യൂ​​റോ​​പ്പി​​ലും ലാ​​റ്റി​​ന​​മേ​​രി​​ക്ക​​യി​​ലും ഇ​​ന്ന് ഫു​​ട്ബോ​​ളി​​ന്‍റെ പൊ​​ൻ​​പു​​ല​​രി... കേ​​ര​​ള​​ക്ക​​ര ഇ​​ന്ന് ഇ​​രു​​ട്ടി​​വെ​​ളു​​ക്കു​​ന്ന​​ത് യൂ​​റോ​​പ്പി​​ന്‍റെ​​യും ലാ​​റ്റി​​ന​​മേ​​രി​​ക്ക​​യു​​ടെ​​യും ഫു​​ട്ബോ​​ൾ രാ​​ജാ​​ക്ക​ന്മാ​​രു​​ടെ ആ​​ഘോ​​ഷ​​ത്തി​​മി​​ർ​പ്പി​​ലേ​​ക്കാ​​യി​​രി​​ക്കും...

ഇ​​ന്ത്യ​​ൻ സ​​മ​​യം അ​​ർ​​ധ​​രാ​​ത്രി 12.30ന് ​​യൂ​​റോ ക​​പ്പ് ഫൈ​​ന​​ലി​​ൽ സ്പെ​​യി​​നും ഇം​​ഗ്ല​​ണ്ടും കൊ​​ന്പു​​കോ​​ർ​​ക്കും. യൂ​​റോ കി​​രീ​​ടം ആ​​ർ​​ക്കെ​​ന്നു നി​​ശ്ച​​യി​​ക്ക​​പ്പെ​​ട്ട് അ​​തി​​ന്‍റെ ആ​​ഘോ​​ഷ​​ത്തി​​ന്‍റെ ചൂ​​ടാ​​റും മു​​ന്പ് കോ​​പ്പ ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​നാ​​യി അ​​ർ​​ജ​​ന്‍റീ​​ന​​യും കൊ​​ളം​​ബി​​യ​​യും ക​ള​ത്തി​ലെ​ത്തും. ഇ​​ന്ത്യ​​ൻ സ​​മ​​യം തി​​ങ്ക​​ൾ പു​​ല​​ർ​​ച്ചെ 5.30നാ​​ണ് കോപ്പ ഫൈ​​ന​​ലി​​ന്‍റെ കി​​ക്കോ​​ഫ്.

സ്പെയിൻ v/s ഇംഗ്ലണ്ട്

ബെ​​ർ​​ലി​​ൻ: യൂ​​റോ ക​​പ്പ് ഫൈ​​ന​​ലി​​ൽ സ്പെ​​യി​​നും ഇം​​ഗ്ല​​ണ്ടും കൊ​​ന്പു​​കോ​​ർ​​ക്കു​​ന്പോ​​ൾ ര​​ണ്ട് താ​​ര​​ങ്ങ​​ളു​​ടെ നേ​​ർ​​ക്കു​​നേ​​ർ ഏ​​റ്റു​​മു​​ട്ട​​ൽ​​കൂ​​ടി​​യാ​​കു​​മ​​ത്- സ്പെ​​യി​​നി​​ന്‍റെ പ​​തി​​നേ​​ഴു​​കാ​​ര​​ൻ ല​​മെ​​യ്ൻ യ​​മാ​​ലി​​ന്‍റെ​​യും ഇം​​ഗ്ല​​ണ്ടി​​ന്‍റെ ഇ​​രു​​പ​​ത്തൊ​​ന്നു​​കാ​​ര​​ൻ ജൂ​​ഡ് ബെ​​ല്ലി​​ങ്ഗ​​മി​​ന്‍റെ​​യും...

2024 യൂ​​റോ​​യി​​ൽ ബെ​​ല്ലി​​ങ്ഗം ആ​​റു മ​​ത്സ​​ര​​ങ്ങ​​ളി​​ൽ​​നി​​ന്ന് ര​​ണ്ട് ഗോ​​ൾ സ്വ​​ന്ത​​മാ​​ക്കി​​യി​​ട്ടു​​ണ്ട്. പ്രീ​​ക്വാ​​ർ​​ട്ട​​റി​​ൽ സ്ലോ​​വാ​​ക്യ​​ക്കെ​​തി​​രേ ഇ​​ഞ്ചു​​റി ടൈ​​മി​​ൽ ബൈ​​സി​​ക്കി​​ൾ കി​​ക്കി​​ലൂ​​ടെ നേ​​ടി​​യ ഗോ​​ളാ​​ണ് ബെ​​ല്ലി​​ങ്ഗ​​മി​​ന്‍റെ ക്ലാ​​സ് തെ​​ളി​​യി​​ച്ച നി​​മി​​ഷം.

ഇ​​ന്ന​​ലെ 17-ാം പി​​റ​​ന്നാ​​ൾ ആ​​ഘോ​​ഷി​​ച്ച യ​​മാ​​ൽ സെ​​മി​​യി​​ൽ ഫ്രാ​​ൻ​​സി​​നെ​​തി​​രേ 21-ാം മി​​നി​​റ്റി​​ൽ നേ​​ടി​​യ ക്ലാ​​സി​​ക് ഗോ​​ളി​​ലൂ​​ടെ ത​​ന്‍റെ ക്വാ​​ളി​​റ്റി​​യും വ്യ​​ക്ത​​മാ​​ക്കി​​ക്ക​​ഴി​​ഞ്ഞു. ഈ ​​യൂ​​റോ​​യി​​ൽ ഒ​​രു ഗോ​​ളും മൂ​​ന്ന് അ​​സി​​സ്റ്റും യ​​മാ​​ലി​​നു​​ണ്ട്. ചു​​രു​​ക്ക​​ത്തി​​ൽ യ​​മാ​​ലും ബെ​​ല്ലി​​ങ്ഗ​​മും ഇ​​രു​​വ​​ശ​​ങ്ങ​​ളി​​ലാ​​യി അ​​ണി​​നി​​ര​​ന്നു ന​​യി​​ക്കു​​ന്ന യൂ​​റോ യു​​ദ്ധ​​ത്തി​​ന്‍റെ ഫ​​ലം പ്ര​​വ​​ച​​നാ​​തീ​​ത​​മാ​​ണ്...

കി​​രീ​​ടം; ന​​ന്പ​​ർ 1/4?

യൂ​​റോ ക​​പ്പി​​ൽ ഇം​​ഗ്ല​​ണ്ട് ഇ​​തു​​വ​​രെ മു​​ത്തം​​വ​​ച്ചി​​ട്ടി​​ല്ല. 2020 ഫൈ​​ന​​ലി​​ൽ പ്ര​​വേ​​ശി​​ച്ച​​താ​​യി​​രു​​ന്നു ഇ​​തു​​വ​​രെ​​യു​​ള്ള മി​​ക​​ച്ച നേ​​ട്ടം. ക​​ന്നി​​ക്കി​​രീ​​ട​​മാ​​ണ് ഇം​​ഗ്ല​​ണ്ട് സ്വ​​പ്നം കാ​​ണു​​ന്ന​​ത്. ഗാ​​രെ​​ത് സൗ​​ത്ത്ഗേ​​റ്റി​​ന്‍റെ ശി​​ക്ഷ​​ണ​​ത്തി​​ൽ ഹാ​​രി കെ​​യ്ൻ, ബെ​​ല്ലി​​ങ്ഗം, ഫി​​ൽ ഫോ​​ഡ​​ൻ, ബു​​കാ​​യോ സാ​​ക്ക, കെ​​യ്ൽ വാ​​ക്ക​​ർ, കി​​ര​​ണ്‍ ട്രി​​പ്പി​​യ​​ർ എ​​ന്നി​​ങ്ങ​​നെ നീ​​ളു​​ന്നു ഇം​​ഗ്ലീ​​ഷ് ക​​രു​​ത്ത്.

മ​​റു​​വ​​ശ​​ത്ത് 2012നു​​ശേ​​ഷം ഒ​​രു പ്ര​​മു​​ഖ കി​​രീ​​ട​​മാ​​ണ് സ്പെ​​യി​​ൻ ല​​ക്ഷ്യം​​വ​​യ്ക്കു​​ന്ന​​ത്. 1964, 2008, 2012 എ​​ന്നി​​ങ്ങ​​നെ മൂ​​ന്നു വ​​ർ​​ഷം സ്പെ​​യി​​ൻ യൂ​​റോ ചാ​​ന്പ്യ​ന്മാ​​രാ​​യി​​ട്ടു​​ണ്ട്. ലൂ​​യി​​സ് ഡെ ​​ല ഫു​​ന്‍റെ​​യാ​​ണ് സ്പെ​​യി​​നിന്‍റെ പ​​രി​​ശീ​​ല​​ക​​ൻ. ആ​​ൽ​​വാ​​രൊ മൊ​​റാ​​ട്ട, നി​​ക്കോ വി​​ല്യം​​സ്, ല​​മെ​​യ്ൻ യ​​മാ​​ൽ, ഡാ​​നി ഓ​​ൾ​​മോ, ഫെ​​റാ​​ൻ റൂ​​യി​​സ്, റോ​​ഡ്രി എ​​ന്നി​​ങ്ങ​​നെ നീ​​ളു​​ന്ന പ്ര​​തി​​ഭാ​​ധ​​ന​​രാ​​ണ് സ്പെ​​യി​​നി​​ന്‍റെ ശ​​ക്തി.

യ​​മാ​​ലി​​ന് എ​​ക്സ്ട്രാ ടൈ​​മി​​ൽ ഇ​​റ​​ങ്ങാ​​നാ​​വി​​ല്ല!

ബ​ർ​ലി​ൻ: സ്പെ​യി​നി​ന്‍റെ കൗ​മാ​ര​വി​സ്മ​യം ല​മെ​യ്ൻ യ​മാ​ലി​ന് ഇ​ന്ന് ഇം​ഗ്ല​ണ്ടി​നെ​തി​രേ​യു​ള്ള ഫൈ​ന​ൽ എ​ക്സ്ട്രാ ടൈ​മി​ലേ​ക്കെ​ത്തി​യാ​ൽ ക​ളി​ക്കാ​നാ​വി​ല്ല. ജ​ർ​മ​ൻ ലേ​ബ​ർ നി​യ​മ​പ്ര​കാ​രം മൈ​ന​ർ (18 വ​യ​സി​ൽ താ​ഴെ​യു​ള്ള​വ​ർ) പ്രാ​യ​ക്കാ​ർ​ക്ക് രാ​ത്രി എ​ട്ട് വ​രെ​യേ തൊ​ഴി​ലി​ൽ ഏ​ർ​പ്പെ​ടാ​നാ​കൂ. കാ​യി​കതാ​ര​ങ്ങ​ൾ​ക്കാ​ണെ​ങ്കി​ൽ രാ​ത്രി 11 വ​രെ​യും.

ബ​ർ​ലി​ൻ ഒ​ളി​ന്പി​ക് സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കു​ന്ന ഫൈ​ന​ൽ ജ​ർ​മ​ൻ സ​മ​യം രാ​ത്രി ഒ​ന്പ​തു മ​ണി​ക്കാ​ണ് ആ​രം​ഭി​ക്കു​ക. മ​ത്സ​ര​ത്തി​ലെ 15 മി​നി​റ്റ് ഇ​ട​വേ​ള​യും ചേ​ർ​ന്ന് മ​ത്സ​രം രാ​ത്രി 11നാ​ണ് പൂ​ർ​ത്തി​യാ​കേണ്ട​ത്. ഇ​തി​നൊ​പ്പം ഇ​ഞ്ചു​റി ടൈം ​കൂ​ടി ചേ​ർ​ന്നു ക​ഴി​ഞ്ഞാ​ൽ മ​ത്സ​ര സ​മ​യം നീ​ളും.

യ​മാ​ൽ ഗ്രൂ​പ്പ് ഘ​ട്ട​ത്തി​ൽ ക്രൊ​യേ​ഷ്യ​ക്കെ​തി​രേ 86 മി​നി​റ്റ് വ​രെ​യും ഇ​റ്റ​ലി​ക്കെ​തേി​ര 71 മി​നി​റ്റ് വ​രെ​യും അ​ൽ​ബേ​നി​യ​യ്ക്ക​തി​രേ അ​വ​സാ​ന 19 മി​നി​റ്റും മാ​ത്ര​മേ ക​ളി​ച്ചു​ള്ളൂ. 11 മ​ണി​ക്കു​ശേ​ഷം ക​ളി​പ്പി​ച്ചാ​ൽ സ്പാ​നി​ഷ് ഫു​ട്ബോ​ൾ അ​സോ​സി​യേ​ഷ​ൻ 30,000 യൂ​റോ (27 ല​ക്ഷം രൂ​പ) പി​ഴ ന​ൽ​ക​ണം. പി​ഴ ജ​ർ​മ​ൻ സ​ർ​ക്കാ​രി​ന്‍റെ ന​ട​പ​ടി​യെ ആ​ശ്ര​യി​ച്ചി​രി​ക്കും.

ഇം​​ഗ്ല​​ണ്ട് x സ്പെ​​യി​​ൻ

2024 യൂ​​റോ ക​​പ്പ്

07 അ​​ടി​​ച്ച ഗോ​​ൾ 13
04 വ​​ഴ​​ങ്ങി​​യ ഗോ​​ൾ 03

ഇം​​ഗ്ല​​ണ്ട് x സ്പെ​​യി​​ൻ

യൂ​​റോ ച​​രി​​ത്രം

00 കി​​രീ​​ടം 03
01 റ​​ണ്ണേ​​ഴ്സ് അ​​പ്പ് 01

അർജന്‍റീന v/s കൊളംബിയ


മ​​യാ​​മി: ആ​​വേ​​ശ​​ക​​ര​​വും നാ​​ട​​കീ​​യ മു​​ഹൂ​​ർ​​ത്ത​​ങ്ങ​​ളും നി​​റ​​ഞ്ഞ ഒ​​രു മാ​​സ​​ത്തെ പോ​​രാ​​ട്ട​​ത്തി​​നു​​ശേ​​ഷം കോ​​പ്പ അ​​മേ​​രി​​ക്ക 2024ന്‍റെ ചാ​​ന്പ്യ​​ൻ ആ​​രെ​​ന്ന​​റി​​യു​​ന്ന​​തി​​നു​​ള്ള പോ​​രാ​​ട്ടം ഇ​​ന്ത്യ​​ൻ സ​​മ​​യം നാ​​ളെ രാ​​വി​​ലെ 5.30ന് ​​മ​​യാ​​മി​​യി​​ലെ ഹാ​​ർ​​ഡ് റോ​​ക്ക് സ്റ്റേ​​ഡി​​യ​​ത്തി​​ൽ അ​​ര​​ങ്ങേ​​റും.


തു​​ട​​ർ​​ച്ച​​യാ​​യ ര​​ണ്ടാ​​മ​​ത്തെ കോ​​പ്പ അ​​മേ​​രി​​ക്ക കി​​രീ​​ട​​വും പ്ര​​ധാ​​ന ടൂ​​ർ​​ണ​​മെ​​ന്‍റി​​ൽ ഹാ​​ട്രി​​ക് കി​​രീ​​ട​​വും ല​​ക്ഷ്യ​​മി​​ടു​​ന്ന അ​​ർ​​ജ​​ന്‍റീ​​ന​​യും 23 വ​​ർ​​ഷ​​ത്തി​​നു​​ശേ​​ഷം ഒ​​രു പ്ര​​ധാ​​ന ചാ​​ന്പ്യ​​ൻ​​ഷി​​പ്പ് മോ​​ഹി​​ക്കു​​ന്ന കൊ​​ളം​​ബി​​യ​​യു​​മാ​​ണ് ഏ​​റ്റു​​മു​​ട്ടു​​ന്ന​​ത്.

ഫൈ​​ന​​ലി​​ൽ ജ​​യി​​ക്കാ​​നാ​​യാ​​ൽ അ​​ർ​​ജ​​ന്‍റീ​​ന​​യ്ക്ക് ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ ത​​വ​​ണ കോ​​പ്പ അ​​മേ​​രി​​ക്ക ജേ​​താ​​ക്ക​​ളാ​​യ റി​​ക്കാ​​ർ​​ഡി​​ലെ​​ത്താം. നി​​ല​​വി​​ൽ 15 എ​​ണ്ണം വീ​​ത​​മാ​​യി ഉ​​റു​​ഗ്വെ​​യു​​മാ​​യി തു​​ല്യ​​ത പാ​​ലി​​ക്കു​​ക​​യാ​​ണ്. കൊ​​ളം​​ബി​​യ ജ​​യി​​ച്ചാ​​ൽ 2001നു​​ശേ​​ഷം ഒ​​രി​​ക്ക​​ൽ​​ക്കൂ​​ടി കോ​​പ്പ​​യി​​ൽ മു​​ത്ത​​മി​​ടാം.

തു​​ട​​ർ​​ച്ച​​യാ​​യ 28 മ​​ത്സ​​ര​​ങ്ങ​​ളി​​ൽ തോ​​ൽ​​വി അ​​റി​​യാ​​ത്ത കൊ​​ളം​​ബി​​യ​​യും തു​​ട​​ർ​​ച്ച​​യാ​​യി പ​​ത്ത് മ​​ത്സ​​ര​​ങ്ങ​​ളി​​ൽ പ​​രാ​​ജ​​യ​​മ​​റി​​യാ​​ത്ത അ​​ർ​​ജ​​ന്‍റീ​​ന​​യും ഈ ​​മി​​ക​​വ് നി​​ല​​നി​​ർ​​ത്താ​​നാ​​ണ് പോ​​രാ​​ടു​​ന്ന​​ത്.

ഗ്രൂ​​പ്പ് മ​​ത്സ​​ര​​ങ്ങ​​ൾ മു​​ത​​ൽ സെ​​മി വ​​രെ കൊ​​ളം​​ബി​​യ വ​​ലി​​യ പോ​​രാ​​ട്ട​​ങ്ങ​​ളി​​ലൂ​​ടെ ക​​രു​​ത്ത​​രാ​​യ എ​​തി​​രാ​​ളി​​ക​​ളെ നേ​​രി​​ട്ടാ​​ണ് ഫൈ​​ന​​ലി​​ലെ​​ത്തി​​യ​​ത്. എ​​ന്നാ​​ൽ, അ​​നാ​​യാ​​സം ഗ്രൂ​​പ്പ് ഘ​​ട്ടം ക​​ട​​ന്ന അ​​ർ​​ജ​​ന്‍റീ​​ന​​യ്ക്ക് ക്വാ​​ർ​​ട്ട​​റി​​ൽ ഇ​​ക്വ​​ഡോ​​റി​​ൽ​​നി​​ന്നാ​​ണ് അ​​ല്പ​​മെ​​ങ്കി​​ലും വെ​​ല്ലു​​വി​​ളി നേ​​രി​​ടേ​​ണ്ടി​​വ​​ന്ന​​ത്.

ആ​​റ് അ​​സി​​സ്റ്റും ഒ​​രു ഗോ​​ളു​​മു​​ള്ള നാ​​യ​​ക​​ൻ ഹാ​​മി​​ഷ് റോ​​ഡ്രി​​ഗ​​സി​​ന്‍റെ മി​​ക​​വി​​ലാ​​ണ് കൊ​​ളം​​ബി​​യ കു​​തി​​ക്കു​​ന്ന​​ത്. അ​​തി​​നൊ​​പ്പം ലൂ​​യി​​സ് ഡി​​യ​​സും മി​​ക​​ച്ച പ്ര​​ക​​ട​​ന​​മാ​​ണു ന​​ട​​ത്തു​​ന്ന​​ത്.

മി​​ക​​ച്ച മ​​ധ്യ​​നി​​ര​​യു​​ള്ള​​താ​​ണ് അ​​ർ​​ജ​​ന്‍റീ​​ന​​യെ കൊ​​ളം​​ബി​​യ​​യി​​ൽ​​നി​​ന്ന് വ്യ​​ത്യ​​സ്ത​​രാ​​ക്കു​​ന്ന​​ത്. നാ​​യ​​ക​​ൻ ല​​യ​​ണ​​ൽ മെ​​സി​​യും മി​​ക​​ച്ച ഫോ​​മി​​ലു​​ള്ള ജൂ​​ലി​​യ​​ൻ അ​​ൽ​​വാ​​ര​​സും ടൂ​​ർ​​ണ​​മെ​​ന്‍റി​​ൽ ഗോ​​ള​​ടി​​യി​​ൽ മു​​ന്നി​​ലു​​ള്ള ലൗ​​താ​​രോ മാ​​ർ​​ട്ടി​​ന​​സും ചേ​​രു​​ന്പോ​​ൾ കൊ​​ളം​​ബി​​യ​​ൻ പ്ര​​തി​​രോ​​ധം ബു​​ദ്ധി​​മു​​ട്ടും. മാ​​ർ​​ട്ടി​​ന​​സ് സെ​​മി​​യി​​ൽ ക​​ളി​​ച്ചി​​ല്ല. എ​​ന്നാ​​ൽ, പ്ര​​തി​​രോ​​ധ​​ത്തി​​ൽ വി​​ള്ള​​ലു​​ക​​ൾ ഉ​​ണ്ടാ​​കു​​ന്ന​​താ​​ണ്് അ​​ർ​​ജ​​ന്‍റീ​​ന​​യു​​ടെ ത​​ല​​വേ​​ദ​​ന. ഗ്രൂ​​പ്പ് ഘ​​ട്ട​​ത്തി​​ൽ ഗോ​​ൾ വ​​ഴ​​ങ്ങാ​​തെ മു​​ന്നേ​​റി​​യ അ​​ർ​​ജ​​ന്‍റീ​​ന ക്വാ​​ർ​​ട്ട​​ർ ഇ​​ക്വ​​ഡോ​​റി​​നോ​​ട് ഗോ​​ൾ വ​​ഴ​​ങ്ങി.


ജ​ന്മ​ദി​​നം ക​​ള​​റാ​​ക്കാ​​ൻ യ​​മാ​​ൽ, റോ​​ഡ്രി​​ഗ​​സ്

യൂ​​റോ ക​​പ്പി​​ന്‍റെ​​യും കോ​​പ്പ അ​​മേ​​രി​​ക്ക​​യു​​ടെ​​യും ഫൈ​​ന​​ലു​​ക​​ൾ ന​​ട​​ക്കു​​ന്പോ​​ൾ ര​​ണ്ടു​​പേ​​ർ ചാ​​ന്പ്യ​​ൻ​ന്മാ​​രാ​​യി ജ​ന്മ​​ദി​​നം കൂ​​ടു​​ത​​ൽ ആ​​ഘോ​​ഷ​​മാ​​ക്കാ​​ൻ ഇ​​റ​​ങ്ങു​​ക​​യാ​​ണ്. സ്പെ​​യി​​നി​​ന്‍റെ കൗ​​മാ​​ര വി​​സ്മ​​യം ലാ​​മി​​ൻ യ​​മാ​​ലും കൊ​​ളം​​ബി​​യ​​യു​​ടെ നാ​​യ​​ക​​ൻ ഹാ​​മി​​ഷ് റോ​​ഡ്രി​​ഗ​​സു​​മാ​​ണ് കി​​രീ​​ട നേ​​ട്ട​​ത്തോ​​ടെ ജ​ന്മ​​ദി​​നം ക​​ള​​റാ​​ക്കാ​​നൊ​​രു​​ങ്ങു​​ന്ന​​വ​​ർ. യൂ​​റോ ഫൈ​​ന​​ലി​​ൽ ഇം​​ഗ്ല​​ണ്ടി​​നെ​​തി​​രേ ഇ​​റ​​ങ്ങു​​ന്ന യാ​​മ​​ലി​​ന്‍റെ 17-ാം ജ​ന്മ​ദി​​ന​​മാ​​യി​​രു​​ന്നു ഇന്നലെ (ജൂ​​ലൈ 13). കോ​​പ്പ അ​​മേ​​രി​​ക്ക​​യി​​ൽ അ​​ർ​​ജ​​ന്‍റീ​​ന​​യെ നേ​​രി​​ടു​​ന്ന റോ​​ഡ്രി​​ഗ​​സി​​ന്‍റെ 33-ാം ജ​ന്മ​ദി​​നം വെ​​ള്ളി​​യാ​​ഴ്ച​​യാ​​യി​​രു​​ന്നു, ജൂ​​ലൈ 12.


ലാസ്റ്റ് ഡാൻസിന് എയ്ഞ്ചൽ


അ​​ർ​​ജ​​ന്‍റീ​​ന​​യു​​ടെ ദേ​​ശീ​​യ കു​​പ്പാ​​യ​​ത്തി​​ൽ എ​​യ്ഞ്ച​​ൽ ഡി ​​മ​​രി​​യ​​യു​​ടെ അ​​വ​​സാ​​ന​​ത്തെ മ​​ത്സ​​ര​​മാ​​ണ് കോ​​പ്പ അ​​മേ​​രി​​ക്ക ഫൈ​​ന​​ൽ. കോ​​പ്പ അ​​മേ​​രി​​ക്ക​​യോ​​ടെ താ​​ൻ അ​​ന്താ​​രാ​​ഷ്‌ട്ര ഫു​​ട്ബോ​​ളി​​ൽ​​നി​​ന്നു വി​​ര​​മി​​ക്കു​​മെ​​ന്ന് ക​​ഴി​​ഞ്ഞ വ​​ർ​​ഷം ഈ ​​മ​​ധ്യ​​നി​​ര താ​​രം പ്ര​​ഖ്യാ​​പി​​ച്ചു.

അ​​ടു​​ത്തകാ​​ല​​ത്ത് അ​​ർ​​ജ​​ന്‍റീ​​ന ജേ​​താ​​ക്ക​​ളാ​​യ ടൂ​​ർ​​ണ​​മെ​​ന്‍റ് ഫൈ​​ന​​ലു​​ക​​ളി​​ലെ​​ല്ലാം ഡി ​​മ​​രി​​യ​​യു​​ടെ ഗോ​​ളു​​മു​​ണ്ടാ​​യി​​രു​​ന്നു. ഒ​​ളി​​ന്പി​​ക്സി​​ൽ (2008) നൈ​​ജീ​​രി​​യ​​യ്ക്കെ​​തി​​രേ​​യും കോ​​പ്പ​​യി​​ൽ ബ്ര​​സീ​​ലി​​നെ​​തി​​രേ​​യും (2021) അ​​ർ​​ജ​​ന്‍റീ​​ന നേ​​ടി​​യ ഏ​​ക ഗോ​​ൾ ഡി ​​മ​​രി​​യ​​യു​​ടെ വ​​ക​​യാ​​യി​​രു​​ന്നു.

ലോ​​ക​​ക​​പ്പ് ഫൈ​​ന​​ലി​​ൽ ഫ്രാ​​ൻ​​സി​​നെ​​തി​​രേ​​യും ഫൈ​​ന​​ലി​​സി​​മ​​യി​​ൽ ഇ​​റ്റ​​ലി​​ക്കെ​​തി​​രേ​​യും ആ ​​ബൂ​​ട്ടു​​ളി​​ൽ​​നി​​ന്ന് പ​​ന്ത് വ​​ല​​ കു​​ലു​​ക്കി. ഡി ​​മ​​രി​​യ​​യ്ക്ക് വി​​ര​​മി​​ക്ക​​ൽ ക​​പ്പോ​​ടെ ന​​ൽ​​കു​​മെ​​ന്ന് നാ​​യ​​ക​​ൻ മെ​​സി ഉ​​റ​​പ്പ് ന​​ല്കി​​യി​​ട്ടു​​ണ്ട്. അ​​ർ​​ജ​​ന്‍റൈ​​ൻ മ​​ധ്യ​​നി​​ര​​ താ​​ര​​ത്തി​​ന്‍റെ 145ാം അ​​ന്താ​​രാ​​ഷ്‌ട്ര മ​​ത്സ​​ര​​മാ​​ണ് നാ​​ളെ ന​​ട​​ക്കു​​ക.


അ​​ർ​​ജ​​ന്‍റീ​​ന x കൊ​​ളം​​ബി​​യ

2024 കോ​​പ്പ അ​​മേ​​രി​​ക്ക

08 അ​​ടി​​ച്ച ഗോ​​ൾ 12
01 വ​​ഴ​​ങ്ങി​​യ ഗോ​​ൾ 02

അ​​ർ​​ജ​​ന്‍റീ​​ന x കൊ​​ളം​​ബി​​യ

കോ​​പ്പ ച​​രി​​ത്രം

15 കി​​രീ​​ടം 01
14 റ​​ണ്ണേ​​ഴ്സ് അ​​പ്പ് 01