ഗോകുലം വീണു
Friday, March 1, 2024 12:19 AM IST
ലുഥിയാന: ഐ ലീഗ് ഫുട്ബോളിൽ തുടർച്ചയായ ഏഴാം ജയം സ്വപ്നം കണ്ട് ഇറങ്ങിയ ഗോകുലം കേരള എഫ്സിക്ക് തിരിച്ചടി.
എവേ പോരാട്ടത്തിൽ നാംധാരി എഫ്സിയോട് 2-1ന് ഗോകുലം കേരള തോൽവി വഴങ്ങി. ഇഞ്ചുറി ടൈം ഗോളിലായിരുന്നു ഗോകുലത്തിന്റെ തോൽവി. മത്സരത്തിന്റെ മൂന്നാം മിനിറ്റിൽ ഹർമൻപ്രീത് സിംഗിന്റെ ഗോളിലൂടെ നാംധാരി ലീഡ് നേടി.
ഗോൾ മടക്കാനുള്ള ഗോകുലത്തിന്റെ ശ്രമം 83-ാം മിനിറ്റിൽ ഫലം കണ്ടു. കെ. സൗരവിലൂടെ ഗോകുലം കേരള 1-1ന് ഒപ്പമെത്തി. എന്നാൽ, ആകാഷ്ദീപ് സിംഗിന്റെ (90+7’) ഇഞ്ചുറി ടൈം ഗോളിൽ ഗോകുലം തലതാഴ്ത്തി.
തോൽവിയോടെ ഗോകുലത്തിന് ലീഗ് പോയിന്റ് ടേബിളിലെ രണ്ടാം സ്ഥാനം നഷ്ടമായി. 17 മത്സരങ്ങളിൽ 32 പോയിന്റുമായി മൂന്നാമതായി ഗോകുലം. മുഹമ്മദൻ (35) ഒന്നാം സ്ഥാനത്ത് തുടർന്നപ്പോൾ ശ്രീനിധി ഡെക്കാണ് (33) രണ്ടിലേക്കെത്തി. ശ്രീനിധിയും മുഹമ്മദനും ഇന്നലെ 1-1 സമനിലയിൽ പിരിഞ്ഞതോടെയാണിത്.