ലയണൽ മെസി ലയണൽ മെസി ഇനി പിഎസ്ജിക്കൊപ്പം തുടരില്ലെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. എന്നാൽ, എങ്ങോട്ടുപോകുമെന്ന കാര്യത്തിൽ ആർക്കും കൃത്യമായ മറുപടിയില്ല; മെസിക്കല്ലാതെ. പിഎസ്ജിയുമായി മെസിക്ക് അത്ര നല്ല ബന്ധമല്ല. സൗദി അറേബ്യയിലേക്കു പോയതിന്റെ പേരിൽ താരത്തെ പിഎസ്ജി സസ്പെൻഡ് ചെയ്തതു ബന്ധം കൂടുതൽ വഷളാക്കി.
പഴയ ക്ലബ്ബായ ബാഴ്സലോണയിലേക്കു പോകാനാണു മെസിക്കു താത്പര്യമെങ്കിലും ലാലിഗ ചട്ടങ്ങൾ കണക്കിലെടുക്കുന്പോൾ അതു നടക്കാനിടയില്ല. വന്പൻ ഓഫറുകളുമായി ഇന്റർ മയാമിയും സൗദി ക്ലബ്ബായ അൽ ഹിലാലുമാണു മെസിക്കു പിന്നിലുള്ളത്. ബാഴസയിലേക്കുള്ള മടക്കം സാധിച്ചില്ലെങ്കിൽ യൂറോപ്പിലെ മറ്റേതെങ്കിലും ക്ലബ്ബിലേക്കു മെസി കൂടുമാറാനും സാധ്യതയുണ്ട്.
വിക്ടർ ഒസിമൻ വിക്ടർ ഒസിമന്റെ കരുത്തിലാണ് ഇക്കുറി നാപ്പോളി സീരി എ കപ്പടിച്ചത്. യൂറോപ്പിലെ മറ്റേതെങ്കിലും മുൻനിര ക്ലബ്ബുകളിലേക്കു താരം ചേക്കേറുമെന്നാണു സൂചന. ചെൽസി, ആഴ്സണൽ, മാഞ്ചസ്റ്റർ യുണൈറ്റഡ്, ലിവർപൂൾ, പിഎസ്ജി, റയൽ മാഡ്രിഡ് എന്നുവേണ്ട ഒട്ടുമിക്ക ക്ലബ്ബുകളും ഒസിമന്റെ പിന്നാലെയുണ്ട്. പ്രീമിയർ ലീഗിൽ കളിക്കുന്നതാണു തന്റെ സ്വപ്നമെന്ന് ഒസിമൻ മുന്‍പുതന്നെ തുറന്നുപറഞ്ഞിട്ടുള്ളതാണ്.
എംബാപ്പെ, നെയ്മർ മേസണ്‍ മൗണ്ട്, കിലിയൻ എംബാപ്പെ, ജയിംസ് മാഡിസണ്‍, അലക്സിസ് മാക് അലിസ്റ്റർ, നെയ്മർ എന്നിങ്ങനെ നിരവധി സൂപ്പർ താരങ്ങളും പുതിയ താവളങ്ങൾ തേടുന്നുണ്ട്.
മാഞ്ചസ്റ്റർ യുണൈറ്റഡ്, ലിവർപൂൾ, ആഴ്സണൽ ടീമുകളാണു ചെൽസി താരമായ മൗണ്ടിനു പിന്നിലുള്ളത്. മാക് അലിസ്റ്റർ ലിവർപൂളിലേക്കു പോകാനാണു സാധ്യത. മാഡിസണ്‍ ടോട്ടൻഹാമിലേക്കോ ന്യൂകാസിലിലേക്കോ ചുവടുമാറും.
യൂറോപ്പിലെ ഒട്ടുമിക്ക മുൻനിര ക്ലബ്ബുകളും കിലിയൻ എംബാപ്പെയുടെ പിന്നിലുണ്ട്. എന്നാൽ, അടുത്ത സീസണ് അവസാനത്തോടെയേ എംബാപ്പെ പിഎസ്ജി വിടൂ എന്നാണു സൂചന. പിഎസ്ജിയിൽ എംബാപ്പെയുടെ സഹതാരമായ നെയ്മർ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്കു പോകുമെന്നും റിപ്പോർട്ടുകളുണ്ട്.