ആർസിബി പ്ലേ ഓഫിൽ
Sunday, May 19, 2024 1:38 AM IST
ബംഗളൂരു: റോയൽ ചലഞ്ചേഴ്സ് ബംഗളൂരു ഐപിഎൽ ട്വന്റി-20 ക്രിക്കറ്റ് പ്ലേ ഓഫിൽ. ചെന്നൈ സൂപ്പർ കിംഗ്സിനെ ലീഗ് റൗണ്ടിലെ അവസാന മത്സരത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടത്തിലൂടെ 27 റൺസിനു കീഴടക്കിയായിരുന്നു ആർസിബി പ്ലേ ഓഫിൽ കയറിയത്. തുടർച്ചയായ ആറ് തോൽവിക്ക് ശേഷം ആറ് തുടർ ജയവുമായാണ് ആർസിബി പ്ലേ ഓഫിൽ കയറിയത്. സ്കോർ: ബംഗളൂരു 218/5 (20). ചെന്നൈ 191/7 (20).
ചെന്നൈ 201 റൺസ് നേടിയിരുന്നെങ്കിൽ ആർസിബിയെ നെറ്റ് റൺ റേറ്റിൽ പിന്തള്ളി പ്ലേ ഓഫിൽ കടക്കാമായിരുന്നു. 18 റൺസിന് ചെന്നൈയെ കീഴടക്കിയാൽ പ്ലേ ഓഫിൽ കടക്കാമെന്ന അവസ്ഥയിലാണ് ആർസിബി കളത്തിലെത്തിയത്.
മൂന്ന് ഓവർ പൂർത്തിയായപ്പോൾ മഴയെത്തുടർന്ന് മത്സരം നിർത്തിവച്ചു. ആ സമയം വിക്കറ്റ് നഷ്ടമില്ലാതെ 31 റൺസിൽ എത്തിയിരുന്നു ആർസിബി. മഴയ്ക്കുശേഷം മത്സരം പുനരാരംഭിച്ചപ്പോളും വിരാട് കോഹ്ലിയും ഫാഫ് ഡുപ്ലെസിയും മികച്ച ബാറ്റിംഗ് കാഴ്ചവച്ചു.
29 പന്തിൽ 47 റണ്‍സ് നേടിയ കോഹ്ലി 10-ാം ഓവറിൽ പുറത്ത്. 13-ാം ഓവറിന്റെ അവസാന പന്തിൽ ഡുപ്ലെസി (39 പന്തിൽ 54) നിർഭാഗ്യത്തിലൂടെ മടങ്ങി. രജത് പാട്ടിദാറിന്റെ ബാറ്റിൽനിന്ന് സ്ട്രെയ്റ്റ് വന്ന പന്ത് ബൗളർ മിച്ചൽ സാന്റ്നറിന്റെ വിരലിൽ ഉരസി നോണ്‍ സ്ട്രൈക്ക് എൻഡിലായിരുന്ന ഡുപ്ലെസിയുടെ വിക്കറ്റ് ഇളക്കി. ഡുപ്ലെസിയുടെ ബാറ്റ് എയറിലായിരുന്നെന്ന വിധിയോടെ തേർഡ് അന്പയർ ഒൗട്ട് വിധിച്ചു.
പാട്ടിദാർ (23 പന്തിൽ 43), ഗ്രീൻ (17 പന്തിൽ 38 നോട്ടൗട്ട് ), കാർത്തിക് (6 പന്തിൽ 14), മാക്സ് വെൽ (5 പന്തിൽ 16) എന്നിവരും ബംഗളൂരുവിനായി തിളങ്ങി.