മെസിയുടെ ഭാവി അടുത്തയാഴ്ച
Friday, June 2, 2023 11:40 PM IST
ബാഴ്സലോണ: അർജന്റൈൻ സൂപ്പർ താരം ലയണൽ മെസി അടുത്ത സീസണിൽ ഏതു ക്ലബ്ബിൽ കളിക്കുമെന്നതിൽ അടുത്ത ആഴ്ച തീരുമാനമാകുമെന്നു സ്പാനിഷ് ക്ലബ്ബായ ബാഴ്സലോണയുടെ പരിശീലകൻ ചാവി ഹെർണാണ്ടസ്.
അടുത്തയാഴ്ച മെസി സ്വന്തം കാര്യത്തിൽ ഒരു തീരുമാനമെടുക്കും. എഫ്സി ബാഴ്സലോണയ്ക്കു ലയണൽ മെസിയെ സ്വന്തമാക്കാൻ താത്പര്യമുണ്ട്. സ്വന്തം ഭാവി തീരുമാനിക്കാൻ മെസിയെ മാധ്യമങ്ങൾ അനുവദിക്കുകയാണു വേണ്ടതെന്നും ചാവി ഹെർണാണ്ടസ് വ്യക്തമാക്കി.
ഫ്രഞ്ച് ക്ലബ്ബായ പിഎസ്ജിക്കുവേണ്ടി നിലവിലെ കരാർപ്രകാരമുള്ള അവസാന മത്സരത്തിനൊരുങ്ങുകയാണ് മുപ്പത്തിയഞ്ചുകാരനായ ലയണൽ മെസി. ഫ്രഞ്ച് ലീഗ് വണ്ണിൽ ക്ലെർമൗണ്ടിനെതിരേ ഇന്ത്യൻ സമയം രാത്രി 12.30നാണു ലയണൽ മെസിയുടെ പിഎസ്ജി ജഴ്സിയിലെ അവസാന മത്സരം.
ഈ മാസം 30വരെയാണു മെസിക്കു പിഎസ്ജിയുമായുള്ള കരാർ. 21 വർഷം നീണ്ട ബാഴ്സലോണ ജീവിതത്തിനുശേഷം 2021ലാണു മെസി പിഎസ്ജിയിലെത്തിയത്. പിഎസ്ജിക്കുവേണ്ടി 74 മത്സരങ്ങളിൽ ബൂട്ടണിഞ്ഞ മെസി, 32 ഗോൾ നേടുകയും 35 ഗോളിന് അസിസ്റ്റ് നടത്തുകയും ചെയ്തിട്ടുണ്ട്.