ബൈ ബൈ ഡ്യൂറൻഡ്, മാർട്ടിന
Monday, September 9, 2024 1:09 AM IST
പാരാലിന്പിക്സ് ഇതിഹാസങ്ങളായ ക്യൂബയുടെ ഒമാര ഡ്യൂറൻഡ്, ഇറ്റലിയുടെ മാർട്ടിന കെയ്റോണി എന്നിവർ സ്വർണനേട്ടത്തോടെ വിരമിക്കൽ പ്രഖ്യാപിക്കുന്നതിനും പാരീസ് സാക്ഷ്യംവഹിച്ചു. 14 വർഷം നീണ്ട പാരാലിന്പിക് കരിയറിനാണ് മാർട്ടിന വിരാമമിട്ടത്.
2007ൽ നടന്ന ഒരു കാർ അപകടത്തിൽ കാൽ നഷ്ടപ്പെട്ട മാർട്ടിന, പാരാലിന്പിക്സിൽ മൂന്നു സ്വർണം, നാലു വെള്ളി എന്നിങ്ങനെ ഏഴ് മെഡൽ നേടിയിട്ടുണ്ട്. ലോക ചാന്പ്യൻഷിപ്പിലും യൂറോപ്യൻ ചാന്പ്യൻഷിപ്പിലും ആറു വീതം സ്വർണം സ്വന്തമാക്കി. വനിതാ 100 മീറ്റർ ടി63 വിഭാഗത്തിലായിരുന്നു പാരീസ് പാരാലിന്പിക്സിൽ മാർട്ടിനയുടെ സ്വർണം.
കഴ്ചപ്രശ്നമുള്ള ഒമാര, 2024 പാരീസ് പാരാലിന്പിക്സിൽ മൂന്നു സ്വർണം കരസ്ഥമാക്കി. പാരാലിന്പിക് ചരിത്രത്തിൽ 11 സ്വർണം ഈ ക്യൂബൻ താരത്തിനുണ്ട്, ലോക ചാന്പ്യൻഷിപ്പിൽ 14ഉം അമേരിക്കൻ ഗെയിംസിൽ 12ഉം. കരിയറിൽ സ്വർണം മാത്രം നേടിയ താരമെന്ന ബഹുമതിയും ഒമാരയ്ക്കു സ്വന്തം.