ജയത്തോടെ തുടങ്ങാൻ സ്പൈക്കേഴ്സ്
Monday, February 6, 2023 11:58 PM IST
ബംഗളൂരു: പ്രൈം വോളിബോൾ രണ്ടാം സീസണിൽ കൊച്ചി ബ്ലൂ സ്പൈക്കേഴ്സ് തങ്ങളുടെ ആദ്യമത്സരത്തിന് കളത്തിൽ. ചെന്നൈ ബ്ലിറ്റ്സ് ആണ് കൊച്ചി സംഘത്തിന്റെ എതിരാളികൾ.
കേരളത്തിന്റെ മറ്റൊരു ക്ലബ്ബായ കാലിക്കട്ട് ഹീറോസ് സീസണിലെ ആദ്യമത്സരത്തിൽ ജയം സ്വന്തമാക്കിയതുപോലെ വിജയത്തുടക്കം കുറിക്കാനാണ് കൊച്ചി ബ്ലൂ സ്പൈക്കേഴ്സ് ലക്ഷ്യമിടുന്നത്. രാത്രി ഏഴിന് ബംഗളൂരുവിലാണ് മത്സരം.
കഴിഞ്ഞ സീസണിൽ കൊച്ചി ബ്ലൂ സ്പൈക്കേഴ്സ് ഏറ്റവും അവസാന സ്ഥാനത്തായിരുന്നു. കളിച്ച ആറ് കളിയിൽ ഒരെണ്ണത്തിൽ മാത്രമായിരുന്നു 2022 സീസണിൽ കൊച്ചി ജയിച്ചത്. ചെന്നൈ ബ്ലിറ്റ്സിന് എതിരേയായിരുന്നു ആ ജയം എന്നത് ശ്രദ്ധേയം.
പെറുവിൽനിന്നുള്ള എഡ്വേർഡൊ റൊമെയ് ആണ് കൊച്ചി ബ്ലൂ സ്പൈക്കേഴ്സിന്റെ ക്യാപ്റ്റൻ. ചെന്നൈ ബ്ലിറ്റ്സിനെ നയിക്കുന്നത് നവീൻ രാജ ജേക്കബും.
ഹൈദരാബാദിനു ജയം
ബംഗളൂരു: പ്രൈം വോളിബോളിൽ ഹൈദരാബാദ് ബ്ലാക് ഹോക്ക്സ് 3-2ന് അഹമ്മദാബാദ് ഡിഫെൻഡേഴ്സിനെ തോൽപ്പിച്ചു. ആദ്യസെറ്റ് നേടിയശേഷമായിരുന്നു അഹമ്മദാബാദ് ഡിഫെൻഡേഴ്സിന്റെ തോൽവി. സ്കോർ: 15-13, 9-15, 14-15, 11-15, 15-10.
ആദ്യ സെറ്റ് നഷ്ടപ്പെട്ടെങ്കിലും അതിശക്തമായി തിരിച്ചെത്തിയ ഹൈദരാബാദ് ബ്ലാക്ക് ഹോക്ക്സ് തുടർന്നുള്ള മൂന്ന് സെറ്റും സ്വന്തമാക്കി. മൂന്നാം സെറ്റിൽ മാത്രമാണ് ഇതിനിടെ അഹമ്മദാബാദ് ചെറുത്തുനിന്നത്. അഞ്ചാം സെറ്റ് സ്വന്തമാക്കിയ അഹമ്മദാബാദ് തോൽവിഭാരം 2-3 ആക്കി കുറച്ചു.