ജയ്സ്വാളിന്റെ വിജയരഹസ്യം
Saturday, May 13, 2023 12:18 AM IST
കണ്ണുതുറന്നു കാണുക, അയാൾ ഇന്ത്യൻ ടീമിന്റെ പടിവാതിലിൽ വെറുതേ മുട്ടുകയല്ല, തല്ലിപ്പൊളിച്ച് അകത്തു കടക്കാനാണു ശ്രമിക്കുന്നത് - കോൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ ഐപിഎൽ ട്വന്റി-20 ക്രിക്കറ്റ് പോരാട്ടത്തിൽ 13 പന്തിൽ അർധസെഞ്ചുറി നേടി ചരിത്രംകുറിച്ച രാജസ്ഥാൻ റോയൽസ് ഓപ്പണർ യശസ്വി ജയ്സ്വാളിന്റെ ബാറ്റിംഗ് കണ്ട് ഹർഭജൻ സിംഗ് അടക്കമുള്ള കമന്റേറ്റർമാർ പറഞ്ഞതാണിത്.
ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വേഗമേറിയതും ലോക ട്വന്റി-20യിലെ രണ്ടാമത്തെ അതിവേഗ അർധസെഞ്ചുറിയുമായിരുന്നു കോൽക്കത്ത ഈഡൻ ഗാർഡൻസിൽ ജയ്സ്വാളിന്റെ ബാറ്റിൽനിന്നു പിറന്നത്.
അതേ, രോഹിത് ശർമ, വിരാട് കോഹ്ലി എന്നിവർക്കുശേഷം ഇന്ത്യൻ ക്രിക്കറ്റിലെ അടുത്ത സെൻസേഷനാണ് ഇരുപത്തിയൊന്നുകാരനായ യശസ്വി ജയ്സ്വാൾ. മുംബൈ നഗരത്തിൽ പാനിപൂരി വിറ്റുനടന്ന കൗമാരപ്പയ്യനാണ് ലോക ക്രിക്കറ്റ് വാഴാൻ തയാറാണെന്ന പ്രഖ്യാപനവുമായി ഓരോ ഷോട്ടും ഉതിർക്കുന്നത്.
ഇന്ത്യൻ ടീമിൽ ഇനി ജയ്സ്വാളിനു സ്ഥാനമില്ലാതെ ഒരു സെലക്ഷൻ ബിസിസിഐക്ക് സാധിക്കില്ലാത്ത അവസ്ഥയാണ്. പ്രത്യേകിച്ച് ലെഫ്റ്റ് ഹാൻഡ് ഓപ്പണർസ്ഥാനം ഇന്ത്യൻ ടീമിൽ ഒഴിവായി കിടക്കുന്ന സാഹചര്യത്തിൽ. ബിസിസിഐ സെക്രട്ടറി ജയ് ഷാ ജയ്സ്വാളിനെ പ്രകീർത്തിച്ച് ട്വീറ്റ് നടത്തിയതും ഇന്ത്യൻ ടീമിൽ ഉൾപ്പെട്ടതിനു തുല്യമാണെന്നാണു വിലയിരുത്തൽ.
പരിശീലനം, പരിശീലനം...
തുടർച്ചയായ പരിശീലനമാണു തന്റെ ഏക രഹസ്യമെന്നു കോൽക്കത്തയ്ക്കെതിരായ മിന്നും പ്രകടനത്തിനുശേഷം ജയ്സ്വാൾ പറഞ്ഞു. രാജസ്ഥാൻ റോയൽസ് ഡയറക്ടർ ഓഫ് ക്രിക്കറ്റ് സ്ഥാനം വഹിക്കുന്ന സുബിൻ ഭരുചയുടെ ശിക്ഷണത്തിലുള്ള എംഎസ്ഡി7 എന്ന അക്കാഡമിയാണ് ജയ്സ്വാളിന്റെ ക്രിക്കറ്റ് ജീവിതത്തെ ഇപ്പോൾ പരുവപ്പെടുത്തുന്നത്.
മഹാരാഷ്ട്രയിലെ വാർധ ജില്ലയിലുള്ള തലേഗാവ് ഗ്രാമത്തിലാണ് എംഎസ്ഡി7. സുബിൻ ഭരുചയുമായി ഏറെനേരം ജയ്സ്വാൾ ചെലവഴിക്കാറുണ്ട്.
എന്റെ ഏറ്റവും വലിയ പ്രിപ്പറേഷൻ നടക്കുന്നത് എംഎസ്ഡി7ൽ ആണ്. എനിക്കു പറ്റുന്ന എല്ലാത്തരം ഷോട്ടുകളും കളിക്കാനും ഫിറ്റായിരിക്കാനും അവിടെ സാധിക്കും - ജയ്സ്വാൾ പറയുന്നു.
13 പന്തിൽ അർധസെഞ്ചുറി പിന്നിട്ട ജയ്സ്വാൾ 47 പന്തിൽ 98 റണ്‍സുമായി പുറത്താകാതെ നിന്നു. 14 പന്തിൽ അർധസെഞ്ചുറി നേടിയ കെ.എൽ. രാഹുൽ (2018), പാറ്റ് കമ്മിൻസ് (2022) എന്നിവരുടെ ഐപിഎൽ റിക്കാർഡാണു ജയ്സ്വാൾ തകർത്തത്.
94ൽനിന്ന് സിക്സ് അടിച്ച് സെഞ്ചുറി തികയ്ക്കാൻ ശ്രമിച്ചെങ്കിലും ഫോറേ ലഭിച്ചുള്ളൂ. കോൽക്കത്ത മുന്നോട്ടുവച്ച 150 റണ്‍സ് എന്ന ലക്ഷ്യം ഒരു വിക്കറ്റ് നഷ്ടത്തിൽ രാജസ്ഥാൻ സ്വന്തമാക്കി.
രാജസ്ഥാൻ ക്യാപ്റ്റൻ സഞ്ജു സാംസണ് 29 പന്തിൽ 48 റണ്‍സുമായും പുറത്താകാതെ നിന്നു. ഇരുവരും ചേർന്ന് രണ്ടാം വിക്കറ്റിൽ 121 റണ്‍സിന്റെ അഭേദ്യ കൂട്ടുകെട്ടാണു പടുത്തുയർത്തിയത്.