കിംഗ് അൽകരാസ്
Monday, July 15, 2024 2:09 AM IST
ലണ്ടൻ: തുടർച്ചയായ രണ്ടാം തവണയും വിംബിൾഡണ്‍ ടെന്നീസ് പുരുഷ സിംഗിൾസ് കിരീടത്തിൽ മുത്തമിട്ട് സ്പെയിനിന്റെ കാർലോസ് അൽകരാസ്. ഫൈനലിൽ ലോക മൂന്നാം റാങ്ക് താരം അൽകരാസ് നേരിട്ടുള്ള സെറ്റുകൾക്ക് ലോക രണ്ടാം റാങ്ക് താരവും മുൻ ചാന്പ്യനുമായ നൊവാക് ജോക്കോവിച്ചിനെ തോൽപ്പിച്ചു. 6-2, 6-2, 7-6(7-4) നായിരുന്നു സ്പാനിഷ് താരത്തിന്റെ ജയം. ഈ വർഷത്തെ തുടർച്ചയായ രണ്ടാമത്തെ ഗ്രാൻസ്ലാം ട്രോഫിയാണ്. ഫ്രഞ്ച് ഓപ്പണിലും അൽകരാസായിരുന്നു ചാന്പ്യൻ. ഇരുപത്തിയൊന്നുകാരന്റെ നാലാമത്തെ ഗ്രാൻസ്ലാം നേട്ടമാണ് വിംബിൾഡണിൽ സ്വന്തമാക്കിയത്.
25-ാം ഗ്രാൻസ്ലാം തേടിയെത്തിയ സെർബിയൻ താരത്തിന് ആദ്യ രണ്ട് സെറ്റിലും അൽകരാസിന്റെ കരുത്തിനു മുന്നിൽ പിടിച്ചുനിൽക്കാനായില്ല. മൂന്നാം സെറ്റിൽ 4-5ന് അൽകരാസ് മുന്നിൽനിൽക്കേ സെർവ് ബ്രേക് ചെയ്ത് ജോക്കോവിച്ച് ഒപ്പമെത്തി. അൽകരാസിന്റെ റിട്ടേണിലെ പിഴവിൽ ജോക്കോവിച്ച് 6-5ന് മുന്നിലെത്തി.
അടുത്ത ഗെയിം അൽകരാസും നേടിയതോടെ ടൈ ബ്രേക്കറിൽ. ടൈബ്രേക്കറിലും വാശിയേറിയ പോരാട്ടം നടന്നു. 3-3ന് നിൽക്കേ ഒരു പോയിന്റ് കൂടിയേ ജോക്കോവിച്ചിന് നേടാനായുള്ളൂ. തുടർച്ചയായ പോയിന്റുകൾ നേടി അൽകരാസ് ചാന്പ്യൻഷിപ്പ് സ്വന്തമാക്കി.