ആഴ്സണലിനു ജയം
Wednesday, April 17, 2019 12:55 AM IST
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ആഴ്സണലിനു ജയം. പോയിന്റ് ടേബിളിൽ ആദ്യ നാലിൽ ഫിനിഷ് ചെയ്യാനുള്ള ഉദ്യമത്തിനു കരുത്തേകുന്നതായിരുന്നു ആഴ്സണലിന്റെ ജയം. എവേ പോരാട്ടത്തിൽ വാറ്റ്ഫോഡിനെ 0-1നാണ് ആഴ്സണൽ കീഴടക്കിയത്. 11-ാം മിനിറ്റിൽ ടോറി ഡീനെ ചുവപ്പ് കാർഡ് കണ്ട് പുറത്തായതോടെ വാറ്റ്ഫോഡ് പത്ത് പേരായി ചുരുങ്ങിയിരുന്നു. 10-ാം മിനിറ്റിൽ എംറിക് ഒൗബമെയാംഗ് ആഴ്സണലിനെ മുന്നിലെത്തിച്ചതിനു പിന്നാലെയായിരുന്നു ചുവപ്പ് കാർഡ്. പത്ത് പേരായി ചുരുങ്ങിയിട്ടും വാറ്റ്ഫോഡ് പിന്നീട് ഗോൾ വഴങ്ങാതെ നിന്നു.
33 മത്സരങ്ങൾ പൂർത്തിയായപ്പോൾ 66 പോയിന്റുമായി ആഴ്സണൽ നാലാം സ്ഥാനത്താണ്. 34 മത്സരങ്ങളിൽനിന്ന് 85 പോയിന്റുമായി ലിവർപൂളാണ് ഒന്നാമത്. ലിവർപൂൾ സ്വന്തം തട്ടകത്തിൽവച്ച് 2-0ന് ചെൽസിയെ കീഴടക്കിയതോടെയാണ് ലീഗിന്റെ തലപ്പത്ത് വീണ്ടുമെത്തിയത്. 33 മത്സരങ്ങളിൽനിന്ന് 83 പോയിന്റുമായി മാഞ്ചസ്റ്റർ സിറ്റിയും 67 പോയിന്റുമായി ടോട്ടനവും രണ്ടും മൂന്നും സ്ഥാനങ്ങളിലാണ്. 34 മത്സരങ്ങളിൽനിന്ന് 66 പോയിന്റുമായി ചെൽസി അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.