വിംബിൾഡണ്‍: അട്ടിമറി തുടരുന്നു
Friday, July 1, 2022 12:41 AM IST
ലണ്ടൻ: വിംബിൾഡണ്‍ ടെന്നീസ് വനിതാ സിംഗിൾസിൽ വീണ്ടും അട്ടിമറി. ചെക് റിപ്പബ്ലിക്കിന്റെ ആറാം സീഡ് കരോളിന പ്ലീഷ്കോവ രണ്ടാം റൗണ്ടിൽ പുറത്ത്. പ്ലീഷ്കോവയെ വൈൽഡ് കാർഡ് എൻട്രിയായ ബ്രിട്ടന്റെ കേറ്റ് ബോൾട്ടർ 3-6, 7-6(7-4), 6-4ന് പരാജയപ്പെടുത്തി.
ചെക് താരം ബാർബെറ ക്രെജികോവ 6-3, 6-4ന് വിക്ടോറിയ ഗോലുബിച്ചിനെ പരാജയപ്പെടുത്തി. നാലാം സീഡായ സ്പെയിനിന്റെ പൗള ബഡോസ 6-3, 6-2ന് ഐറിന ബാറയെയും ചെക് താരം പെട്ര ക്വിറ്റോവ 6-1, 7-6(7-5) അന ബോഗ്ഡാനെയും മറികടന്ന് മൂന്നാം റൗണ്ടിലേക്ക് മുന്നേറി. എട്ടാം സീഡ് ജെസിക പെഗുല 4-6, 6-3, 6-1ന് ഹാരിയെറ്റ് ഡാർട്ടിനെ തോൽപ്പിച്ച് മൂന്നാം റൗണ്ടിൽ ഇടംപിടിച്ചു.
പുരുഷ സിംഗിൾസിൽ നാലാം സീഡ് സ്റ്റെഫാനോസ് സിറ്റ്സിപാസ് മൂന്നാം റൗണ്ടിൽ. രണ്ടാം റൗണ്ട് മത്സരത്തിൽ സിറ്റ്സിപാസ് 6-2, 6-3, 7-5ന് ജോർദാൻ തോംപ്സണെ പരാജയപ്പെടുത്തി.
അമേരിക്കയുടെ 11-ാം സീഡ് ടെയ്ലർ ഫ്രിറ്റ്സ് 6-3, 7-6(7-3), 6-3ന് ബ്രിട്ടന്റെ അലിസ്റ്റർ ഗ്രേയെ തോൽപ്പിച്ചു. നിക് കിർഗിയസ്, റിച്ചാർഡ് ഗാസ്കെ, ബോട്ടിക് വാൻ ഡെ സാൻഡ്സ്കൾപ്, ലോറൻസോ സൊനേഗൊ തുടങ്ങിയവരും മൂന്നാം റൗണ്ടിലെത്തി.