ലിവർ ത്രില്ലർ
Thursday, September 16, 2021 11:56 PM IST
ലിവർപൂൾ: ചാന്പ്യൻസ് ലീഗ് ഫുട്ബോളിലെ സൂപ്പർ ത്രില്ലർ പോരാട്ടത്തിൽ ഇംഗ്ലീഷ് ഗ്ലാമർ സംഘമായ ലിവർപൂൾ 3-2ന് ഇറ്റാലിയൻ കരുത്തരായ എസി മിലാനെ കീഴടക്കി.
സെൽഫ് ഗോളിലൂടെ ഒന്പതാം മിനിറ്റിൽ മുന്നിലെത്തിയെങ്കിലും രണ്ടു മിനിറ്റിന്റെ ഇടവേളയിൽ രണ്ടു ഗോൾ വഴങ്ങി 2-1നു പിന്നിലായശേഷമാണ് ലിവർപൂളിന്റെ ജയം. മുഹമ്മദ് സല (48’), ജോർഡൻ ഹെൻഡേഴ്സണ് (69’) എന്നിവരാണ് ലിവർപൂളിനായി ഗോൾ നേടിയത്. ആന്ദ്രെ റെബിച്ച് (42’), ബ്രാഹിം ഡിയസ് (44’) എന്നിവർ മിലാനായും വലകുലുക്കി.
ജെറാർഡിനൊപ്പം സല
ആൻഫീൽഡിൽ ലിവർപൂളിനായി യൂറോപ്യൻ പോരാട്ടത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ ഇതിഹാസതാരം സ്റ്റീവൻ ജെറാർഡിനൊപ്പം മുഹമ്മദ് സല എത്തി. ഇരുവർക്കും 14 ഗോൾ വീതമാണുള്ളത്. മത്സരത്തിന്റെ 14-ാം മിനിറ്റിൽ ലിവർപൂളിനു ലഭിച്ച പെനൽറ്റി കിക്ക് പക്ഷേ, സലയ്ക്ക് ലക്ഷ്യത്തിലെത്തിക്കാൻ സാധിച്ചില്ല.