റി കിക്കിലൂടെ ഗോള്‍ നേടി. 83ാം മിനിറ്റില്‍ ലിയോണ്‍ അഗസ്റ്റിനെ ബ്ലാസ്റ്റേഴ്സിന്റെ മുഹമ്മദ് സഹീഫ് ബോക്സില്‍ വീഴ്ത്തിയതിനായിരുന്നു പെനാല്‍റ്റി.
92-ാം മിനിറ്റില്‍ കേരള ബ്ലാസ്റ്റേഴ്സ് ആശ്വാസ ഗോള്‍ നേടി. പ്രീതം കോട്ടാല്‍ തൊടുത്ത ക്രോസില്‍ ജിമെനെസ് ഹെഡ് ചെയ്ത് ഗോളാക്കി. 95-ാം മിനിറ്റില്‍ പഞ്ചാബ് വീണ്ടും ലീഡ് നേടി. മാജ്സന്റെ നീക്കം മിഴ്ലാക് പിടിച്ചെടുത്ത് ബോക്സിലേക്ക് തൊടുത്തു. സച്ചിന് ശ്രമിച്ചെങ്കിലും തടയാനായില്ല.
അവസാന മിനിറ്റുകളിൽ ഗോൾ വഴങ്ങി പോയിന്റ് നഷ്ടപ്പെടുത്തുന്ന ദുർബലത 2024-25 സീസണിലും ബ്ലാസ്റ്റേഴ്സിന്റെ തുടർക്കഥയാകുമോ എന്നുമാത്രമാണ് അറിയേണ്ടത്. ഈ മാസം 22ന് കൊച്ചിയിൽ ഈസ്റ്റ് ബംഗാളിനെതിരേയാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം.