ദീപ്തി ശർമയ്ക്ക് ആറു വിക്കറ്റ്; പരന്പര തൂത്തുവാരി വനിതകൾ
Saturday, December 28, 2024 1:29 AM IST
വഡോദര: തുടർച്ചയായ മൂന്നാം ഏകദിനത്തിലും തകർപ്പൻ വിജയത്തോടെ വെസ്റ്റ്ഇൻഡീസിനെതിരായ പരന്പര തൂത്തുവാരി ഇന്ത്യൻ വനിതകൾ. മൂന്നാം ഏകദിനത്തിൽ അഞ്ച് വിക്കറ്റിനാണ് ഇന്ത്യയുടെ വിജയം.
മത്സരത്തിൽ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത വിൻഡീസ് വനിതകൾ 38.5 ഓവറിൽ 162 റണ്‍സിന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിംഗിൽ 28.2 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ 167 റൺസ് നേടി വിജയലക്ഷ്യം മറികടന്നു.
ആറു വിക്കറ്റ് പിഴുത ഓൾറൗണ്ടർ ദീപ്തി ശർമയാണ് ഇന്ത്യയുടെ വിജയശില്പി. വനിതാ ഏകദിനത്തിൽ രണ്ടു തവണ ആറു വിക്കറ്റ് നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ താരമാണു ദീപ്തി. ദക്ഷിണാഫ്രിക്കയുടെ സൂനെ ലൂസിനുശേഷം ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ വനിതയുമാണ് ദീപ്തി.
10 ഓവറിൽ 31 റണ്‍സ് മാത്രം വഴങ്ങിയാണു ദീപ്തി ആറു വിക്കറ്റ് പിഴുതത്. ബാറ്റിംഗിലും തിളങ്ങിയ ദീപ്തി ശർമ 39 റണ്‍സുമായി പുറത്താകാതെ നിന്നു. രേണുക സിംഗ് വിൻഡീസ് നിരയിൽ ശേഷിച്ച നാലു വിക്കറ്റും സ്വന്തമാക്കി. ദീപ്തി ശർമ കളിയിലെ താരമായും രേണുക സിംഗിനെ പരന്പരയുടെ താരമായും തെരഞ്ഞെടുത്തു.
ഷിനെൽ ഹെൻറിയാണ് (61) വിൻഡീസിന്റെ ടോപ് സ്കോറർ.
മറുപടി ബാറ്റിംഗിൽ ഇന്ത്യക്ക് 22 റണ്സിലെത്തിപ്പോൾ സ്മൃതി മന്ദാനയെയും (നാല്), ഒരു റണ്‍സ്കൂടി ചേർത്തശേഷം കഴിഞ്ഞ കളിയിൽ സെഞ്ചുറി നേടിയ ഹർലിൻ ഡിയോളിനെയും (ഒന്ന്) നഷ്ടമായി.
നാലു വിക്കറ്റിന് 73 റണ്സിൽനിന്ന ഇന്ത്യയെ ദീപ്തി ശർമ-ജെമിമ റോഡ്രിഗസ് സഖ്യം നേടിയ 56 റണ്‍സാണ് കരകയറ്റിയത്. ജെമിമ (29) പുറത്തായശേഷം ദീപ്തി-റിച്ചാ ഘോഷ് അപരാജിത കൂട്ടുകെട്ട് ഇന്ത്യയെ അനായാസം ജയത്തിലെത്തിച്ചു. 39 റണ്‍സുമായി ദീപ്തി പുറത്താകാതെ നിന്നു. റിച്ചാ ഘോഷ് 23 റണ്‍സെടുത്തു.