അഭിഷേക് നായരുടെ അർധസെഞ്ചുറിയിൽ കൊല്ലത്തിനു ജയം
Tuesday, September 3, 2024 11:30 PM IST
തോമസ് വർഗീസ്
കാര്യവട്ടം: അഭിഷേക് ബാറ്റുകൊണ്ടും ആസിഫും ബേസിലും പന്തുകൊണ്ടും എതിരാളികളെ വരിഞ്ഞുമുറുക്കിയപ്പോൾ കാലിക്കട്ട് ഗ്ലോബ് സ്റ്റാറിനെതിരേ ഏരീസ് കൊല്ലം സെയ്ലേഴ്സിനു തകർപ്പൻ ജയം.
കേരളാ സൂപ്പർ ലീഗ് ട്വന്റി-20 ക്രിക്കറ്റിൽ 105 റണ്‍സ് വിജയലക്ഷ്യത്തിനായി ക്രീസിലെത്തിയ കൊല്ലം 16.4 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ ജയം സ്വന്തമാക്കി. 47 പന്തിൽനിന്ന് 61 റണ്‍സ് നേടിയ അഭിഷേക് നായരാണ് കൊല്ലത്തിന്റെ വിജയശിൽപി.
ഏരീസ് കൊല്ലത്തിനുവേണ്ടി അരുണ്‍ പൗലോസ് ആദ്യ ഓവറിലെ അവസാന പന്ത് ബൗണ്ടറി പായിച്ച് നയം വ്യക്തമാക്കി. എൻ. അഭിഷേക് അരുണ്‍ പൗലോസ് ഓപ്പണിംഗ് ജോഡി ഏറെ ശ്രദ്ധയോടെയാണ് ബാറ്റിംഗ് ആരംഭിച്ചത്.
പക്ഷേ 2.3-ാം ഓവറിൽ അരുണ്‍ പൗലോസിന്റെ വിക്കറ്റ് നഷ്ടമായി. എട്ടു പന്തിൽ 10 റണ്‍സ് നേടിയ അരുണിനെ ഇബ്നുൽ അഫ്താബ് അജിത് വാസുദേവന്റെ കൈകളിലെത്തിച്ചു. തുടർന്നെത്തിയ ക്യാപ്റ്റൻ സച്ചിൻ ബേബിയും അഭിഷേകും ചേർന്ന് സ്കോർബോർഡ് ചലിപ്പിച്ചു. ടീം സ്കോർ 42ൽ നില്‍ക്കെ സച്ചിൻ ബേബിയെ അഖിൽ സ്കറിയ വിക്കറ്റിനു മുന്നിൽ കുടുക്കി.
22 പന്തിൽ നിന്നും 19 റണ്‍സായിരുന്നു സച്ചിന്റെ സന്പാദ്യം. ഒന്‍പതാം ഓവറിൽ കൊല്ലത്തിന്റെ സ്കോർ 50 കടന്നു. വത്സൽ ഗോവിന്ദുമായി ചേർന്ന് അഭിഷേക് ടീം സ്കോർ 75 കടത്തി. ഇതിനിടയിൽ 44 പന്തിൽനിന്നും അഭിഷേക് അർധ സെഞ്ചുറി തികച്ചു. 16 റണ്‍സുമായി വത്സൽ ഗോവിന്ദ് പുറത്താകാതെ നിന്നു.
തീപ്പൊരിയേറ്
ടോസ് നേടി ഫീൽഡിംഗ് തെരഞ്ഞെടുത്ത കൊല്ലത്തിന്റെ ഓപ്പണിംഗ് ബൗളർമാരായ കെ.എം ആസിഫും എൻ.പി ബേസിലും ആദ്യ ഓവറുകളിൽ തന്നെ കാലിക്കട്ടിനെ പ്രതിരോധത്തിലാക്കി. കാലിക്കട്ട് ഗ്ലോബ്സ്റ്റാറിനുവേണ്ടി രോഹൻ കുന്നുമ്മേലും കെ.എ. അരുണുമാണ് ഓപ്പണിംഗിനിറങ്ങിയത്.
ആദ്യ ഓവർ എറിഞ്ഞ കെ.എം. ആസിഫ് രണ്ടു റണ്‍സ് മാത്രമാണ് വിട്ടുകൊടുത്തത്. മൂന്നാം ഓവറിലെ ആദ്യ പന്ത് രോഹൻ കുന്നുമ്മേൽ ബൗണ്ടിറിയിലേക്ക് പായിച്ചു. തൊട്ടടുത്ത പന്തിൽ രോഹനെ ബൗൾഡാക്കി ആസിഫ് തിരിച്ചടിച്ചു.
തുടർന്ന് ക്രീസിലെത്തിയ എം. അജ്നാസ് നാലു പന്തിൽ ഒരു റണ്ണുമായി ഡ്രസിംഗ് റൂമിലേക്ക് മടങ്ങി. സ്കോർ ബോർഡിൽ 56 റണ്‍സ് എത്തിയപ്പോൾ ഗ്ലോബ് സ്റ്റാറിനു വേണ്ടി ഒറ്റയാൾ പോരാട്ടം നടത്തിയ ഓപ്പണർ കെ.എ അരുണിന്റെ വിക്കറ്റ് നഷ്ടമായി. 37 പന്തിൽ നിന്നും 38 റണ്‍സ് നേടിയ അരുണിനെ എൻ.പി. ബേസിലിന്റെ പന്തിൽ വൽസൽ ഗോവിന്ദ് പിടിച്ചു പുറത്താക്കി.
സൽമാൻ നിസാർ 27 പന്തിൽ 18 റണ്‍സ് നേടി. വാലറ്റത്തു നിന്നു പൊരുതിയ അഭിജിത്ത് പ്രവീണിനെ 20 റണ്‍സെടുത്തു നില്‍ക്കെ സച്ചിൻ ബേബി റണ്‍ ഔട്ടാക്കി. 20 ഓവർ പിന്നിട്ടപ്പോൾ കാലിക്കട്ടിന്റെ സ്കോർ ഒന്‍പതു വിക്കറ്റ് നഷ്ടത്തിൽ 104 റണ്‍സ്.
കേരള ക്രിക്കറ്റ് ലീഗിന്റെ ഉദ്ഘാടന മത്സരത്തിൽ ആലപ്പുഴ റിപ്പിൾസ് അഞ്ചു വിക്കറ്റിന് തൃശൂർ ടൈറ്റൻസിനെയും രണ്ടാം മത്സരത്തിൽ ട്രിവാൻഡ്രം റോയൽസ് ഒരു റണ്ണിന് കൊച്ചി ബ്ലൂ ടൈഗേഴ്സിനെയും തോൽപ്പിച്ചിരുന്നു.
തോൽവിയിൽ കൊച്ചി ബ്ലൂ ടൈഗേഴ്സ് ബിസിസിഐയ്ക്കും കെസിഐയ്ക്കും പരാതി നല്കി. അന്പയറിംഗിലെ പിഴവ് ചൂണ്ടിക്കാട്ടിയാണ് കൊച്ചിയുടെ പരാതി.