ക്ലൈമെറ്റ് കപ്പ് ഗോകുലത്തിന്
Sunday, September 8, 2024 12:10 AM IST
ലഡാക്ക്: ഐ ലീഗിൽ കേരളത്തിന്റെ സജീവ സാന്നിധ്യമായ ഗോകുലം കേരള എഫ്സി അത്യുന്നതങ്ങളിൽ കിരീടത്തിൽ മുത്തമിട്ടു... സമുദ്രനിരപ്പിൽനിന്ന് 11,000 അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന മൈതാനത്തു നടന്ന ക്ലൈമെറ്റ് കപ്പ് ഫൈനലിൽ ഏകപക്ഷീയമായ നാലു ഗോളിന്റെ ജയത്തോടെയാണ് ഗോകുലം ട്രോഫിയിൽ മുത്തമിട്ടത്.
ഹൈആൾറ്റിറ്റ്യൂഡിൽ ശ്വാസം കിട്ടാൻ ബുദ്ധിമുട്ടിയെങ്കിലും കിരീടത്തിലേക്കുള്ള ഗോകുലത്തിന്റെ യാത്രയ്ക്ക് തടയിടാൻ സാധിച്ചില്ല. 4-0ന് ജമ്മു ആൻഡ് കാഷ്മീർ ബാങ്ക് എഫ്സിയെയാണ് ഫൈനലിൽ ഗോകുലം കേരള കീഴടക്കിയത്.
2024-25 സീസണിൽ ഗോകുലത്തിന്റെ കന്നി ട്രോഫിയാണ്. ക്ലൈമെറ്റ് കപ്പ് ട്രോഫി കേരള സംഘം സ്വന്തമാക്കുന്നത് ഇതാദ്യം. 23-ാം മിനിറ്റിൽ ഡിഫെൻഡർ മഷൂറിന്റെ ലോംഗ് റേഞ്ച് റോക്കറ്റ് ഗോളിലൂടെയായിരുന്നു ഗോകുലം അക്കൗണ്ട് തുറന്നത്.
34-ാം മിനിറ്റിൽ ജെ&കെ ബാങ്ക് സെൽഫ് ഗോളിലൂടെ ഗോകുലത്തിന്റെ ലീഡ് വർധിപ്പിച്ചു. 46-ാം മിനിറ്റിൽ തർപുയയും 87-ാം മിനിറ്റിൽ വസിം ജാവേദും ഗോൾ നേടിയതോടെ ഗോകുലം 4-0ന്റെ ഏകപക്ഷീയ ജയമാഘോഷിച്ചു.
ഈ മാസം ഒന്നിനാരംഭിച്ച ടൂർണമെന്റിന്റെ തുടക്കം മുതൽ ആധിപത്യം പുലർത്തിയാണ് ഗോകുലം കിരീടവുമായി നാട്ടിലേക്കു മടങ്ങുന്നത്. സ്കാൽസാങ്ലിംഗ് എഫ്സിയെ 8-1 ന് തകർത്താണ് ഗോകുലം കിരീടത്തിലേക്കുള്ള യാത്ര ആരംഭിച്ചത്.
ഗ്രൂപ്പ് ഘട്ടത്തിൽ ജെ & കെ ബാങ്കിനെതിരേ 2-0 ന് വിജയിച്ചിരുന്നു. സെമിയിൽ 4-2നു പെനാൽറ്റി ഷൂട്ടൗട്ടിൽ ലഡാക്ക് എഫ്സിയെ പരാജയപ്പെടുത്തിയാണ് ഫൈനലിലെത്തിയത്.