യുവതുർക്കികൾ 4
Wednesday, September 16, 2020 11:23 PM IST
ഇന്ത്യൻ ക്രിക്കറ്റിന്റെ ആഘോഷമുഖമായ ഐപിഎൽ ട്വന്റി-20 പോരാട്ടത്തിനു തുടക്കം കുറിക്കാൻ ഇനിയുള്ളത് രണ്ട് ദിനത്തിന്റെ ദൂരം മാത്രം. കോവിഡ്-19 മഹാമാരിയിൽ മുങ്ങിപ്പോകാതെ ബിസിസിഐ കൈപിടിച്ചുയർത്തിയ 13-ാം എഡിഷൻ ഐപിഎലിന് ശനിയാഴ്ച യുഎഇയിലെ കൃത്രിമ പച്ചപ്പിൽ ടോസ് വീഴുന്പോൾ ആവേശം തിരതല്ലുന്നത് ഓരോ ആരാധകരുടെയും ഹൃദയങ്ങളിലാണ്. മലയാളികളുടെ അനവധി സ്വപ്നങ്ങൾ പൂവണിയാൻ ഒപ്പമുണ്ടായിരുന്ന ഗൾഫിൽ ഇത്തവണത്തെ ഐപിഎൽ മിഴിതുറക്കുന്പോൾ പ്രതീക്ഷയോടെ നിരവധി യുവതാരങ്ങളും കളത്തിലെത്തും.
ഈ സീസണിലൂടെ ഐപിഎൽ അരങ്ങേറ്റത്തിനൊരുങ്ങുന്ന, ടൂർണമെന്റിൽ തങ്ങളുടെ കൈയൊപ്പ് ചാർത്താൻ തയാറെടുക്കുന്ന ഇന്ത്യൻ യുവതുർക്കികൾ...
യശസ്വി ജയ്സ്വാൾ
ടീം: രാജസ്ഥാൻ റോയൽസ് / വില: 2.4 കോടി രൂപ
ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവി വാഗ്ദാനമാണു പതിനെട്ടുകാരനായ ഇടംകൈ ബാറ്റ്സ്മാനായ യശസ്വി. മുംബൈ തെരുവിൽ പാനിപൂരി വിറ്റ് നടന്നതുൾപ്പെടെയുള്ള കഠിന വഴികളിലൂടെയാണ് യശസ്വി ഇവിടെത്തിയത്. രാജസ്ഥാൻ റോയൽസ് 2.4 കോടി രൂപയ്ക്ക് ഇത്തവണത്തെ ലേലത്തിൽ യശസ്വിയെ സ്വന്തമാക്കി. 2020 അണ്ടർ 19 ഐസിസി ലോകകപ്പിൽ ആറ് മത്സരങ്ങളിൽനിന്ന് 400 റണ്‍സ് അടിച്ചെടുത്ത് പരന്പരയുടെ താരമായിരുന്നു. ലിസ്റ്റ് എ ക്രിക്കറ്റിൽ ഇരട്ട സെഞ്ചുറി നേടിയ ഏറ്റവും പ്രായം കുറഞ്ഞ താരവും ഉത്തർപ്രദേശിൽ ജനിച്ച യശസ്വി ജയ്സ്വാൾ തന്നെ. റോയൽസ് ജഴ്സിൽ തിളങ്ങാനുള്ള തയാറെടുപ്പിലാണ് താരം.
രവി ബിഷ്ണോയി
ടീം: കിംഗ്സ് ഇലവണ്‍ / വില: 2.00 കോടി
പഞ്ചാബ് സംഘമായ കിംഗ്സ് ഇലവണ്‍ ഇത്തവണത്തെ ഐപിഎൽ ലേലത്തിൽ സ്വന്തമാക്കിയ ഇരുപതുകാരനായ ലെഗ് സ്പിന്നറാണ് രവി ബിഷ്ണോയി. അത്യാവശ്യഘട്ടങ്ങളിൽ ബാറ്റുകൊണ്ടും പോരാടാനുള്ള കഴിവുണ്ട്. രണ്ട് കോടി രൂപ മുടക്കി കിംഗ്സ് ഇലവണ്‍ ഈ രാജസ്ഥാൻ സ്വദേശിയെ ടീമിലെത്തിച്ചു. 2020 ഐസിസി അണ്ടർ 19 ലോകകപ്പിൽ ഏറ്റവും അധികം വിക്കറ്റ് സ്വന്തമാക്കി. കിംഗ്സ് ഇലവണ്‍ ക്യാപ്റ്റൻ ആർ. അശ്വിൻ, അഫ്ഗാനിസ്ഥാന്റെ മുജീബ് ഉർ റഹ്മാൻ എന്നിവർക്കൊപ്പം ബിഷ്ണോയിയും ചേരുന്പോൾ ഐപിഎലിലെ ഏറ്റവും മികച്ച സ്പിൻ നിരയാകുമത്.
പ്രിയം ഗാർഗ്
ടീം: സണ്‍റൈസേഴ്സ് / വില: 1.9 കോടി രൂപ
വലംകൈ മധ്യനിര ബാറ്റ്സ്മാനാണ് പത്തൊന്‍പതുകാരനായ പ്രിയം ഗാർഗ്. ഉത്തർപ്രദേശിനായി 2018-19 സീസണ് രഞ്ജി ക്രിക്കറ്റിൽ ഇരട്ട സെഞ്ചുറി നേടിയിരുന്നു. 1.9 കോടി രൂപയ്ക്കാണ് സണ്‍റൈസേഴ്സ് ഹൈദരാബാദ് കൗമാരതാരത്തെ ടീമിലെത്തിച്ചത്. 2020 ഐസിസി ഏകദിന അണ്ടർ 19 ലോകകപ്പിൽ ഇന്ത്യയെ നയിച്ചത് പ്രിയം ഗാർഗ് ആയിരുന്നു. വെടിക്കെട്ട് ഓപ്പണർമാരുള്ള സണ്‍റൈസേഴ്സിന്റെ മധ്യനിരയിലെ വിശ്വസ്തനാകാനുള്ള തയാറെടുപ്പിലാണു താരം. കെയ്ൻ വില്യംസണിനൊപ്പം മധ്യനിരയിൽ കരുത്തുപകരാൻ ഈ കൗമാരതാരത്തിനു സാധിക്കുമെന്നാണു വിലയിരുത്തൽ.
കാർത്തിക് ത്യാഗി
ടീം: രാജസ്ഥാൻ റോയൽസ് / വില: 1.3 കോടി
ഭാവിവാഗ്ദാനങ്ങൾക്കായി ഇത്തവണ പണം എറിഞ്ഞ രാജസ്ഥാൻ റോയൽസ് സ്വന്തമാക്കിയ മറ്റൊരു കൗമാര താരമാണ് കാർത്തിക് ത്യാഗി എന്ന പത്തൊന്പതുകാരൻ. 2017-18ൽ വിജയ് ഹസാരെ ട്രോഫിയിലൂടെ ലിസ്റ്റ് എ ക്രിക്കറ്റിൽ ഉത്തർപ്രദേശിനായി ത്യാഗി അരങ്ങേറ്റം നടത്തി. 2020 ഐസിസി അണ്ടർ 19 ലോകകപ്പിൽ ഇന്ത്യൻ ടീമിന്റെ ഭാഗമായിരുന്നു. ലോകകപ്പ് ക്വാർട്ടറിൽ നാല് വിക്കറ്റ് നേട്ടത്തോടെ ശ്രദ്ധപിടിച്ചുപറ്റി. രണ്ട് വശത്തേക്കും സ്വിംഗ് ചെയ്യിക്കാനുള്ള കഴിവ് താരത്തിനുണ്ട്. 140 കിലോമീറ്റർ ശരാശരി വേഗത്തിലാണ് പന്ത് എറിയുന്നതെന്നതും കാർത്തിക്കിനെ അപകടകാരിയാക്കുന്നു.