കുതിര നൃത്തം
Wednesday, September 27, 2023 1:49 AM IST
ഹാങ്ഝൗ: ഏഷ്യൻ ഗെയിംസിൽ ഇന്ത്യ ആശ്വാഭ്യാസത്തിലൂടെ സ്വർണം നേടിയത് ടീം ഡ്രെസേജിലൂടെയാണ്. ഫ്രാൻസിലും റഷ്യയിലും പ്രചാരത്തിലുള്ള ബാലെ എന്ന നൃത്തവുമായി സാമ്യമുള്ളതാണു ഡ്രെസേജ്. പച്ചമലയാളത്തിൽ പറഞ്ഞാൽ കുതിരയെക്കൊണ്ട് നൃത്തം ചെയ്യിക്കുന്ന കായിക ഇനം.
20x40 മീറ്റർ അല്ലെങ്കിൽ 20x60 മീറ്റർ വ്യാപ്തിയുള്ള കളത്തിലാണു ഡ്രെസേജ് മത്സരം നടക്കുക. കുതിരയെക്കൊണ്ടുള്ള നൃത്തം/നീക്കം എവിടെ തുടങ്ങണമെന്നും എവിടെ അവസാനിപ്പിക്കണമെന്നുമുള്ള 12 ലെറ്റേർഡ് മാർക്കുകൾ കളത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
കുതിരയും കുതിരപ്പുറത്തുള്ളയാളും തമ്മിലുള്ള ഇണക്കവും വഴക്കവും വൈദഗ്ധ്യവുമാണു ഡ്രെസേജിൽ പ്രധാനം. പ്രത്യേക രീതിയിലുള്ള ചാട്ടം അല്ലെങ്കിൽ തുള്ളൽ, മന്ദമായ കുതിച്ചോട്ടം, നടത്തം എന്നിങ്ങനെ മൂന്ന് രീതിയാണ് ഡ്രെസേജ് മത്സരത്തിലുള്ളത്.