ജോക്കോവിച്ച് x സിറ്റ്സിപാസ് ഫൈനൽ
Sunday, January 29, 2023 12:40 AM IST
മെൽബണ്: പുരുഷ സിംഗിൾസിൽ 22 ഗ്രാൻസ്ലാം കിരീടം എന്ന സ്പാനിഷ് ഇതിഹാസം റാഫേൽ നദാലിന്റെ റിക്കാർഡിനൊപ്പം സെർബിയൻ സൂപ്പർ താരം നൊവാക് ജോക്കോവിച്ച് എത്തുമോ എന്നറിയാൻ ടെന്നീസ് ലോകം ഇന്നു മെൽബണിലേക്ക് ഉറ്റുനോക്കും.
2023 ഓസ്ട്രേലിയൻ ഓപ്പണ് ടെന്നീസ് പുരുഷ സിംഗിൾസ് ഫൈനലിൽ നൊവാക് ജോക്കോവിച്ചിന്റെ എതിരാളി മൂന്നാം സീഡായ ഗ്രീസിന്റെ സ്റ്റെഫാനോസ് സിറ്റ്സിപാസാണ്. ഫൈനലിൽ ജയിച്ചാൽ 22-ാം ഗ്രാൻസ്ലാം എന്ന ചരിത്രനേട്ടം ജോക്കോവിച്ചിനു സ്വന്തമാക്കാം. നിലവിൽ 21 ഗ്രാൻസ്ലാം നേട്ടങ്ങളുമായി രണ്ടാം സ്ഥാനത്താണ് ജോക്കോ.
മറുവശത്ത് കന്നി ഗ്രാൻസ്ലാം കിരീടം എന്ന ലക്ഷ്യവുമായാണ് സ്റ്റെഫാനോസ് സിറ്റ്സിപാസ് കോർട്ടിലിറങ്ങുന്നത്. കരിയറിൽ സിറ്റ്സിപാസിന്റെ രണ്ടാം ഗ്രാൻസ്ലാം ഫൈനലാണ്. 2021 ഫ്രഞ്ച് ഓപ്പണ് ഫൈനലിൽ പ്രവേശിച്ചെങ്കിലും ജോക്കോവിച്ചിനോട് പരാജയപ്പെട്ടിരുന്നു. ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 2.00നാണ് പുരുഷ സിംഗിൾസ് ഫൈനൽ ചാർട്ട് ചെയ്തിരിക്കുന്നത്.