പാരീസ് ഒളിന്പിക്സിൽ വെള്ളി മെഡല്‍ നേട്ടത്തില്‍ നീരജ് ചോപ്ര
Saturday, August 10, 2024 2:12 AM IST
പാരീസ്: ലോക അത്ലറ്റിക്സിൽ ഇന്ത്യയുടെ രാജയായി വീണ്ടും നീരജ് ചോപ്ര... തുടർച്ചയായ പോഡിയം ഫിനിഷിലൂടെ ജാവലിൻത്രോ ലോകത്തിൽ നിർണായക സ്ഥാനത്തുണ്ടെന്നു വ്യക്തമാക്കി നീരജ് ചോപ്ര പാരീസ് ഒളിന്പിക്സിൽ വെള്ളിയണിഞ്ഞു. 89.45 മീറ്റർ ദൂരേയ്ക്കു ജാവലിൻ പായിച്ചായിരുന്നു നീരജ് വെള്ളി സ്വന്തമാക്കിയത്.
2020 ടോക്കിയോയിലേക്കാൾ മികച്ച പ്രകടനം; എന്നാൽ, അന്നു നേടിയ സ്വർണ മെഡലിന്റെ നിറം മാറാതെ കാത്തുസൂക്ഷിക്കാൻ സാധിച്ചില്ല. ടോക്കിയോ ഒളിന്പിക്സിൽ 87.58 മീറ്ററുമായായിരുന്നു നീരജ് സ്വർണം സ്വന്തമാക്കിയത്.
ടോക്കിയോയിൽ അഞ്ചാം സ്ഥാനത്തായിരുന്ന പാക്കിസ്ഥാന്റെ അർഷാദ് നദീമിനാണ് സ്വർണം. 92.97 മീറ്ററാണ് അർഷാദ് ജാവലിൻ പായിച്ചത്. ഒളിന്പിക്, ഏഷ്യൻ റിക്കാർഡുകളും ഇതോടെ അർഷാദിന്റെ പേരിനൊപ്പം ചേർക്കപ്പെട്ടു.
മെഡലുറപ്പിച്ച രണ്ടാം ശ്രമം
2020 ടോക്കിയോ ഒളിന്പിക്സിൽ രണ്ടാം ശ്രമത്തിലായിരുന്നു നീരജ് സ്വർണം സ്വന്തമാക്കിയ 87.58 മീറ്റർ എന്ന ദൂരം കുറിച്ചത്. പാരീസിലും രണ്ടാം ശ്രമത്തിലായിരുന്നു നീരജിന്റെ വെള്ളി മെഡൽ. യോഗ്യതാ റൗണ്ടിൽ 89.34 മീറ്റർ ജാവലിൻ പായിച്ച് ഒന്നാം സ്ഥാനത്തോടെയായിരുന്നു നീരജ് ഫൈനലിലേക്കു മുന്നേറിയത്.
തുടർച്ചയായ രണ്ടാം ഒളിന്പിക് സ്വർണം എന്നതായിരുന്നു നീരജിൽനിന്ന് ഇന്ത്യയുടെ പ്രതീക്ഷ. ഫൈനലിൽ നീരജിന്റെ ആദ്യശ്രമം ഫൗളിൽ കലാശിച്ചു. രണ്ടാം ശ്രമത്തിൽ 89.45 മീറ്റർ. പിന്നീട് മൂന്നാം ശ്രമത്തിൽ കഠിനമായി പരിശ്രമിച്ചെങ്കിലും അടിതെറ്റിവീണു ലൈൻ കടന്നു. അതോടെ ആ ശ്രമവും ഫൗളിൽ. നാലും അഞ്ചും ആറും ശ്രമങ്ങളും ഫൗളിൽ കലാശിച്ചു. ചുരുക്കത്തിൽ ഫൈനലിൽ നീരജിന്റെ ഒരേറുമാത്രമായിരുന്നു ഫൗളല്ലാതിരുന്നത്. ആ ഏറിൽ വെള്ളിത്തിങ്കളാകുകയും ചെയ്തു.
ഏറ്റവും ശ്രദ്ധേയം പാക് താരം അർഷാദ് നദീമിന്റെ ആദ്യശ്രമവും ഫൗളായിരുന്നു. രണ്ടാം ശ്രമത്തിലായിരുന്നു അർഷാദ് ഒളിന്പിക് റിക്കാർഡ് തിരുത്തി 92.97 മീറ്റർ ജാവലിൻ പായിച്ചത്. 88.72, 79.40, 84.87, 91.79 എന്നിങ്ങനെയായിരുന്നു അർഷാദിന്റെ തുടർന്നുള്ള ഏറുകൾ. ഗ്രനാഡയുടെ ആൻഡേഴ്സണ് പീറ്റേഴ്സണിനാണ് വെങ്കലം. തന്റെ നാലാം ശ്രമത്തിൽ 88.54 മീറ്റർ ക്ലിയർ ചെയ്തായിരുന്നു ആൻഡേഴ്സണ് പോഡിയം ഫിനിഷ് നടത്തിയത്.
ഏഷ്യൻ പവർ
യൂറോപ്യൻ കരുത്തന്മാരായ ചെക് റിപ്പബ്ലിക്കിന്റെ ജാക്കൂബ് വ്ളാഡിച്ച്, ജർമനിയുടെ ജൂലിയൻ വെബ്ബർ എന്നിവരെ നിഷ്പ്രഭമാക്കിയായിരുന്നു ഏഷ്യൻ കരുത്തറിയിച്ച് നീരജ് ചോപ്രയും അർഷാദ് നദീമും പുരുഷ ജാവലിൻത്രോയിൽ ആദ്യ രണ്ടു സ്ഥാനത്ത് ഫിനിഷ് ചെയ്തത്.
ഫൈനലിലെ ഏറ്റവും മികച്ച നാലു ദൂരങ്ങളിൽ മൂന്നും ഇന്ത്യ-പാക് താരങ്ങളുടെ പേരിലായിരുന്നു എന്നതും ശ്രദ്ധേയം. അർഷാദ് രണ്ടു പ്രാവശ്യം (രണ്ടാം ശ്രമത്തിൽ 92.97 മീറ്റർ, ആറാം ശ്രമത്തിൽ 91.79 മീറ്റർ) 90 മീറ്റർ കടന്നു. നീരജ് ഒരു തവണ 90ന് അടുത്തെത്തി (89.45). ആൻഡേഴ്സണ് പീറ്റേഴ്സിന്റേതായിരുന്നു ഫൈനലിലെ ഏറ്റവും മികച്ച നാലാമത്തെ (88.54) ദൂരം.
പരിക്കുചിന്ത 45%
കാലിന്റെ അകംതുട ഞരന്പിനേറ്റ പരിക്കുമായാണ് നീരജ് ചോപ്ര പാരീസ് ഒളിന്പിക്സിനെത്തിയത്. എങ്കിലും സീസണിൽ തന്റെ ഏറ്റവും മികച്ച ദൂരം കണ്ടെത്താൻ നീരജിനു സാധിച്ചു. പരിക്കിന്റെ പ്രശ്നം അലട്ടിയിരുന്നെന്നും മത്സരിക്കുന്പോൾ 40-45 ശതമാനം ചിന്തയും പരിക്കിനെ കുറിച്ചായിരിക്കുമെന്നും ഒളിന്പിക് വെള്ളി നേട്ടത്തിനുശേഷം മാധ്യമങ്ങൾക്കു മുന്നിലെത്തിയപ്പോൾ നീരജ് വെളിപ്പെടുത്തി.
പരിക്കിനെക്കുറിച്ചുള്ള ചിന്തയോടെ മത്സരിക്കുന്പോൾ 100 ശതമാനവും സമർപ്പിക്കാൻ സാധിക്കില്ല. ഒരു മികച്ച ഡോക്ടറെകണ്ട് ശസ്ത്രക്രിയയാണ് പരിഹാരമെങ്കിൽ അതു ചെയ്യണം. വേണ്ടിവന്നാൽ ത്രോയിലെ ടെക്നിക്ക് മാറ്റാനും ശ്രമിക്കും- നീരജ് പറഞ്ഞു.
സ്വർണം നേടിയ അർഷാദ് നദീം, വെങ്കലം നേടിയ ഗ്രനാഡയുടെ ആൻഡേഴ്സണ് പീറ്റേഴ്സ് എന്നിവർക്കൊപ്പമായിരുന്നു നീരജിന്റെ പത്രസമ്മേളനം. അർഷാദും, ആൻഡേഴ്സണും പരിക്കിന്റെ പ്രശ്നങ്ങളുണ്ടായിരുന്നു എന്നും നീരജ് ചൂണ്ടിക്കാണിച്ചു.
നീരജ്=സ്ഥിരത
സ്വർണം നഷ്ടപ്പെട്ടെങ്കിലും സീസണിൽ നീരജിന്റെ ഏറ്റവും മികച്ച പ്രകടനമാണ് പാരീസ് ഒളിന്പിക്സിൽ കണ്ടത്. മാത്രമല്ല, തുടർച്ചയായി പോഡിയം ഫിനിഷ് നടത്തുന്നു എന്നതും ശ്രദ്ധേയം. പുരുഷ ജാവലിൻത്രോയിൽ ഇത്രയും സ്ഥിരതയാർന്ന പ്രകടനം നിലവിൽ ലോകത്തിൽ മറ്റാർക്കുമില്ലെന്നതാണ് ഹൈലൈറ്റ്. കാരണം, 2020 ടോക്കിയോ ഒളിന്പിക്സിൽ സ്വർണം നേടിയശേഷം 16 ഇവന്റുകളിലാണ് നീരജ് ചോപ്ര പങ്കെടുത്തത്. അതിൽ ഒന്‍പതിലും ജേതാവായി.