ഗുജറാത്ത് x ചെന്നൈ
Saturday, May 27, 2023 1:04 AM IST
അഹമ്മദാബാദ്: ഐപിഎൽ ട്വന്റി-20 ക്രിക്കറ്റ് ഫൈനലിൽ ചെന്നെെ സൂപ്പർ കിംഗ്സിന്റെ എതിരാളി നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റൻസ്. മുംബൈ ഇന്ത്യൻസിനെ ക്വാളിഫയർ രണ്ടിൽ 62 റൺസിനു കീഴടക്കിയാണ് ഗുജറാത്ത് ഫൈനലിൽ പ്രവേശിച്ചത്.
ശുഭ്മാൻ ഗില്ലിന്റെ (60 പന്തിൽ 129) സെഞ്ചുറി ബലത്തിൽ ഗുജറാത്ത് 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 223 റൺസ് നേടി. മുംബൈയുടെ മറുപടി 18.2 ഓവറിൽ 171 ൽ അവസാനിച്ചു. സൂര്യകുമാർ യാദവ് (38 പന്തിൽ 61) ആണ് മുംബൈയുടെ ടോപ് സ്കോറർ. ചെന്നൈ x ഗുജറാത്ത് ഫൈനൽ ഞായറാഴ്ച അഹമ്മദാബാദിൽ അരങ്ങേറും.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഗുജറാത്തിനായി ഓപ്പണർമാരായ വൃഥിമാൻ സാഹയും (18) ശുഭ്മാൻ ഗില്ലും 6.2 ഓവറിൽ 54 റൺസ് കൂട്ടുകെട്ടുണ്ടാക്കി. പീയൂഷ് ചൗളയുടെ വൈഡ് ബോൾ കുരുക്കിൽപ്പെട്ട് സാഹ സ്റ്റംപ്ഡ് ഔട്ടായി. പതിയെത്തുടങ്ങിയ ശുഭ്മാൻ ഗിൽ ഗിയർ മാറിയതോടെ ഗുജറാത്തിന്റെ സ്കോർബോർഡിനും ജീവൻവച്ചു. സീസണിൽ റൺ വേട്ടയിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന്റെ ഫാഫ് ഡുപ്ലെസിയെ (730) മറികടന്ന് ഒന്നാം സ്ഥാനത്തെത്തിയ ഗിൽ നേരിട്ട 49-ാം പന്തിൽ സെഞ്ചുറിയിൽ.
2023 സീസണിൽ ഗില്ലിന്റെ മൂന്നാം സെഞ്ചുറി. വിരാട് കോഹ്ലി (2016), ജോസ് ബട്ലർ (2022) എന്നിവർ മാത്രമാണ് (നാല് സെഞ്ചുറി വീതം) ഒരു സീസണിൽ നാല് സെഞ്ചുറി വീതം നേടിയത്. സായ് സുദർശനും (31 പന്തിൽ 43 റിട്ടയേർഡ് ഔട്ട്) ശുഭ്മാൻ ഗില്ലും ചേർന്നുള്ള രണ്ടാം വിക്കറ്റ് കൂട്ടുകെട്ടിൽ 138 റൺസ് പിറന്നു. 60 പന്തിൽ ഏഴ് ഫോറും 10 സിക്സും ഉൾപ്പെടെ 129 റൺസാണ് ഗിൽ അടിച്ചുകൂട്ടിയത്.