ഡൽഹി ക്യാപ്പിറ്റൽസിന് ജയം
Wednesday, May 15, 2024 1:38 AM IST
ന്യൂഡൽഹി: ഐപിഎൽ ട്വന്റി-20 ക്രിക്കറ്റ് 2024 സീസണിൽ തങ്ങളുടെ അവസാന മത്സരത്തിൽ ഡൽഹി ക്യാപ്പിറ്റൽസിന് ജയം. 19 റൺസിന് ഡൽഹി ലക്നോ സൂപ്പർ ജയ്ന്റ്സിനെ തോൽപ്പിച്ചു. ഇതോടെ ലക്നോയുടെ പ്ലേ ഓഫ് സാധ്യത മങ്ങി. സ്കോർ: ഡൽഹി സൂപ്പർ ജയ്ന്റ്സ് 208/4 (20). ലക്നോ 189/4 (20).
കൂറ്റൻ ലക്ഷ്യത്തിനായി ക്രീസിലെത്തിയ ലക്നോയ്ക്കു വേണ്ടി നിക്കോളാസ് പുരാൻ (27 പന്തിൽ 61), അർഷദ് ഖാൻ (33 പന്തിൽ 58 നോട്ടൗട്ട്) എന്നിവർ അർധസെഞ്ചുറി സ്വന്തമാക്കി. ടോസ് നേടിയ ലക്നോ സൂപ്പർ ജയന്റ്സ് ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.
വെടിക്കെട്ട് ബാറ്ററായ ജേക്ക് ഫ്രേസർ മക്ഗുർക്കിനെ (0) ഇന്നിംഗ്സിലെ രണ്ടാം പന്തിൽ അർഷാദ് ഖാൻ പുറത്താക്കി. തുടർന്ന് അഭിഷേക് പോറൽ (33 പന്തിൽ 58), ഷായ് ഹോപ്പ് (27 പന്തിൽ 38) എന്നിവർ രണ്ടാം വിക്കറ്റിൽ 92 റണ്‍സ് നേടി ടീമിനെ മുന്നോട്ടു നയിച്ചു. വിലക്കിനുശേഷം തിരിച്ചെത്തി ഋഷഭ് പന്ത് 23 പന്തിൽ 33 റണ്‍സ് നേടി.
അഞ്ചാം നന്പറായി ക്രീസിലെത്തിയ ട്രിസ്റ്റൻ സ്റ്റബ്സ് നടത്തിയ ആക്രമണ ബാറ്റിംഗ് ഡൽഹിയുടെ സ്കോർ 200 കടത്തി.
നേരിട്ട 22-ാം പന്തിൽ സ്റ്റബ്സ് അർധസെഞ്ചുറി പിന്നിട്ടു. 25 പന്തിൽ 57 റണ്‍സുമായി സ്റ്റബ്സ് പുറത്താകാതെ നിന്നു. അക്സർ പട്ടേലും (10 പന്തിൽ 14) പുറത്തായില്ല. ഇവരുടെ അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടിൽ 50 റണ്‍സ് പിറന്നു.