പാതി കവർന്ന് മഴ
Sunday, October 1, 2023 12:43 AM IST
തോമസ് വർഗീസ്
തിരുവനന്തപരും: മഴയെത്തുടർന്ന് 23 ഓവറായി ചുരുക്കിയെങ്കിലും ഓസ്ട്രേലിയ x നെതർലൻഡ്സ് ഐസിസി ഏകദിന ലോകകപ്പ് ക്രിക്കറ്റ് സന്നാഹ മത്സരം പൂർത്തിയാക്കാൻ സാധിച്ചില്ല.
ഓസ്ട്രേലിയ 23 ഓവറിൽ 166/7 എന്ന സ്കോർ നേടിയെങ്കിലും നെതർലൻഡ്സിന് 14.2 ഓവർ മാത്രമാണ് ബാറ്റ് ചെയ്യാൻ സാധിച്ചത്. 82/6 എന്ന സ്കോറിൽ ഡച്ച് ഇന്നിംഗ്സ് നിൽക്കുമ്പോൾ മഴ വീണ്ടുമെത്തിയതോടെ മത്സരം പാതിവഴിയിൽ ഉപേക്ഷിച്ചു.
രാവിലെ മാനം തെളിഞ്ഞുനിന്നപ്പോൾ കാര്യവട്ടത്ത് കളിയാവേശത്തിന്റെ സൂചനനൽകിയെങ്കിലും ഉച്ചയായതോടെ മഴപെയ്തു തുടങ്ങി. മത്സരം ആരംഭിക്കേണ്ടതിനു തൊട്ടുമുന്പായി മഴ കൂടുതൽ ശക്തമായി.
വൈകുന്നേരം 5.30ന് നടത്തിയ അവസാനവട്ട പരിശോധനയിൽ മത്സരം രാത്രി ഏഴിന് ആരംഭിക്കാൻ തീരുമാനം. കാര്യവട്ടത്തെ രണ്ടാം സന്നാഹമത്സരം മഴയിൽ ഒലിച്ചുപോവില്ലെന്നുറപ്പായതോടെ സ്റ്റേഡിയത്തിൽ ഉണ്ടായിരുന്ന ക്രിക്കറ്റ് ആരാധകർക്ക് ആവേശം.
സ്റ്റീവൻ സ്മിത്തും ജോഷ് ഇൻഗ്ലിസുമാണ് ഓസീസിനുവേണ്ടി ഓപ്പണിംഗിനിറങ്ങിയത്. 7.3 ഓവറിൽ ഓസീസ് സ്കോർ 50 കടന്നു. ഒരു വശത്ത് മികച്ച ബാറ്റിംഗ് കാഴ്ചവച്ച സ്മിത്ത് 12.4-ാം ഓവറിൽ അർധസെഞ്ചുറി നേടി.
വ്യക്തിഗത സ്കോർ 55ൽ നിൽക്കെ വാൻഡെ മർവിന്റെ പന്തിൽ കൂറ്റനടിക്കു ശ്രമിച്ച സ്മിത്തിനെ കീപ്പർ സ്കോർട്ട് എഡ്വാർഡ്സ് സ്റ്റംപ് ചെയ്തു പുറത്താക്കി. അവസാന ഓവറുകളിൽ മിച്ചൽ സ്റ്റാർക്കിന്റെ മികച്ച ബാറ്റിംഗാണ് ഓസീസിന്റെ സ്്കോർ 166ൽ എത്തിച്ചത്.