ബംഗ്ല കടുവകൾ കുരുക്കിൽ
Tuesday, October 19, 2021 12:02 AM IST
മസ്കറ്റ്: ഐസിസി ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റിന്റെ സൂപ്പർ 12ലേക്കുള്ള ടിക്കറ്റ് സാധ്യത സജീവമായി നിലനിർത്താൻ ബംഗ്ലാദേശ് ഇന്നു ജീവന്മരണപോരാട്ടത്തിന്. ആതിഥേയരായ ഒമാനാണു ബംഗ്ലാദേശിന്റെ ഇന്നത്തെ എതിരാളി. മറ്റൊരു മത്സരത്തിൽ സ്കോട്ട്ലൻഡ് പാപ്പുവ ന്യൂ ഗിനിയയെ നേരിടും.
ഗ്രൂപ്പ് ബിയിൽ തങ്ങളുടെ ആദ്യ മത്സരത്തിൽ ബംഗ്ലാദേശ് ആറു റണ്‍സിനു സ്കോട്ട്ലൻഡിനോടു പരാജയപ്പെട്ടിരുന്നു. സ്കോട്ട്ലൻഡ് മുന്നോട്ടുവച്ച 141 റണ്‍സ് എന്ന ലക്ഷ്യം പിന്തുടർന്ന ബംഗ്ലാദേശിന് 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 134 റണ്‍സ് എടുക്കാനേ സാധിച്ചുള്ളൂ.
മറുവശത്ത് ഒമാൻ രണ്ടാം ജയത്തിനാണു കളത്തിലെത്തുന്നത്. ഗ്രൂപ്പിലെ ആദ്യ രണ്ട് സ്ഥാനക്കാരാണ് സൂപ്പർ 12 പോരാട്ടത്തിനു യോഗ്യത സ്വന്തമാക്കുക.