11 വർഷശേഷം എസി കൂൾ...
Tuesday, May 24, 2022 3:34 AM IST
മിലാൻ: ഇറ്റാലിയൻ സെരി എ ഫുട്ബോളിൽ നീണ്ട 11 വർഷത്തെ കാത്തിരിപ്പിനുശേഷം എസി മിലാൻ ചാന്പ്യന്മാർ. ചിരവൈരികളായ ഇന്റർമിലാനുമായി ഇഞ്ചോടിഞ്ച് പോരാട്ടം നടത്തിയാണ് എസി മിലാൻ ചാന്പ്യൻഷിപ്പ് ഉയർത്തിയത്. ലീഗിലെ അവസാന മത്സരത്തിൽ സസോളൊയെ മറുപടിയില്ലാത്ത മൂന്ന് ഗോളിനു കീഴടക്കിയതോടെ എസി മിലാൻ കിരീടത്തിൽ മുത്തമിട്ടു. എസി മിലാനായി ഒലിവിയെ ജിറൂ (17’, 32’) ഇരട്ട ഗോൾ നേടി. ഫ്രാങ്ക് കിയേസയുടെ (36’) വകയായിരുന്നു മറ്റൊരു ഗോൾ.
38 മത്സരങ്ങളിൽ എസി മിലാന് 86 പോയിന്റാണ്. രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ഇന്റർമിലാന് 84 പോയിന്റുണ്ട്. അവസാന ലീഗ് പോരാട്ടത്തിൽ ഇന്റർമിലാൻ 3-0ന് സംപ്ഡോറിയയെ കീഴടക്കിയിരുന്നു.
ബാഴ്സ തോറ്റ് അവസാനിപ്പിച്ചു
ബാഴ്സലോണ: 2021-22 സീസണ് ലാ ലിഗ ഫുട്ബോൾ പോരാട്ടം ബാഴ്സലോണ തോൽവിയോടെ അവസാനിപ്പിച്ചു. ഹോം ഗ്രൗണ്ടിൽ അരങ്ങേറിയ മത്സരത്തിൽ ബാഴ്സലോണ 0-2ന് വിയ്യാറയലിനോട് പരാജയപ്പെട്ടു. ബാഴ്സലോണ 38 മത്സരങ്ങളിൽ 73 പോയിന്റുമായി രണ്ടാം സ്ഥാനം സ്വന്തമാക്കി. 38 മത്സരങ്ങളിൽ 86 പോയിന്റോടെ റയൽ മാഡ്രിഡ് ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തു.