100 ഗ്രാം തകർത്ത 529 ഗ്രാം സ്വപ്നം
Thursday, August 8, 2024 12:39 AM IST
പാരീസ്: ഇന്ത്യൻ ഗുസ്തി ഫെഡറേഷൻ പ്രസിഡന്റും ബിജെപി മുൻ എംപിയുമായ ബ്രിജ്ഭൂഷൻ സിംഗിനെതിരായ ലൈംഗികാരോപണം ആദ്യം പൊതുസമക്ഷത്തു കൊണ്ടുവന്നത് വിനേഷ് ഫോഗട്ടായിരുന്നു. ഇതേത്തുടർന്ന് രാഷ്ട്രീയ പകപോക്കലിനും വ്യക്തിഹത്യക്കും വിനേഷ് വിധേയമായി.
ഗുസ്തി ഫൈനലിനു തൊട്ടുമുന്പ് 100 ഗ്രാം തൂക്കം കൂടിയെന്ന കാരണത്താൽ അയോഗ്യയാക്കപ്പെട്ടതിലും ചിലർ രാഷ്ട്രീയ അട്ടിമറി ആരോപിച്ചു. ടെക്നീഷൻമാരുടെ ഗൂഡനീക്കമാണ് ഫോഗട്ടിന്റെ അയോഗ്യതയ്ക്കു പിന്നിലെന്നും ആരോപണമുയർന്നു.
ഏതായാലും ഒളിന്പിക് ചരിത്രത്തിൽ വനിതാ ഗുസ്തിയിൽ ഫൈനലിൽ പ്രവേശിച്ച ആദ്യ ഇന്ത്യൻ താരമായിരുന്നു വിനേഷ് ഫോഗട്ട്. 529 ഗ്രാം സ്വർണ സ്വപ്നം 100 ഗ്രാം തകർത്തെന്നു പറഞ്ഞാൽ തെറ്റില്ല. കാരണം, പാരീസ് ഒളിന്പിക്സിലെ സ്വർണ മെഡലിന്റെ തൂക്കമാണ് 529 ഗ്രാം.
രണ്ടു നീതി
33-ാം ഒളിന്പിക്സിൽ രണ്ടു നീതിയോ എന്ന ചോദ്യവുമുയർന്നിട്ടുണ്ട്. കാരണം, അൾജീരിയയുടെ വനിതാ ബോക്സർ ഇമാൻ ഖലീഫിനു നൽകിയ ആനുകൂല്യം ഇന്ത്യയുടെ വിനേഷ് ഫോഗട്ടിനു ലഭിച്ചില്ല. വനിതാ ബോക്സിംഗിൽ മത്സരിക്കുന്ന ഭിന്നലിംഗക്കാരിയാണ് ഇമാൻ ഖലീഫ്.
പ്രീക്വാർട്ടറിൽ ഇറ്റലിയുടെ ആംഗല കാരിനി ഇമാൻ ഖലീഫിനെതിരേ 46 സെക്കൻഡ് മാത്രം റിംഗിൽ ചെലവഴിച്ചശേഷം മത്സരത്തിൽനിന്നു പിന്മാറിയിരുന്നു. ഒളിന്പിക് വേദിയിൽ ഇടി തുടർന്ന ഇമാൻ ഖലീഫ് ഫൈനലിലെത്തി നിൽക്കുന്നു.
ബോക്സിംഗ് റിംഗിൽ ഇക്കാര്യം നടക്കുന്പോഴാണ് സമാന്തരമായി ഗോദയിൽ 100 ഗ്രാം അധികതൂക്കത്തിന്റെ പേരിൽ ഇന്ത്യയുടെ വിനേഷ് ഫോഗട്ട് അയോഗ്യയാക്കപ്പെട്ടത്.