രാഹുൽ ദ്രാവിഡ് അപേക്ഷ നൽകും
Monday, October 18, 2021 12:31 AM IST
മുംബൈ: രാഹുൽ ദ്രാവിഡ് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യപരിശീലകനാകാൻ അപേക്ഷ സമർപ്പിക്കും. ഇന്ത്യയുടെ അടുത്ത പരിശീലകനായി ദ്രാവിഡ് വരുമെന്ന് ഉറപ്പായെങ്കിലും എല്ലാം ഔദ്യോഗികമായി നടക്കേണ്ടതിനാണ് അദ്ദേഹം അപേക്ഷ നല്കുന്നത്. മുഖ്യ പരിശീലകനായും മൂന്നു സപ്പോർട്ട് സ്റ്റാഫിനായും ബിസിസിഐ ഇന്നലെ പരസ്യം നൽകിയിരുന്നു.
ടീമിന്റെ മുഖ്യ പരിശീലകനാകാൻ ആദ്യം വിമുഖത പ്രകടിപ്പിച്ച ദ്രാവിഡ് കടുത്ത സമ്മർദത്തിനൊടുവിൽ സമ്മതമറിയിച്ചതായാണു റിപ്പോർട്ട്. നിലവിൽ നാഷണൽ ക്രിക്കറ്റ് അക്കാഡമി (എൻസിഎ) തലവനാണ് ദ്രാവിഡ്. ദ്രാവിഡിനൊപ്പം ബൗളിംഗ് കോച്ചായി പരസ് മാംബ്രെ എത്തുമെന്നാണു സൂചന.
ട്വന്റി-20 ലോകകപ്പിനുശേഷം ഇന്ത്യൻ ടീമിന്റെ പരിശീലകനായി രവി ശാസ്ത്രിയുടെ കാലവധി പൂർത്തിയാകും. ശാസ്ത്രിക്കൊപ്പം ബൗളിംഗ് കോച്ച് ഭരത് അരുണും ഫീൽഡിംഗ് കോച്ച് ആർ. ശ്രീധറും പടിയിറങ്ങും.