ലോക സ്വർണം!; ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് ആദ്യ സ്വർണം ഷൂട്ടിംഗിലൂടെ
Tuesday, September 26, 2023 3:04 AM IST
ഹാങ്ഝൗ: ഏഷ്യൻ പോരാട്ടത്തിൽ ഇന്ത്യൻ ഷൂട്ടർമാർക്ക് ‘ലോക’ സ്വർണം. 10 മീറ്റർ എയർ റൈഫിൾ പുരുഷ ടീം വിഭാഗത്തിൽ ലോക റിക്കാർഡോടെ ഇന്ത്യ സ്വർണത്തിൽ മുത്തമിട്ടു.
ലോക റിക്കാർഡ് ഷൂട്ട് ചെയ്ത് വീഴ്ത്തിയതോടെ 19-ാം ഏഷ്യൻ ഗെയിംസിലെ ഇന്ത്യയുടെ ആദ്യ സ്വർണത്തിന് ഇരട്ടിത്തിളക്കം കൈവന്നു. ലോക ചാന്പ്യൻ രുദ്രാങ്ക്ഷ് പാട്ടീൽ, ഒളിന്പ്യൻ ദിവ്യാൻഷ് പൻവർ, ലോക ചാന്പ്യൻഷിപ് ജേതാവായ ഐശ്വരി പ്രതാപ് സിംഗ് തോമർ എന്നിവരടങ്ങിയ ഇന്ത്യൻ ടീമാണ് ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് ആദ്യ സ്വർണം സമ്മാനിച്ചത്.
1893.7 പോയിന്റ് നേടി പുതിയ ലോക റിക്കാർഡ് കുറിച്ചായിരുന്നു ഇന്ത്യൻ ടീമിന്റെ സുവർണ നേട്ടം. ചൈനയുടെ പേരിലുണ്ടായിരുന്ന 1893.3 പോയിന്റ് എന്ന റിക്കാർഡാണ് ഇന്ത്യൻ യുവ സംഘം തിരുത്തിയത്. പുരുഷ ടീം 10 മീറ്റർ എയർറൈഫിളിൽ കൊറിയയ്ക്കാണ് (1890.1) വെള്ളി. ആതിഥേയരായ ചൈന 1888.2 പോയിന്റുമായി വെങ്കലം സ്വന്തമാക്കി.
രണ്ട് വെങ്കല മുഴക്കം
19-ാം ഏഷ്യൻ ഗെയിംസിൽ ഷൂട്ടിംഗ് റേഞ്ചിൽനിന്ന് ഇന്ത്യക്ക് രണ്ടു വെങ്കലംകൂടി. പുരുഷ 10 മീറ്റർ എയർ റൈഫിളിൽ ഐശ്വരി പ്രതാപ് സിംഗ് തോമർ വെങ്കലം സ്വന്തമാക്കി.
ഐശ്വരി പ്രതാപിന്റെ ഏഷ്യൻ ഗെയിംസിലെ രണ്ടാം മെഡലാണിത്. പുരുഷ 10 മീറ്റർ എയർ റൈഫിൾ ടീം ഇനത്തിൽ സ്വർണം നേടിയ ഇന്ത്യൻ ടീമിൽ അംഗമായിരുന്നു ഐശ്വരി പ്രതാപ് സിംഗ് തോമർ. സ്വർണം നേടിയ ടീമിൽ അംഗമായിരുന്ന രുദ്രാങ്ക്ഷ് പാട്ടീലിനെ ടൈറ്റ് ഷൂട്ട് ഓഫിലൂടെ പിന്തള്ളിയായിരുന്നു ഐശ്വരി പ്രതാപ് സിംഗിന്റെ വെങ്കലം. 228.8 പോയിന്റ് ഐശ്വരി പ്രതാപ് സിംഗ് നേടിയപ്പോൾ രുദ്രാങ്ക്ഷ് പാട്ടീൽ 208.7 പോയിന്റ് മാത്രമാണ് സ്വന്തമാക്കിയത്. ചൈനയുടെ ലിഹാവൊ ഷെങ് (253.3) ലോക റിക്കാർഡോടെ സ്വർണവും ദക്ഷിണകൊറിയയുടെ ഹയുൻ പാർക്ക് (251.3) വെള്ളിയും സ്വന്തമാക്കി.
പുരുഷ വിഭാഗം 25 മീറ്റർ റാപ്പിഡ് ഫയർ പിസ്റ്റണ് ടീം ഇനത്തിലായിരുന്നു ഇന്ത്യയുടെ മറ്റൊരു വെങ്കല നേട്ടം. ലോക ചാന്പ്യൻഷിപ് മെഡൽ ജേതാക്കളായ ആദർശ് സിംഗ്, അനിഷ് ഭൻവാല, വിജയ് വീർ സിംഗ് എന്നിവരടങ്ങിയ ടീമാണ് ഇന്ത്യക്കുവേണ്ടി വെങ്കലം സ്വന്തമാക്കിയത്. 1718 പോയിന്റ് നേടിയാണ് ഇന്ത്യയുടെ വെങ്കല നേട്ടം. ചൈനയും ദക്ഷിണകൊറിയയും യഥാക്രമം സ്വർണവും വെള്ളിയും സ്വന്തമാക്കി.
ഷൂട്ടിംഗ് റേഞ്ചിൽ അഞ്ച് മെഡൽ
ഹാങ്ഝൗ ഏഷ്യൻ ഗെയിംസിൽ ഷൂട്ടിംഗ് റേഞ്ചിൽനിന്ന് ഇന്ത്യക്ക് ഇതുവരെ ഒരു സ്വർണം, ഒരു വെള്ളി, മൂന്ന് വെങ്കലം എന്നിങ്ങനെ അഞ്ച് മെഡലായി. ആദ്യദിനം വനിതകളാണ് ഇന്ത്യക്ക് ഷൂട്ടിംഗിലൂടെ വെള്ളിയും വെങ്കലവും സമ്മാനിച്ചതെങ്കിൽ ഇന്നലെ സ്വർണവും രണ്ട് വെങ്കലവും പുരുഷന്മാരും സ്വന്തമാക്കി.
മെഡൽ ഓളം...
ഹാങ്ഝൗ: 19-ാം ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ അക്കൗണ്ടിലേക്ക് തുഴച്ചിലിലൂടെ രണ്ട് വെങ്കല മെഡൽകൂടി. പുരുഷ വിഭാഗം കോക്സ്ലെസ് ഫോറിലും ക്വാഡ്രപ്പിൾ സ്കൾസിലുമാണ് ഇന്ത്യ വെങ്കലം സ്വന്തമാക്കിയത്. കോകസ്ലെസിൽ ജസ്വിന്തർ സിംഗ്, പുനിത് കുമാർ, ഭീം സിംഗ്, ആഷിഷ് എന്നിവടങ്ങിയ ടീം വെങ്കലം സ്വന്തമാക്കി. കോക്സഡ് 8ൽ വെള്ളി നേടിയ ടീമിൽ അംഗമായിരുന്നു ഇവർ നാലും.
പുരുഷ ക്വാഡ്രപ്പിൾ സ്കൾസിൽ സത്നം സിംഗ്, ജാകർ ഖാൻ, പർമിന്ദർ സിംഗ്, സുഖ്മീത് സിംഗ് എന്നിവരുടെ ടീമാണ് വെങ്കലം സ്വന്തമാക്കിയത്. കഴിഞ്ഞദിവസം പുരുഷ കോക്സഡ് 8ൽ വെള്ളിയും കോക്സ്ലെസ് പെയറിൽ വെങ്കലവും ഇന്ത്യൻ അക്കൗണ്ടിൽ എത്തിയിരുന്നു.
ഓളപ്പരപ്പ് ശാന്തം
തുഴച്ചിൽ പോരാട്ടങ്ങൾക്ക് ഇന്നലെ സമാപനം കുറിച്ചു. ഇന്ത്യൻ വനിതകൾക്ക് പോഡിയം ഫിനിഷ് നടത്താൻ സാധിച്ചില്ല. ഇന്ത്യ നേടിയ അഞ്ച് മെഡലും പുരുഷന്മാരുടെ സംഭാവനയായിരുന്നു. 14 ഇനങ്ങളിലായാണ് സ്വർണ പോരാട്ടം അരങ്ങേറിയത്. അതിൽ 11 സ്വർണവും രണ്ട് വെള്ളിയും അടക്കം 13 മെഡലുമായി തുഴച്ചിലിൽ ചൈന ഒന്നാമത് ഫിനിഷ് ചെയ്തു. രണ്ട് സ്വർണവും നാല് വെള്ളിയും ഒരു വെങ്കലവുമായി ഉസ്ബക്കിസ്ഥാനാണ് രണ്ടാമത്. രണ്ട് വെള്ളിയും മൂന്ന് വെങ്കലവും ഓളപ്പരപ്പിൽ നേടിയ ഇന്ത്യക്ക് അഞ്ചാം സ്ഥാനം ലഭിച്ചു.
പബ്ജിക്കാരൻ
കൗമാരത്തിന്റെ തിളപ്പിൽ പബ്ജി ഭ്രാന്തനായിരുന്നു ദിവ്യാൻഷ് സിംഗ് പൻവർ. ദിവ്യാൻഷ് പബ്ജിക്ക് അടിമയാകുന്നതു മനസിലാക്കിയ പിതാവ് അശോക് പൻവർ അവനെ ഡോ. കർണി സിംഗ് ഷൂട്ടിംഗ് റേഞ്ചിൽ ചേർത്തു. രാജസ്ഥാൻ സ്വദേശിയായ ദിവ്യാൻഷ് 12-ാം വയസ് മുതൽ ഷൂട്ടിംഗ് റേഞ്ചിൽ എത്താറുണ്ടായിരുന്നു. ചേച്ചി അഞ്ജലിയുടെ വെടിക്കോപ്പുകളായിരുന്നു അന്ന് ദിവ്യാൻഷിന്റെ ആയുധം. ഇരുപതുകാരനായ ദിവ്യാൻഷ് 2018 ഐഎസ്എസ്എഫ് ജൂണിയർ ലോകകപ്പിൽ രണ്ടു സ്വർണം നേടിയിരുന്നു.
വേട്ടക്കാരൻ
മധ്യപ്രദേശിലെ പാരന്പര്യ കർഷക കുടുംബത്തിലംഗമാണ് ഇരുപത്തിരണ്ടുകാരനായ ഐശ്വരി പ്രതാപ് സിംഗ് തോമർ. ജന്മിയായ അച്ഛൻ വീർ ബഹദൂറിനൊപ്പം വേട്ടയ്ക്ക് പോകുന്ന ശീലക്കാരനാണ് ഐശ്വരി. വേട്ടയിൽ ഉന്നംതെറ്റാത്ത ഐശ്വരിയെ ബന്ധുവായ നവദീപ് സിംഗ് റാത്തോഡാണ് കായിക ഇനമായ ഷൂട്ടിംഗ് പരിചയപ്പെടുത്തിയത്. അങ്ങനെ 2015 മുതൽ ഐശ്വരി മധ്യപ്രദേശ് ഷൂട്ടിംഗ് അക്കാദമി അംഗമായി. 2023 ലോക ചാന്പ്യൻഷിപ്പിൽ സ്വർണം നേടിയിരുന്നു. ഈ ഏഷ്യൻ ഗെയിംസിൽ സ്വർണവും വെങ്കലവും നേടി.
റിസേർച്ചർ
ഷൂട്ടിംഗ് മത്സരത്തെയും അതിലൂടെ തിളങ്ങിയ താരങ്ങളെയും കുറിച്ച് പഠിക്കുന്നതാണ് പത്തൊന്പതുകാരനായ രുദ്രാങ്ക്ഷ് പാട്ടീലിന്റെ ഇഷ്ടവിനോദം. കൃത്യമായ ഉത്തരം ലഭിക്കുന്നതുവരെ രുദ്രാങ്ക്ഷ് തന്റെ അന്വേഷണം തുടരും. 2022 ഐഎസ്എസ്എഫ് ലോക ഷൂട്ടിംഗ് ചാന്പ്യൻഷിപ്പിൽ 10 മീറ്റർ എയർ റൈഫിളിൽ സ്വർണം നേടിയതോടെ 2024 പാരീസ് ഒളിന്പിക്സ് യോഗ്യത ഈ കൗമാരതാരം സ്വന്തമാക്കിയിരുന്നു. 2006ൽ അഭിനവ് ബിന്ദ്ര നേടിയശേഷം ലോക ചാന്പ്യൻഷിപ് സ്വർണം നേടുന്ന ആദ്യ ഇന്ത്യക്കാരനാണ് ഈ താനെ സ്വദേശി.
ഏഷ്യൻ ഗെയിംസ്
റാങ്ക്, ടീം, സ്വർണം, വെള്ളി, വെങ്കലം, ആകെ
1. ചൈന 39 21 9 69
2. കൊറിയ 10 10 13 33
3. ജപ്പാൻ 5 14 12 31
4. ഉസ്ബക്കിസ്ഥാൻ 4 4 6 14
6. ഇന്ത്യ 2 3 6 11