സ്പെഷൽ ഒളിമ്പിക്സിനു തുടക്കം; ആദ്യദിനം 274 മത്സരങ്ങള്‍
Saturday, December 28, 2024 1:29 AM IST
കോഴിക്കോട്: സംസ്ഥാന സ്പെഷല്‍ ഒളിമ്പിക്സിനു കോഴിക്കോട് ഒളിമ്പ്യൻ റഹ്മാൻ സ്റ്റേഡിയത്തിൽ തുടക്കമായി.
മേയര്‍ ഡോ. ബീനാ ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. സ്പെഷൽ ഒളിമ്പിക്സ് ഭാരത് കേരള പ്രസിഡന്റ് ഡോ. എൻ.കെ. ജയരാജ് അധ്യക്ഷത വഹിച്ചു. സ്പെഷൽ ഒളിമ്പിക്സ് ഭാരത് കേരള ഏരിയ ഡയറക്ടർ ഫാ. റോയി കണ്ണൻചിറ അനുഗ്രഹപ്രഭാഷണം നടത്തി.
വിവിധ ജില്ലകളില്‍നിന്നായി എത്തിയ 4,698 സ്പെഷൽ കായികതാരങ്ങളും അവരുടെ രക്ഷിതാക്കളും അധ്യാപകരും പങ്കെടുത്തു.
നേരത്തേ നിശ്ചയിച്ചിരുന്ന, മുഖ്യമന്ത്രി പങ്കെടുക്കുന്ന ഉദ്ഘാടനസമ്മേളനം സംസ്ഥാന, ദേശീയ ദുഃഖാചരണങ്ങളുടെ സാഹചര്യത്തിൽ ഒഴിവാക്കിയിരുന്നു. ആദ്യദിവസം 50 മീറ്റർ അസിസ്റ്റഡ് വാക്ക്, 100 മീറ്റർ അസിസ്റ്റഡ് വാക്ക്, 50 മീറ്റർ വീൽ ചെയർ റേസ്, 25 മീറ്റർ നടത്തം, സോഫ്റ്റ് ബോൾ ഏറ് എന്നിവയടക്കം 274 മത്സരങ്ങൾ നടന്നു.
ശാരീരിക, ബൗദ്ധിക വെല്ലുവിളികള്‍ക്കനുസരിച്ച് ലോവര്‍ എബിലിറ്റി, ഹയർ എബിലിറ്റി എന്നിങ്ങനെ രണ്ടു വിഭാഗങ്ങളിലായി ആയിരുന്നു മത്സരങ്ങൾ. ഓരോ വിഭാഗത്തിലും 8-11, 12-15, 16-21, 22-29, 30ന് മുകളിലും എന്നിങ്ങനെ വയസിന്റെ അടിസ്ഥാനത്തില്‍ അഞ്ചു ഗ്രൂപ്പുകളുണ്ടായിരുന്നു. ആദ്യദിവസം വൈകുന്നേരം കായികതാരങ്ങളുടെ മാർച്ച് പാസ്റ്റ് നടന്നു. എസ്ഇആർടി മുൻ ഡയറക്ടർ പ്രഫ. ജെ. പ്രസാദ് സല്യൂട്ട് സ്വീകരിച്ചു.
കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർ ഉമേഷ്, കോഴിക്കോട് മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ. ശ്രീജയൻ, അസോസിയേഷൻ ഓഫ് ഇന്റലക്ച്വലി ഡിസേബിൾഡ് ചെയർമാൻ ഫാ. റോയ് വടക്കയിൽ, കോഴിക്കോട് മെഡി. കോളജ് എസ്എച്ഒ പി.കെ. ജിജേഷ്, പേരന്റ് അസോസിയേഷൻ ഓഫ് ഇന്റലക്ച്വലി ഡിസേബിൾഡ് സംസ്ഥാന പ്രസിഡന്റ് കെ.എം. ജോർജ്, എയിഡ് ലീഡേഴ്സ് പ്രതിനിധി സുശീല, എഎസ്ഡബ്ലിയുഎഎസ് ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി ഷിബു, എസ്എസ്ഇയു ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാനപ്രസിഡന്റ് തങ്കമണി, പരിവാർ പേരന്റ്സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി സിക്കന്തർ തുടങ്ങിയവർ സല്യൂട്ട് സ്വീകരിച്ചു.