ഇന്ത്യ x യുഎസ്എ ലോകകപ്പ് ട്വന്റി-20 പോരാട്ടം ഇന്ന് രാത്രി എട്ടിന്
Tuesday, June 11, 2024 11:58 PM IST
ന്യൂയോർക്ക്: ഐസിസി ട്വന്റി-20 ക്രിക്കറ്റിൽ ഇന്ത്യൻ 2 പോരാട്ടം. ടീം ഇന്ത്യയിലെ 11 പേലും അമേരിക്കൻ ടീമിലെ ഇന്ത്യൻ വംശജരും മൈതാനത്ത് നേർക്കുനേർ ഏറ്റുമുട്ടുന്ന പോരാട്ടമാണ് ഇന്നു നടക്കുന്നത് എന്നതാണ് ശ്രദ്ധേയം.
ഗ്രൂപ്പ് എയിൽ ഇന്ത്യയും അമേരിക്കയും ഇന്ത്യൻ സമയം രാത്രി എട്ടിന് നസാവു കൗണ്ടി ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഏറ്റുമുട്ടും. പാക്കിസ്ഥാനെയും കാനഡയെയും കീഴടക്കിയ അമേരിക്ക ഇന്ത്യൻ ബി ടീം എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. കാരണം, അമേരിക്കൻ ക്യാപ്റ്റൻ അടക്കം ആറ് കളിക്കാർ ഇന്ത്യൻ വംശജരാണ്.
ഗ്രൂപ്പിൽ മൂന്നാം ജയം നേടി സൂപ്പർ എട്ടിലേക്ക് അടുക്കുകയാണ് ഇന്ത്യയുടെയും അമേരിക്കയുടെയും ലക്ഷ്യം. രണ്ട് മത്സരങ്ങൾ പൂർത്തിയാക്കിയ ഇരുടീമിനും നാല് പോയിന്റ് വീതമുണ്ട്. എന്നാൽ, റണ്റേറ്റിൽ ഇന്ത്യക്കാണ് (+1.455) അമേരിക്കയേക്കാൾ (+0.626) മുൻതൂക്കം.
◄ഇന്ത്യൻ ബി ടീം ►
മൂന്നാം ജയം പ്രതീക്ഷിക്കുന്ന അമേരിക്കൻ ടീമിനെ നയിക്കുന്നത് ഗുജറാത്തിൽ ജനിച്ച മോനാങ്ക് പട്ടേലാണ്. ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ ഈ മുപ്പത്തൊന്നുകാരനായിരുന്നു പാക്കിസ്ഥാനെ സൂപ്പർ ഓവറിൽ അമേരിക്ക കീഴടക്കിയപ്പോൾ പ്ലെയർ ഓഫ് ദ മാച്ച്. കഴിഞ്ഞ രണ്ട് മത്സരങ്ങളിലായി അമേരിക്കയ്ക്കുവേണ്ടി മോനാങ്ക് അടക്കം ആറ് ഇന്ത്യൻ വംശജരാണ് പ്ലേയിംഗ് ഇലവനിൽ കളിച്ചത്. ഇന്ത്യൻ ബി ടീം എന്ന വിശേഷണം എന്തുകൊണ്ടും അമേരിക്കയ്ക്കു ചേരുമെന്നു ചുരുക്കം.
ജസ്ദീപ് സിംഗ്, നിതീഷ് കുമാർ, ഹർമീത് സിംഗ്, സൗരഭ് നേത്രവൽക്കർ, നോസ്തുഷ് കെഞ്ചിഗെ എന്നിവരാണ് മോനാങ്കിനൊപ്പം പാക്കിസ്ഥാനതിരായ മത്സരത്തിൽ അമേരിക്കൻ ജഴ്സിയിൽ ഇറങ്ങിയ ഇന്ത്യൻ വംശജർ. ഇന്ത്യക്കുവേണ്ടി അണ്ടർ 19 ലോകകപ്പ് കളിച്ച മുംബൈക്കാരനായ ഇടംകൈ ഓർത്തഡോക്സ് സ്പിന്നറാണ് ഹർമീത് സിംഗ്. മുംബൈയിൽ ജനിച്ച സൗരഭ് നേത്രവൽക്കർ ഇന്ത്യൻ അണ്ടർ 19 ടീമിൽ കളിച്ചിട്ടുണ്ട്.
◄രോഹിത് & കൊ ►
പെരുമയ്ക്കൊത്ത പ്രകടനം കഴിഞ്ഞ രണ്ട് മത്സരങ്ങളിലും ടീം ഇന്ത്യക്ക് ബാറ്റിംഗിൽ കാഴ്ചവയ്ക്കാൻ സാധിച്ചില്ല എന്നത് പരമാർഥമാണ്. ബാറ്റിംഗ് ദുഷ്കരമായ നസാവു സ്റ്റേഡിയത്തിലാണ് ഇന്നത്തെ മത്സരവും.
ബാറ്റിംഗ് വിഷമകരമാണെന്ന് ആവർത്തിച്ച് പറയുന്പോഴും രോഹിത് ശർമ ആദ്യ മത്സരത്തിലും ഋഷഭ് പന്ത് രണ്ട് മത്സരത്തിലും മികച്ച പ്രകടനം കാഴ്ചവച്ചു എന്നതും വിസ്മരിക്കാൻ സാധിക്കില്ല. പാക്കിസ്ഥാനെ സൂപ്പർ ഓവറിൽ കീഴടക്കിയവരാണ് അമേരിക്ക എന്നതാണ് രോഹിത് ശർമയ്ക്കും സംഘത്തിനും മുന്നിലുള്ള വെല്ലുവിളി.
രാജ്യാന്തര ക്രിക്കറ്റിൽ ഇന്ത്യയും അമേരിക്കയും നേർക്കുനേർ ഇറങ്ങുന്ന ആദ്യ മത്സരമാണ് ഇന്ന് നടക്കുക.