യൂറോകപ്പ് ഫുട്ബോൾ: സ്പെയിനിന് തകർപ്പൻ ജയം
Sunday, June 16, 2024 12:53 AM IST
ബെർലിൻ: സ്റ്റൈലൻ ജയത്തോടെ സ്പെയിൻ തുടങ്ങി. യൂറോകപ്പ് ഫുട്ബോൾ ഗ്രൂപ്പ് ബിയിലെ ആദ്യ മത്സരത്തിൽ സ്പെയിനിന് തകർപ്പൻ ജയം.
സ്പെ യിൻ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് ക്രൊയേഷ്യയെ തോൽപ്പിച്ചു. അൽവരോ മൊറാട്ട (29’), ഫാബിയൻ റൂയിസ് (32’), ഡാനി കർവാഹൽ (45+2’) എന്നിവരാണ് ഗോൾ നേടിയത്. ഈ മത്സരത്തിലൂടെ സ്പെയിനിന്റെ 16 വയസും 338 ദിവസവും പ്രായമുള്ള ലാമിനെ യാമൽ പുരുഷന്മാരുടെ യൂറോ കപ്പിൽ ഇറങ്ങുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാനെന്ന റിക്കാർഡ് സ്വന്തമാക്കി.
തുടക്കം മുതലേ സ്പെയിനിന്റെ മുന്നേറ്റമായിരുന്നു. 29-ാം മിനിറ്റിൽ ക്യാപ്റ്റൻ മൊറാട്ടയിലൂടെ സ്പെയിൻ ലീഡ് ചെയ്തു. മൂന്നു മിനിറ്റിനുശേഷം സ്പെയിൻ രണ്ടാം തവണയും ക്രൊയേഷ്യൻ വല കുലുക്കി. റൂയിസാണ് ഇത്തവണ വലകുലുക്കിയത്.
33-ാം മിനിറ്റിൽ ക്രൊയേഷ്യക്കു സുവർണാവസരം ലഭിച്ചതാണ്. ലോവ്രോ മയെറിന്റെ ക്രോസ് സ്പെയിന്റെ പോസ്റ്റിനോട് തൊട്ടുചേർന്നു പോകുന്പോൾ അത് വലയിലേക്കു തിരിച്ചുവിടാൻ ആരുമുണ്ടായില്ല. ഇടവേളയ്ക്കു പിരിയും മുന്പേ കർവാഹൽ സ്പെയിനിന്റെ ലീഡ് മൂന്നാക്കി. യാമലിന്റെ ക്രോസ് പ്രതിരോധക്കാർക്കിടയിൽനിന്ന കർവാഹലിനെ തേടിയെത്തുകയായിരുന്നു.
രണ്ടാം പകുതിയിൽ ക്രൊയേഷ്യ ആക്രമിച്ചു കളിച്ചെങ്കിലും ഗോൾ നേടുന്നതിൽ പരാജയപ്പെട്ടു. 80- ാം മിനിറ്റിൽ ക്രൊയേഷ്യക്ക് അനുകൂലമായി ലഭിച്ച പെനാൽറ്റി വലയിലാക്കാൻ ബ്രൂണോ പെറ്റ്കോവിച്ചിനായില്ല. ഗോൾകീപ്പറുടെ കൈയിൽനിന്നു വഴുതിയ വന്ന പന്ത് പെറ്റ്കോവിച്ച് വലയിലാക്കിയെങ്കിലും വിഎആർ പരിശോധനയിൽ ഓഫ് സൈഡ് വ്യക്തമായതോടെ ഇതും നഷ്ടമായി.